അർജുൻ ഓടിക്കുന്ന ലോറിയുടെ ഉടമയയായ മനാഫിനെ പൊലീസ് ഉദ്യോഗസ്ഥർ മർദിക്കുന്ന ദൃശ്യങ്ങളും ന്യൂസ് മലയാളത്തിന് ലഭിച്ചു. രക്ഷാപ്രവർത്തനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയതിനാണ് മനാഫിനെ പൊലീസ് കൈയ്യേറ്റം ചെയ്തത്. രക്ഷാദൗത്യത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയതിന് കാർവാർ എസ്‌പി മനാഫിൻ്റെ മുഖത്തടിച്ചെന്നും തള്ളിമാറ്റിയെന്നും റിപ്പോർട്ടുണ്ട്. ഇതിൻ്റെ വീഡിയോകളും ന്യൂസ് മലയാളം പുറത്തുവിട്ടു.
കർണാടക പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ബന്ധു ജിതിനും രംഗത്ത്. കർണാടക സർക്കാരിൻ്റെ രക്ഷാപ്രവർത്തനത്തിൽ തൃപ്തിയില്ല. ജില്ലാ ഭരണകൂടം അലംഭാവം തുടരുകയാണ്. ഒരു ജീവന് വില നൽകാതെയുള്ള പ്രവർത്തനമാണ് നടത്തുന്നതെന്നും ജിതിൻ വിമർശിച്ചു. സൈന്യത്തെ കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയോട് ആവശ്യപ്പെട്ടപ്പോൾ രണ്ട് ദിവസം കാത്തിരിക്കണമെന്നാണ് മറുപടി നൽകിയതെന്നും ജിതിൻ പറഞ്ഞു.
അതേസമയം, കർണാടക സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ വിശ്വാസം കുറഞ്ഞെന്നും രക്ഷാപ്രവർത്തനത്തിന് സൈന്യം ഇറങ്ങണമെന്നും ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ അമ്മ ഷീല ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് ആളുകളെ വിടണമെന്നും രക്ഷാപ്രവർത്തനത്തിൻ്റെ പുരോഗതി പുറംലോകത്തെ അറിയിക്കണമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
"വാഹന ഉടമയെ പൊലീസ് ബുദ്ധിമുട്ടിച്ചു. മകനെ കാണാതായത് മുതൽ കർണാടക, കേരളാ പൊലീസുകാരെ ബന്ധപ്പെട്ടിരുന്നു. പിന്നീട് അനക്കം ഇല്ലാതായതോടെയാണ് ജനപ്രതിനിധികളെ സമീപിച്ചത്. രാത്രി 10.30ന് അംങ്കോല പൊലീസിനെ ബന്ധപ്പെട്ടപ്പോൾ, നേരത്തെ തന്നെ വാഹന ഉടമ അറിയിച്ചു എന്ന മറുപടിയാണ് കിട്ടിയത്," ഷീല പറഞ്ഞു. അഞ്ച് ദിവസമായിട്ടും എന്തുകൊണ്ട് കർണാടക സർക്കാരിന് അർജുനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും സൈന്യം വരേണ്ടതില്ലെന്നതാണ് കർണാടക സർക്കാരിന്റെ നിലപാടെന്നും സഹോദരി അഞ്ജുവും വിമർശിച്ചു.