ഒളിംപിക്സ് സ്വപ്നങ്ങളുമായി താരത്തിളക്കമൊന്നും കൂടാതെയാണ് അര്‍ഷദ് നദീം പാരിസിൻ്റെ മണ്ണിലേക്ക് വിമാനം കയറിയത്. ജാവലിൻ ത്രോയിൽ ലോകത്തെ മികവുറ്റ അഞ്ച് താരങ്ങളിൽ ഒരാളായിട്ട് പോലും, അന്താരാഷ്ട്ര നിലവാരമുള്ളൊരു ജാവലിനോ, കഴിവുള്ള വിദേശ പരിശീലകരോ, ഒളിംപിക്സിൽ പങ്കെടുക്കാനാവശ്യമായ സാമ്പത്തിക ശേഷിയോ അയാളുടെ പക്കലുണ്ടായിരുന്നില്ല. കഴിഞ്ഞ എട്ട് വർഷവും നാട്ടുകാർ പിരിവെടുത്ത് വാങ്ങി നൽകിയൊരു ജാവലിൻ ഉപയോഗിച്ചാണ് അയാൾ പരിശീലിച്ചിരുന്നത്. പാകിസ്ഥാനിലെ ദേശീയ കായിക ഫെഡറേഷൻ്റെ പിന്തുണ പോലും നദീമിന് അത്യാവശ്യഘട്ടങ്ങളിൽ പോലും ലഭിച്ചിരുന്നിരുന്നില്ല.
അടുത്തിടെ ഉപയോഗിച്ചിരുന്ന ഒരേയൊരു ജാവലിൻ കേടായപ്പോൾ, പകരമൊന്ന് വാങ്ങാനുള്ള ശേഷിയും അർഷദിനുണ്ടായിരുന്നില്ല. ഒളിംപിക്സിന് ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു ഈ സംഭവം. ജാവലിൻ കേടായ വിവരം പരിശീലകനോടും, ദേശീയ കായിക ഫെഡറേഷനോടും അഭ്യർഥിച്ച് അയാൾ പുതിയൊരു ജാവലിനായുള്ള കാത്തിരിപ്പിലായിരുന്നു.
വറുതിയിലും പതറാതെ ദൃഢനിശ്ചയത്തോടെ മുന്നോട്ട്
പാകിസ്ഥാനിലെ പഞ്ചാബിലുള്ള മിയാൻ ചന്നുവിലെ ഒരു ദരിദ്ര കുടുംബത്തിലാണ് 1997 ജനുവരി രണ്ടിന് അർഷദ് ജനിച്ചത്. സാധാരണക്കാരാനായ ഒരു കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു പിതാവ് മുഹമ്മദ് അഷ്റഫ്. അദ്ദേഹത്തിൻ്റെ ഏഴ് മക്കളിൽ മൂന്നാമനായിരുന്നു അർഷദ് നദീം. സാമ്പത്തികമായ ഏറെ പിന്നാക്കം നിൽക്കുന്ന ആ കുടുംബത്തിൽ ഏറെ കഷ്ടതകൾ അനുഭവിച്ചാണ് 27കാരനായ അത്ലറ്റ് പാരിസിലെ സ്വർണനേട്ടം വരെയെത്തി നിൽക്കുന്നത്.
വർഷത്തിലൊരിക്കൽ ബലി പെരുന്നാൾ സമയത്ത് മാത്രമായിരുന്നു ആ കുടുംബത്തിൽ ഇറച്ചി വെച്ച് കഴിച്ചിരുന്നതെന്ന് സഹോദരനായ ഷാഹിദ് അസീം അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. കുട്ടിക്കാലം മുതൽക്കേ കായികയിനങ്ങളോട് അതീവ തൽപരനായിരുന്നു അർഷദ് നദീം. ക്രിക്കറ്റും, ഷോട്ട്പുട്ടും, ഡിസ്കസ് ത്രോയുമെല്ലാം പയറ്റിയ ശേഷമാണ് അവസാനം, 18കാരനായ നദീം ജാവലിൻ ത്രോയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജാവലിൻ മത്സരങ്ങളിൽ പങ്കെടുക്കാനായി ദൂരനാടുകളിലേക്ക് പോകാൻ കയ്യിൽ പണമില്ലാത്തതിനാൽ, നാട്ടുകാരും ബന്ധുക്കളും നൽകിയ തുക കൊണ്ടായിരുന്നു അർഷദ് നദീം പോയിരുന്നത്.
