NEWSROOM

ഫണ്ട് അനുവദിച്ചിട്ടും ചിലർ അതിനുവേണ്ടി മുറവിളി കൂട്ടുന്നു; തമിഴ്‌നാട് സർക്കാരിനെതിരെ പ്രധാനമന്ത്രി

2014 അപേക്ഷിച്ച് ഈ കാലയളവിൽ തമിഴ്നാടിനായി മൂന്നിരട്ടി ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നിട്ടും ചിലർ ഫണ്ടിന് വേണ്ടി മുറവിളി കൂട്ടുന്നുവെന്നാണ് മോദി വിമർശിച്ചത്

Author : ന്യൂസ് ഡെസ്ക്

കേന്ദ്രം സംസ്ഥാനത്തിനുള്ള വിഹിതം വർധിപ്പിച്ചിട്ടും ചിലർ ഫണ്ടിനായി മുറവിളി കൂട്ടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാമ്പൻ പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു മോദിയുടെ പ്രതികരണം. തമിഴ്‌നാട്ടിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നത്. 2014 അപേക്ഷിച്ച് ഈ കാലയളവിൽ തമിഴ്നാടിനായി മൂന്നിരട്ടി ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നിട്ടും ചിലർ ഫണ്ടിന് വേണ്ടി മുറവിളി കൂട്ടുന്നുവെന്നാണ് മോദി വിമർശിച്ചത്.



"ഫണ്ടിൻ്റെ പേരും പറഞ്ഞ് തമിഴ്‌നാട്ടിലെ നേതാക്കളിൽ നിന്ന് തനിക്ക് കത്തുകൾ ലഭിക്കുന്നുണ്ട്. എന്നാൽ അവർ തമിഴിൽ ഒപ്പിടാറില്ല. കുറഞ്ഞത് നിങ്ങളുടെ ഒപ്പെങ്കിലും തമിഴിൽ ഇടുക",മോദി പരിഹസിച്ചു. രാമേശ്വരത്തേത് ഉൾപ്പെടെ 77 റെയിൽവേ സ്റ്റേഷനുകൾ സർക്കാർ ആധുനികവൽക്കരിക്കുന്നുണ്ടെന്നും മോദി അറിയിച്ചു. 2014 ന് ശേഷം കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ തമിഴ്‌നാട്ടിൽ ഏകദേശം 4,000 കിലോമീറ്റർ റോഡുകൾ നിർമ്മിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അതിർത്തി നിർണ്ണയത്തിലൂടെ രാഷ്ട്രീയമായും ത്രിഭാഷാ നയത്തിലൂടെ സാംസ്കാരികമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ആവർത്തിച്ച് ആരോപിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം പാലിച്ചില്ലെങ്കിൽ സംസ്ഥാനത്തിന്റെ ഫണ്ട് തടഞ്ഞുവയ്ക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT