യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 
NEWSROOM

"ഉറക്കവും യാത്രാക്ഷീണവും പരാജയ കാരണം"; സംവാദത്തിലെ തിരിച്ചടിക്ക് കാരണം വെളിപ്പെടുത്തി ബൈഡൻ

മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല എന്നുമാത്രമല്ല, ട്രംപ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുന്നതിലും കുഴങ്ങി

Author : ന്യൂസ് ഡെസ്ക്

റിപ്പബ്ലിക്കൻ ‌പാർട്ടി സ്ഥാനാർഥിയും എതിരാളിയുമായ ഡൊണാൾഡ് ട്രംപിനെതിരായ സംവാദത്തിലെ തൻ്റെ മോശം പ്രകടനത്തിന് കാരണം വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ജെറ്റ് വിമാനം വൈകിയതും അതേ തുടർന്ന് തനിക്ക് ഉറക്കം വന്നതുമാണ് തിരിച്ചടിയായതെന്ന് അദ്ദേഹം വിശദീകരിച്ചു. താൻ ഒഴിവ് കഴിവ് പറയുകയല്ലെന്നും, ഇതാണ് തൻ്റെ വിശദീകരണമെന്നും ബൈഡൻ വ്യക്തമാക്കി. ഒരു ഫണ്ട് റെയ്സിങ് പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ബൈഡന്റെ വിശദീകരണം.

സംവാദത്തിന് തൊട്ടുമുൻപ് ഒരു വിനോദ യാത്രയിലായിരുന്നു താനെന്നും, ജീവനക്കാർ പറഞ്ഞത് അനുസരിക്കാതിരുന്നത് വിനയായെന്നും ബൈഡൻ പറഞ്ഞു. ഒഴിവ് ദിവസങ്ങൾ ചിലവിടാൻ ഫ്രാൻസിലേക്കും ഇറ്റലിയിലേക്കും യാത്ര ചെയ്യുകയായിരുന്നു ബൈഡൻ. 

അബദ്ധം പിണഞ്ഞ ബൈഡന്, ട്രംപുമായുള്ള സംവാദത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല, ട്രംപ് ഉന്നയിച്ച ആരോപണങ്ങളിൽ മറുപടി പറയാനും സാധിച്ചില്ല. തനിക്ക് ശേഷം പ്രസിഡന്റായ ബൈഡനെ സമ്പദ്‌വ്യവസ്ഥയിലും ലോക വേദികളിലും പരാജയമെന്ന് വിശേഷിപ്പിച്ചു കൊണ്ട് ട്രംപ് ആഞ്ഞടിക്കുകയും ചെയ്തു. പല തവണ മറുപടി പറയാൻ ശ്രമിച്ചുവെങ്കിലും, താരതമ്യേന പതിഞ്ഞ ശബ്ദവും വാക്കുകൾ ഉപയോ​ഗിക്കുമ്പോഴുള്ള പിഴവുമെല്ലാം ബൈഡന് വിനയായി.

ആദ്യമായാണ് യുഎസ് പ്രസിഡണ്ടും, മുൻ പ്രസിഡണ്ടും തമ്മിൽ ഇത്തരത്തിൽ ഒരു സംവാ‍ദത്തിൽ ഏർപ്പെടുന്നതും, ചരിത്രത്തിലെ ഏറ്റവും മോശം ഭരണാധികാരിയെന്ന് പരസ്പരം കുറ്റപ്പെടുത്തുന്നതും. സംവാദത്തെക്കുറിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായ കരീൻ ജീൻ പിയറും പ്രതികരിച്ചു. അതൊരു മോശം രാത്രി ആയിരുന്നുവെന്നും തിരിച്ചുവരാൻ ബൈഡന് അറിയാമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.


SCROLL FOR NEXT