മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായ സൗരവ് ഗാംഗുലിയുടെ ബയോപിക് ഒരുങ്ങുന്നു. ഗാംഗുലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബോളിവുഡ് താരം രാജ്കുമാര്‍ റാവു ആയിരിക്കും ഗാംഗുലിയായി സ്‌ക്രീനിലെത്തുക. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗാംഗുലി ഇതേ കുറിച്ച് സംസാരിച്ചത്.
'ഞാന്‍ കേട്ടത് വെച്ച് രാജ്കുമാര്‍ റാവു ആയിരിക്കും എന്റെ ബയോപികില്‍ അഭിനയിക്കുക. പക്ഷെ ഡേറ്റുകള്‍ നിലവില്‍ പ്രശ്‌നമാണ്. അതുകൊണ്ട് ഒരു വര്‍ഷം കൂടി കഴിയും ചിത്രം തിയേറ്ററിലെത്താന്‍', എന്നാണ് ഗാംഗുലി പറഞ്ഞത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
ഇന്ത്യയ്ക്കായി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളുമാണ് ഗാംഗുലി കളിച്ചിട്ടുള്ളത്. തന്റെ അന്താരാഷ്ട്ര കരിയറില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി 18,575 റണ്‍സ് താരം നേടിയിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിസിസിഐ പ്രസിഡന്റുമായിരുന്നു. 2008ലാണ് ഗാംഗുലി തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നത്.
അതേസമയം രാജ്കുമാര്‍ റാവുവിന്റെ ഭൂല്‍ ചുക് മാഫാണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായിക. അടുത്തിടെ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. കരണ്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്‍. മാഡോക്ക് ഫിലിംസാണ് നിര്‍മാണം.
ഭൂല്‍ ചുക് മാഫിന് പുറമെ മാലിക് എന്ന ചിത്രവും താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ടിപ്‌സ് ഫിലിംസിന്റെ ബാനറില്‍ കുമാര്‍ തൗറാനിയും ജയ് ഷെവക്രാമണിയുടെ നോര്‍ത്തേണ്‍ ലൈറ്റ്‌സ് ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ 20ന് ചിത്രം തിയേറ്ററിലെത്തും.