മലപ്പുറത്തെ എസ്‌ഒജി കമാൻഡോ വിനീത് ജീവനൊടുക്കിയ സംഭവത്തിൽ അസിസ്റ്റന്റ് കമാൻഡൻ്റ് അജിത്തിനെതിരെ ആരോപണവുമായി വിനീതിന്റെ കുടുംബം. വിനീതിന്റെ ആത്മഹത്യക്ക് കാരണം അജിത്താണ്. സഹപ്രവർത്തകൻ ഗുരുതരാവസ്ഥയിൽ കിടന്നപ്പോൾ ആശുപതിയിൽ കൊണ്ടുപോകാൻ ശ്രമിച്ചതിന് അജിത്തിന് വിനീതിനോട് പകയുണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. അവധി നൽകാതെ പീഡിപ്പിച്ചു. വിനീതിന്റെ മൃതദേഹം ആശുപത്രിയിലെ ശുചിമുറിക്കു മുന്നിലാണ് വെച്ചത് സംഭവത്തിൽ വിശദമായ അന്വേഷണമാണ് വേണ്ടത്. അജിത്തിനെ മാറ്റിനിർത്തി അന്വേഷിക്കണം. ഇതാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും കുടുംബം പറഞ്ഞു. അതേസമയം, അസിസ്റ്റന്റ് കമാൻഡൻ്റ് അജിത്തിനെതിരെ എസ്‌ഒജി ക്യാമ്പിലെ കമാൻഡോകൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നാണ് സഹപ്രവർത്തകർ മൊഴി നൽകിയത്. സുഹൃത്തിൻ്റെ മരണത്തിലെ വീഴ്ച വിനീത് ചോദ്യം ചെയ്തതാണ് വ്യക്തിവൈരാഗ്യത്തിന് കാരണമെന്നാണ് ക്യാമ്പ് അംഗങ്ങൾ പറയുന്നത്. 2021 സെപ്റ്റംബർ 16 ന് വിനീതിന്റെ സുഹൃത്ത് സുനീഷ് മരിക്കുന്നത്. എസ്‌ഒജി ക്യാമ്പിലെ ട്രെയിനിങ്ങിനിടെയായിരുന്നു വയനാട് സ്വദേശിയായ സുനീഷിൻ്റെ മരണം. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയന്ന ആരോപണം അന്നേ ഉയർന്നിരുന്നു. സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും എസി അജിത്ത് സമ്മതിച്ചില്ലെന്നാണ് ആരോപണം.
ALSO READ: SOG കമാൻഡോയുടെ മരണം: AC അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം; സഹപ്രവർത്തകരുടെ മൊഴി പുറത്ത്
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുനീഷിന്റെ ജീവൻ നഷ്ടമായിരുന്നു. തൻ്റെ സുഹൃത്തിൻ്റെ മരണത്തിൽ വിനീത് ശക്തമായി പ്രതികരിച്ചു. എസി അജിത്തിനെതിരെ വിനീത് ശബ്ദമുയർത്തി. ഇതോടെയാണ് അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം തുടങ്ങുന്നതെന്നാണ് സഹപ്രവർത്തകർ മൊഴി നൽകിയത്. വിനീതിന്റെ ആത്മഹത്യക്ക് കാരണം ഉദ്യോഗസ്ഥ പീഡനം തന്നെയാണെന്നും സഹപ്രവർത്തകർ മൊഴി നൽകി. കഴിഞ്ഞ ഞായറാഴ്ചയാണ് കമാൻഡർ വിനീത്, അരീക്കോട് എസ്‌ഒജി ക്യാമ്പിൽ വച്ച് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയത്. വെടിയേറ്റ് തലയോട്ടി തകർന്ന നിലയിലാണ് വിനീതിന്റെ മൃതദേഹം കണ്ടെത്തിയത്. 14 വർഷമായി ഇന്ത്യൻ റിസർവ് ബറ്റാലിയൻ്റെ ഭാഗമായിരുന്ന വിനീത് കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു.