NEWSROOM

58 വയസുള്ള നായകന് 27 വയസുകാരി നായിക; അക്ഷയ് കുമാറിനും ബാലകൃഷ്ണയ്ക്കും, രവി തേജയ്ക്കും മാത്രമല്ല ട്രോളെന്ന് സോഷ്യൽ മീഡിയ

അതേസമയം പുതിയ വിവാദം ഫാൻ ഫൈറ്റിൻ്റെ ഭാഗമാണോയെന്ന തരത്തിലുള്ള ചർച്ചകളും മറുവശത്ത് ഉയരുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് വീര ധീര ശൂരൻ. ഒരു ഫാമിലി- ആക്ഷൻ എന്റർടെയ്നറെന്നുകൂടി അവകാശപ്പെടുന്ന ചിത്രത്തിൻ്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. റിലീസ് ചെയ്ത് കുറച്ചു സമയത്തിനകം തന്നെ ടീസർ തരംഗമായിരുന്നു. എന്നാൽ അതോടൊപ്പം തന്നെ പുതിയൊരു വിമർശനം കൂടി സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

ചിത്രത്തിൽ 58 വയസുകാരനായ വിക്രത്തിന് നായികയായി എത്തുന്നത് 27 കാരിയായ ദുഷാര വിജയനാണ്. ഇവർ തമ്മിലുള്ള 30 വയസിൻ്റെ പ്രായ വ്യത്യാസമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഹിന്ദിയില്‍ അക്ഷയ് കുമാറിനെയും, തെലുങ്കില്‍ ബാലകൃഷ്ണയെയും രവിതേജയെയും ഒക്കെ ട്രോളുന്ന പോലെ തന്നെ ഇതും ട്രോളാകുമെന്ന് പലരും കമൻ്റ് ചെയ്തു.

ചിത്രത്തിലെ വളരെ ഇന്‍റിമേറ്റായ സീനുകള്‍ അടക്കം നായികാ-നായകൻ കോമ്പോ സീനുകൾ ക്രിഞ്ചായിരിക്കുമെന്നും പലരും പറയുന്നു. ചിറ്റ എന്ന ശ്രദ്ധേയമായ ചിത്രം ഒരുക്കിയ എസ്.യു. അരുൺകുമാറിന്‍റെ ചിത്രമാണ് വീര ധീര ശൂരൻ. ചിറ്റ ഒരു 15 കൊല്ലം മുന്‍പ് എടുത്താന്‍ സിദ്ധാര്‍ത്ഥിന്‍റെ വേഷം വിക്രവും അതിലെ പെണ്‍കുട്ടിയുടെ വേഷം ദുഷാരയും ചെയ്യുമായിരുന്നു എന്നാണ് മറ്റു ചിലരുടെ കമൻ്റ്. അതേസമയം പുതിയ വിവാദം ഫാൻ ഫൈറ്റിൻ്റെ ഭാഗമാണോയെന്ന തരത്തിലുള്ള ചർച്ചകളും മറുവശത്ത് ഉയരുന്നുണ്ട്.



വിക്രമിനൊപ്പം എസ് ജെ സൂര്യയും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വറാണ്. വീര ധീര ശൂരന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. ജി കെ പ്രസന്ന എഡിറ്റിംഗും സി എസ് ബാലചന്ദർ കലാസംവിധാനവും നിർവ്വഹിക്കുന്നു.

SCROLL FOR NEXT