പുത്തൻ താരോദയം, എതിരാളികളേ കരുതിയിരുന്നോളൂ
സൗത്ത് ഏഷ്യൻ ഗെയിംസിൽ 78.33 മീറ്റർ ദൂരമെറിഞ്ഞാണ് അന്താരാഷ്ട്ര വേദിയിലേക്ക് അർഷദ് ചുവടുവെച്ച് തുടങ്ങിയത്. കുടുംബത്തിൻ്റെ സാമ്പത്തികാവസ്ഥ അദ്ദേഹത്തെ തളർത്തിയപ്പോഴും കൂട്ടായി നിന്നത് ഉറ്റവരും പ്രിയപ്പെട്ട നാട്ടുകാരുമായിരുന്നു. തുടർച്ചയായ ആറ് വർഷത്തെ ജാവലിൻ പരിശീലനത്തിനൊടുവിൽ അദ്ദേഹം ഉയരങ്ങൾ കീഴടക്കി തുടങ്ങി. നീരജ് ചാമ്പ്യനായ ടോക്കിയോ ഒളിംപിക്സിൽ അഞ്ചാം സ്ഥാനത്തായിരുന്നു അർഷദ് നദീമിന്റെ സ്ഥാനം.
2022 കോമൺവെൽത്ത് ഗെയിംസിനിടെ 90.18 മീറ്റർ ദൂരമെറിഞ്ഞ് ജാവലിനിലെ ഇതിഹാസങ്ങൾക്കൊപ്പം തനിക്കും ഇടമുണ്ടെന്ന് അയാൾ തെളിയിച്ചു.2023ലെ ബുഡാപെസ്റ്റിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്രയുമായി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അന്ന് നീരജിന് പിന്നിൽ രണ്ടാമനായി വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടുമ്പോൾ, വെറും 35 സെൻ്റീമീറ്റർ മാത്രമായിരുന്നു നീരജിനുണ്ടായിരുന്ന ലീഡ്.
അപ്രതീക്ഷിത ഒളിംപിക്സ് റെക്കോർഡിൽ നീരജ് ചോപ്രയും വിറച്ചു
ദാരിദ്ര്യത്തിൻ്റെ പരകോടിയിലായിരുന്ന ആ കുടുംബത്തിൽ നിന്നൊരാൾ ഇന്ന് ഒരു ഒളിംപിക് മെഡലുമായി പാകിസ്ഥാൻ്റെ അഭിമാന താരമായി ഉദിച്ചുയർന്ന് നിൽക്കുകയാണ്. 6'3 അടി ഉയരമുള്ള അർഷദ്, ജാവലിൻ ത്രോയിൽ ഒളിംപിക്സ് റെക്കോർഡുമായാണ് നീരജ് ചോപ്രയുടെ രണ്ടാം സ്വർണനേട്ടത്തിന് തടയിട്ടത്. 90.57 ആയിരുന്നു ജാവലിനിൽ അതുവരെയുണ്ടായിരുന്ന ഒളിംപിക്സ് റെക്കോർഡ്.
