NEWSROOM

'പാകിസ്ഥാന്‍ യുവതിയുമായുള്ള വിവാഹത്തിന് അനുമതി ലഭിച്ചിരുന്നു'; ജോലിയില്‍ നിന്ന് പിരിച്ചുവിട്ട സിആര്‍പിഎഫ് ജവാന്‍

ജോലിയില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുനീർ അഹമ്മദ്

Author : ന്യൂസ് ഡെസ്ക്

പാകിസ്ഥാന്‍ പൗരയെ വിവാഹം ചെയ്ത വിവരം മറച്ചു വെച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിആര്‍പിഎഫ് ജവാന്‍. വിവാഹത്തിന് അനുമതി ലഭിച്ചിരുന്നുവെന്നും ഇതിനു ശേഷം ഒരു മാസം കഴിഞ്ഞായിരുന്നു വിവാഹമെന്നുമാണ് സിആര്‍പിഎഫ് ട്രൂപ്പര്‍ ആയിരുന്ന മുനീര്‍ അഹമ്മദിന്റെ വിശദീകരണം. 

2017 ലാണ് ജമ്മുവിലെ ഗരോട്ട സ്വദേശിയായ മുനീര്‍ അഹമ്മദ് സിആര്‍പിഎഫില്‍ ജോലിയില്‍ പ്രവേശിച്ചത്. ജോലിയില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. പാകിസ്ഥാന്‍ സ്വദേശിയ വിവാഹം ചെയ്ത കാര്യം മറച്ചുവെച്ചുവെന്നാരോപിച്ചാണ് മുനീറിനെ ജോലിയില്‍ നിന്നും പരിച്ചുവിട്ടത്.

മാധ്യമങ്ങളിലൂടെയാണ് തന്നെ പുറത്താക്കിയ വാര്‍ത്ത അറിഞ്ഞത്. ഇതിനു ശേഷമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം ലഭിക്കുന്നത്. വിവാഹത്തിനു മുമ്പ് തന്നെ അനുമതി തേടിയിരുന്നതാണ്. ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് ഞെട്ടിക്കുന്നതാണെന്നും മുനീര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവരം മറച്ചുവെക്കുകയും വിസാ കാലാവധി തീര്‍ന്നിട്ടും യുവതിയെ ഇന്ത്യയില്‍ തന്നെ പിടിച്ചുവെക്കുകയും ചെയ്തതിലാണ് നടപടിയെന്നാണ് സിആര്‍പിഎഫ് പ്രസ്താവനയില്‍ പറയുന്നത്.

മുനീര്‍ അഹമ്മദിന്റെ ഭാര്യയായ മിനാല്‍ ഖാന് രാജ്യം വിടാനുള്ള ഉത്തരവ് ലഭിച്ചിരുന്നു. ഇവര്‍ അട്ടാരി-വാഗ അതിര്‍ത്തി വരെ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ജമ്മു-കശ്മീര്‍ ഹൈക്കോടതിയില്‍ നിന്നും ഇളവ് ലഭിച്ചതിന് പിന്നാലെ ഇവര്‍ ഇന്ത്യയില്‍ തന്നെ തുടരുകയായിരുന്നു. 10 ദിവസം കൂടി ഇന്ത്യയില്‍ തുടരാനാണ് ഏപ്രില്‍ 29ന് കോടതി ഉത്തരവിട്ടത്.

ഫെബ്രുവരി 28 നാണ് അട്ടാരി-വാഗ അതിര്‍ത്തി വഴി മിനാല്‍ ഖാന്‍ ഇന്ത്യയില്‍ എത്തിയത്. മാര്‍ച്ച് 22 ന് മിനാലിന്റെ വിസ കാലാവധി അവസാനിച്ചിരുന്നു. പാകിസ്ഥാന്‍ പൗരനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചു കൊണ്ട് 2022 ഡിസംബര്‍ 31 ന് അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നതായി മുനീര്‍ പറയുന്നു. തുടര്‍ന്ന് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുകള്‍, വിവാഹ കുറിപ്പ്, സത്യവാങ്മൂലം എന്നിവ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഈ രേഖകള്‍ക്കൊപ്പം മാതാപിതാക്കളുടേയും സര്‍പഞ്ച്, ജില്ലാ വികസന കൗണ്‍സില്‍ അംഗം എന്നിവരുടെ സത്യവാങ്മൂലവും സമര്‍പ്പിച്ചു. തുടര്‍ന്ന് 2024 ഏപ്രില്‍ 30 ന് അനുമതിയും ലഭിച്ചുവെന്നാണ് മുനീര്‍ വ്യക്തമാക്കുന്നത്.


ഇതുകൂടാതെ, എന്‍ഒസി സര്‍ട്ടിഫിക്കറ്റിനും അപേക്ഷിച്ചിരുന്നെങ്കിലും അത്തരമൊരു വ്യവസ്ഥ ഇല്ലെന്നും, വിദേശ പൗരനുമായുള്ള വിവാഹത്തെ കുറിച്ച് സര്‍ക്കാരിനെ അറിയിച്ചു കൊണ്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്നും മുനീര്‍ ചൂണ്ടിക്കാട്ടി.


കഴിഞ്ഞ വര്‍ഷം മെയ് 24 ന് വീഡിയോ കോളിലൂടെയാണ് വിവാഹം നടന്നത്. ജോലി ചെയ്യുന്ന 72 ബറ്റാലിയനില്‍ വിവാഹ ചിത്രങ്ങളും നിക്കാഹിന്റെ രേഖകളും സമര്‍പ്പിച്ചിരുന്നു. ഫെബ്രുവരി 28 ന് പതിനഞ്ച് ദിവസത്തെ വിസയ്ക്കാണ് ഭാര്യ ആദ്യമായി ഇന്ത്യയില്‍ എത്തിയത്. മാര്‍ച്ചില്‍ തന്നെ ദീര്‍ഘകാല വിസയ്ക്കായി അപേക്ഷിച്ചിരുന്നു. ഇതിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തു.


അവധി അവസാനിച്ചപ്പോള്‍ താന്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചുവെന്നും മാര്‍ച്ച് 25 ന് സുന്ദര്‍ബാനിയിലെ ബറ്റാലിയന്‍ ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാര്‍ച്ച് 27 ന് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ നല്‍കി ഭോപ്പാലില്‍ 41-ാം ബറ്റാലിയനില്‍ 15 ദിവസത്തെ നിര്‍ബന്ധിത ജോയിനിംഗ് പിരീഡ് നല്‍കാതെ നിയമിച്ചു. ഇവിടെ ജോലിക്ക് പ്രവേശിക്കുമ്പോഴും പാകിസ്ഥാന്‍ യുവതിയെ വിവാഹം ചെയ്ത കാര്യം രേഖപ്പെടുത്തിയതായണെന്നും മുനീര്‍ വ്യക്തമാക്കി.


നീതി തേടി കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അഹമ്മദ് അറിയിച്ചു. ജോലിയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഉടന്‍ തന്നെ നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

SCROLL FOR NEXT