NEWSROOM

എൻഎസ്എസിന് പിന്നാലെ എസ്എൻഡിപിയും; ശിവഗിരി പദയാത്ര സമ്മേളനം ഉദ്ഘാടകനായി ചെന്നിത്തലയ്ക്ക് ക്ഷണം

പ്രബലമായ രണ്ട് സമുദായ സംഘടനകൾ ചെന്നിത്തലയോട് താൽപര്യം പ്രകടിപ്പിച്ചതോടെ കോൺഗ്രസിൽ ചർച്ചകൾ സജീവമാവുകയാണ്

Author : ന്യൂസ് ഡെസ്ക്


എൻഎസ്എസിന് പിന്നാലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വേദിയൊരുക്കി എസ്എൻഡിപിയും. കോട്ടയം വൈക്കം യൂണിയൻ്റെ ശിവഗിരി പദയാത്ര സമ്മേളനത്തിന്റെ ഉദ്ഘാടനകായി ക്ഷണം. മന്നം ജയന്തി ആഘോഷങ്ങളിലേക്കാണ് കഴി‍ഞ്ഞ ​ദിവസം എൻഎസ്എസ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചത്. പ്രബലമായ രണ്ട് സമുദായ സംഘടനകൾ ചെന്നിത്തലയോട് താൽപ്പര്യം പ്രകടിപ്പിച്ചതോടെ കോൺഗ്രസിൽ ചർച്ചകൾ സജീവമാവുകയാണ്.

11 വർഷത്തിന് ശേഷമാണ് എൻഎസ്എസ് ഒരു പരിപാടിയിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിക്കുന്നത്. 2013ൽ ജി. സുകുമാരൻ നായരുടെ താക്കോൽസ്ഥാന പ്രസ്താവനയ്ക്ക് ശേഷം എൻഎസ്എസും ചെന്നിത്തലയും അകൽച്ചയിലായിരുന്നു. കോൺഗ്രസ് താക്കോൽസ്ഥാനത്തേക്ക് ഭൂരിപക്ഷ പ്രതിനിധിയായ രമേശ് ചെന്നിത്തലയെ കൊണ്ടുവരണമെന്നായിരുന്നു സുകുമാരൻ നായരുടെ പ്രസ്താവന. കോൺഗ്രസും രമേശ് ചെന്നിത്തലയും പ്രസ്താവനയെ തള്ളിയതോടെ എൻഎസ്എസ് ഔദ്യോഗിക പരിപാടികളിലേക്ക് ചെന്നിത്തലയെ ക്ഷണിക്കാറില്ലായിരുന്നു.

എൻഎസ്എസിന്റെ മന്നം ജയന്തി പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. വിളിച്ചതിൽ വളരെ സന്തോഷം. പരിപാടിയിൽ പങ്കെടുക്കും. അതേ കുറിച്ചുള്ള വിശദാംശങ്ങളെ കുറിച്ച് ഇപ്പോൾ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത്. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 2നാണ് ചെന്നിത്തല പെരുന്നയിൽ എത്തുക. പരിപാടിയിൽ അ​​ദ്ദേഹം മുഖ്യപ്രഭാഷണം നടത്തും.

SCROLL FOR NEXT