NEWSROOM

സഞ്ജുവിനെ കാത്തിരിക്കുന്നത് അത്യപൂർവ നേട്ടം; സെൻ്റ് ജോര്‍ജ് പാര്‍ക്കിൽ ഇന്ന് തീപാറും പോരാട്ടം

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയത്തുടർച്ച കണ്ടെത്താനാണ് സൂര്യകുമാര്‍ യാദവും സംഘവും ഇന്നിറങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്


ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 പോരാട്ടം ഇന്ന്. ദക്ഷിണാഫ്രിക്കയിലെ സെന്റ് ജോര്‍ജ് പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വൈകീട്ട് 7.30നാണ് ആവേശപ്പോരാട്ടം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയത്തുടർച്ച കണ്ടെത്താനാണ് സൂര്യകുമാര്‍ യാദവും സംഘവും ഇന്നിറങ്ങുന്നത്. പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലാണ്.

അതേസമയം, വിജയം സ്വന്തമാക്കി പരമ്പരയില്‍ ഒപ്പമെത്താനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി ആദ്യ തോല്‍വിയുടെ ഞെട്ടലിൽ നിന്ന് തിരിച്ചുവരാനാണ് പ്രോട്ടീസിന്റെ ശ്രമം. ഇന്ത്യയുടേതിന് സമാനമായി കരുത്തരായ നിരവധി താരങ്ങളുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം അടക്കമുള്ള താരങ്ങള്‍ക്ക് കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

നേരത്തെ ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിലും സഞ്ജു സെഞ്ചുറി നേടിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചുറി പ്രകടനത്തിലൂടെ രാജ്യാന്തര ടി20യില്‍ തുടർച്ചയായ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററെന്ന ചരിത്ര നേട്ടവും സഞ്ജു സ്വന്തമാക്കിയിരുന്നു. തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ച് ടി20യില്‍ ഹാട്രിക് സെഞ്ചുറി എന്ന ചരിത്രനേട്ടം സഞ്ജു സ്വന്തമാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

ഇന്ത്യയെ ആശങ്കയിലാക്കുന്നത് അഭിഷേക് ശര്‍മയുടെ ഫോമാണ്. താരത്തിന് മറ്റൊരു അവസരം കൂടി ലഭിച്ചേക്കും. മാറ്റാന്‍ തീരുമാനിച്ചാല്‍ ജിതേഷ് ശര്‍മ പകരമെത്തിയേക്കും. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയോടെ സഞ്ജു ഓപ്പണിങ്ങിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തുടരും. അതുകൊണ്ട് നാലാം നമ്പറില്‍ തിലക് വര്‍മ കളിക്കും. ആദ്യ ടി20യില്‍ സഞ്ജുവിന് പുറമെ മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം തിലക് വർമയായിരുന്നു. 18 പന്തില്‍ 33 റണ്‍സാണ് തിലക് നേടിയത്. ഹാര്‍ദിക് പാണ്ഡ്യയും റിങ്കു സിങ്ങും അക്‌സര്‍ പട്ടേലും കഴിഞ്ഞ മത്സരത്തിൽ പരാജയമായിരുന്നു.

SCROLL FOR NEXT