NEWSROOM

തിരയില്‍ ബോട്ട് തലകീഴായി മറിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും

സ്പീഡ് ബോട്ട് തലകീഴായി മറിയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഒഡീഷയിലെ പുരി ബീച്ചില്‍ സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് അപകടം. പുരിയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു സ്‌നേഹാശിഷ് ഗാംഗുലിയും ഭാര്യ അര്‍പിതയും. കടലില്‍ ഇവര്‍ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിയുകയായിരുന്നു.

അപകടത്തില്‍ നിന്നും സ്‌നേഹാശിഷ് ഗാംഗുലിയും ഭാര്യയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച സ്പീഡ് ബോട്ട് തലകീഴായി മറിയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നാല് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. എല്ലാവരേയും രക്ഷപ്പെടുത്തി.

ബോട്ടില്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ ഭാരം കുറഞ്ഞതാണ് അപകടത്തിന് കാരണമെന്ന് അര്‍പിത ഗാംഗുലി ആരോപിച്ചു. പത്ത് പേരെ ഉള്‍ക്കൊള്ളിക്കാവുന്ന ബോട്ടില്‍ ആകെ ഉണ്ടായിരുന്നത് നാല് പേരായിരുന്നു. കടല്‍ പ്രക്ഷുബ്ധമായിരുന്നതിനാല്‍ ബോട്ടില്‍ കയറുന്നതിനു മുമ്പ് സംശയം പ്രകടിപ്പിച്ചതാണെന്നും എന്നാല്‍, അത് കുഴപ്പമില്ലെന്നാണ് ബോട്ട് ഓപ്പറേറ്റര്‍മാര്‍ പറഞ്ഞതെന്നും അര്‍പിത മാധ്യമങ്ങളോട് പറഞ്ഞു.

ബോട്ട് കടലില്‍ ഇറങ്ങിയ ഉടന്‍ തന്നെ വലിയ തിരമാല വന്ന് ഇടിച്ചു. കൃത്യസമയത്ത് ലൈഫ് ഗാര്‍ഡുമാര്‍ വന്നില്ലായിരുന്നെങ്കില്‍ തങ്ങളുടെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നില്ല. ജീവിതത്തിലാദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്നും നടുക്കം വിട്ടുമാറിയിട്ടില്ലെന്നും അര്‍പിത വ്യക്തമാക്കി. കൂടുതല്‍ പേരുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ ബോട്ട് മറിയില്ലായിരുന്നു.

പുരി ബീച്ചിലെ കടല്‍ പ്രക്ഷുബ്ധമാണെന്നും ഇവിടെ ബോട്ട് റൈഡ് പോലുള്ളവ അനുവദിക്കരുതെന്നും തിരിച്ചു കൊല്‍ക്കത്തയില്‍ എത്തിയാല്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും എസ്പിക്കും കത്തയക്കുമെന്നും അവര്‍ പറഞ്ഞു.


SCROLL FOR NEXT