NEWSROOM

യാത്രാക്ലേശത്തിന് പരിഹാരം: കൊല്ലം - എറണാകുളം മെമു സർവീസ് ആരംഭിച്ചു

കൊല്ലത്ത് നിന്ന് യാത്രക്കാർക്കൊപ്പം എംപിമാരായ കൊടിക്കുന്നിൽ സുരേഷും, എൻ.കെ. പ്രേമചന്ദ്രനും യാത്രയിൽ പങ്കുചേർന്നു

Author : ന്യൂസ് ഡെസ്ക്

വേണാട് എക്സ്പ്രസിലെ ദുരിത യാത്രയ്ക്ക് പരിഹാരം. കൊല്ലത്ത് നിന്നും എറണാകുളത്തേക്കുള്ള മെമു സർവീസ് ആരംഭിച്ചു. ആദ്യ ദിനം യാത്രക്കാരുടെ മികച്ച പ്രതികരണമാണ് മെമുവിന് ലഭിച്ചത്. കൊല്ലത്ത് നിന്ന് യാത്രക്കാർക്കൊപ്പം എംപിമാരായ കൊടിക്കുന്നിൽ സുരേഷും, എൻ.കെ. പ്രേമചന്ദ്രനും യാത്രയിൽ പങ്കുചേർന്നു.

തിരുവനന്തപുരം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കുണ്ടായിരുന്ന യാത്രാദുരിതത്തിന് പരിഹാരമായിട്ടാണ് കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് പ്രത്യേക മെമു സർവ്വീസ് ആരംഭിച്ചത്. ശനിയും ഞായറും ഒഴികെയുള്ള ബാക്കി എല്ലാ ദിവസവും പുലർച്ചെ 5.55ന് കൊല്ലത്ത് നിന്നും പുറപ്പെടുന്ന മെമു 9.35ഓടു കൂടി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തും. തിരികെ 9.50ന് എറണാകുളം സൗത്തിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 1.30ന് തിരികെ കൊല്ലത്ത് എത്തും. ഇതോടു കൂടി വളരെ കാലം നീണ്ടുനിന്ന ജനങ്ങളുടെ യാത്രാ ദുരിതത്തിനാണ് പരിഹാരമാകുന്നത്.

യാത്രക്കാർ ആവേശത്തോടെയാണ് പ്രത്യേക മെമു സർവ്വീസിനെ വരവേറ്റത്. വിവിധ സ്റ്റേഷനുകളിൽ സ്വീകരണവും നൽകി. എംപിമാരായ കൊടിക്കുന്നിൽ സുരേഷും, എൻ.കെ പ്രേമചന്ദ്രനും മെമുവിൽ സഞ്ചരിച്ച് യാത്രക്കാരുമായി സംവദിച്ചു. എട്ട് കോച്ചുകളുമായി പുതിയ മെമു സർവ്വീസ് ഓടി തുടങ്ങിയെങ്കിലും ഇത് യാത്രാക്ലേശത്തിന് എത്രത്തോളം പരിഹാരമാകുമെന്നാണ് യാത്രക്കാർ ഉറ്റ് നോക്കുന്നത്.

SCROLL FOR NEXT