ബിജെപി നേതാവും മധ്യപ്രദേശിലെ മുൻ എംഎൽഎയുമായിരുന്ന വിജേന്ദ്ര സിങ് ചന്ദ്രവതിൻ്റെ മകൻ മാല പിടിച്ചുപറി കേസിൽ അറസ്റ്റിൽ. ക്ഷേത്ര ദർശനം കഴിഞ്ഞു വരുകയായിരുന്ന 65 കാരിയുടെ മാല പിടിച്ചു പറിച്ച കേസിലാണ് പ്രദ്യുമൻ വിജേന്ദ്ര സിങ് ചന്ദ്രാവത്തിനെ അറസ്റ്റ് ചെയ്തത്.
അഹമ്മദാബാദിൽ താമസിക്കുന്ന പ്രതി പെൺ സുഹൃത്തിനൊപ്പമുള്ള ജീവിത ചിലവിന് വേണ്ടിയാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 250 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രദ്യുമൻ സിങ്ങിനെ അറസ്റ്റ് ചെയ്തത്.
ജനുവരി 25ന് രാത്രി 8.30 ഓടെയാണ് പിടിച്ചുപറി നടന്നത്. മേംനഗർ രാജ്വി ടവറിൽ താമസിക്കുന്ന വാസന്തിബെൻ അയ്യരുടെ മാലയാണ് പ്രദ്യുമൻ പിടിച്ചു പറിച്ചത്. ഇവർ ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോളായിരുന്നു മോഷണം. മെറ്റൽ കട്ടർ ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്.
വാസന്തിബെൻ അയ്യരുടെ ഇരയുടെ പരാതിയെ തുടർന്ന് ഗട്‌ലോഡിയ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ജനുവരി 29 നാണ് അഹമ്മദാബാദിലെ തൽതേജിലെ ജയംബെനഗർ സൊസൈറ്റിയിൽ താമസിക്കുന്ന പ്രദ്യുമൻ ചന്ദ്രാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളുമാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്.