അക്ഷരാർഥത്തിൽ ഒരു ഇന്ത്യ-പാക് യുദ്ധമായി വെള്ളിയാഴ്ചത്തെ ഒളിംപിക്സ് ഫൈനൽ മാറി. ഒളിംപിക്സ് റെക്കോർഡുമായി പാക് താരം നിറഞ്ഞാടിയതോടെ, കടുത്ത സമ്മർദ്ദത്തിലായ നീരജിനെയാണ് ട്രാക്കിൽ കണ്ടത്. മൂന്നാമത്തെ ഏറിൽ സീസണിലെ മികച്ച സമയം കുറിച്ചിട്ടും, നീരജ് ആറിൽ അഞ്ച് ഏറുകളും ഫൗളാക്കുന്നത് കണ്ണീരോടെ കണ്ടുനിൽക്കാനേ ഇന്ത്യൻ ആരാധകർക്ക് കഴിഞ്ഞുള്ളൂ. 26കാരനായ നീരജിന് കരിയറിൽ ഇതേവരെ 90 മീറ്റർ ദൂരം പിന്നിടാനായിട്ടില്ല. അതേസമയം, പാക് താരം ഫൈനലിൽ മാത്രം രണ്ട് തവണയാണ് 90 മീറ്ററിനുമപ്പുറത്തേക്ക് ജാവലിൻ പായിച്ചത്.
പ്രതിസന്ധികളിൽ പിന്തുണച്ച് നീരജ് ചോപ്ര
മാസങ്ങൾക്ക് മുമ്പ് അർഷദ് തൻ്റെ ജാവലിൻ കേടായ വിവരം പാക് അധികൃതരോട് അറിയിച്ചപ്പോൾ, ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പിന്തുണച്ചത് സാക്ഷാൽ നീരജ് ചോപ്ര തന്നെയായിരുന്നു. കളത്തിൽ വാശിയുള്ള എതിരാളികൾ ആയിരുന്നുവെങ്കിലും കളത്തിന് പുറത്ത് അങ്ങനെയായിരുന്നില്ല ഇരുവരും. നീരജിൻ്റെ ജാവലിൻ വാങ്ങി പരിശീലനം നടത്തിയതിന് ഇതിന് മുമ്പ് പലപ്പോഴും അർഷദിന് സ്വന്തം നാട്ടുകാരിൽ നിന്ന് സോഷ്യൽ മീഡിയയിലൂടെ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇന്ത്യൻ പതാകയുമായി ആഹ്ളാദ പ്രകടനം നടത്തുന്ന നീരജിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തെന്ന കാരണത്താൽ സൈബർ ബുള്ളിയിംഗിനും അദ്ദേഹം ഇരയായിട്ടുണ്ട്.
പാകിസ്ഥാനിൽ നിന്ന് പാരിസ് ഒളിംപിക്സിനെത്തിയ ഏഴ് പേരിൽ ആറ് പേർക്കും ഫൈനൽ യോഗ്യത നേടാനായിരുന്നില്ല. തുടർച്ചയായ രണ്ടാം ഒളിംപിക്സിലും അർഷദ് ഫൈനൽ യോഗ്യത നേടിയ വാർത്തയെത്തിയതും അദ്ദേഹത്തിൻ്റെ വീട്ടിൽ അത് വലിയ ആഘോഷമായിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെയുള്ള വലിയ കുടുംബം, മധുര പലഹാരങ്ങൾ ഉൾപ്പെടെ വിതരണം ചെയ്തു ആ ദിവസം ആഘോഷിച്ചു. പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യങ്ങളുമായി ആ നാട്ടുകാരും ഈ സന്തോഷത്തിൽ പങ്കുചേർന്നു.
അർഷദ് നദീമിൻ്റെ കരിയറിലെ ശ്രദ്ധേയ നേട്ടങ്ങൾ
2024ലെ പാരിസ് ഒളിംപിക്സിൽ സ്വർണ മെഡൽ - 92.27 മീറ്റർ
2023ലെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ - 87.82 മീറ്റർ
2022ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ - 90.18 മീറ്റർ
2021ലെ ടോക്കിയോ ഒളിംപിക്സിൽ അഞ്ചാം റാങ്ക് - 84.62 മീറ്റർ
2018ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ - 80.75 മീറ്റർ
2016ലെ ദക്ഷിണേഷ്യൻ ഗെയിംസിൽ (ഗുവാഹത്തി) വെങ്കലം - 78.33 മീറ്റർ