NEWSROOM

ഐസിസി ചാംപ്യൻസ് ട്രോഫി; അടി തെറ്റി ദക്ഷിണാഫ്രിക്ക, കീരീടപ്പോരാട്ടത്തിന് ഇന്ത്യയും ന്യൂസിലാൻഡും നേർക്കുനേർ

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.

Author : ന്യൂസ് ഡെസ്ക്

ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലാൻഡ്.ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.

67 പന്തില്‍ സെഞ്ച്വറി തികച്ച ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്‌കോറര്‍. 71 പന്തില്‍ 56 റണ്‍സ് നേടിയ ടെമ്പ ബാവുമ, 66 പന്തില്‍ 69 റണ്‍സ് നേടിയ റാസി വാന്‍ ഡെര്‍ ടസന്‍ എന്നിവരും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.ന്യൂസിലന്‍ഡിനായി ക്യാപ്റ്റന്‍ മിച്ചല്‍ സാന്‍റ്നര്‍ 43 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഗ്ലെന്‍ ഫിലിപ്സ് 27 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.


ഐസിസി ചാംപ്യൻസ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാമിന്നിങ്സ് സ്കോറാണ് ന്യൂസിലൻഡ് അടിച്ചെടുത്തത്. ഒരു ഐസിസി ഏകദിന ടൂർണമെൻ്റിലെ ഏറ്റവുമുയർന്ന മൂന്നാമത്തെ വലിയ സ്കോറുമാണിത്.

ദക്ഷിണാഫ്രിക്കക്കെതിരെ നിർണായക മത്സരത്തിൽ സെഞ്ചുറി പ്രകടനങ്ങളുമായി കത്തിക്കയറിയ കെയ്ൻ വില്യംസണും (94 പന്തിൽ 102) രചിൻ രവീന്ദ്രയും (101 പന്തിൽ 108) ചേർന്നാണ് ന്യൂസിലൻഡ് സ്കോർ മുന്നൂറ് കടത്തിയത്. ഡാരിൽ മിച്ചലും (49) ഗ്ലെൻ ഫിലിപ്സും (49) വാലറ്റത്ത് വെടിക്കെട്ട് പ്രകടനങ്ങളുമായി സ്കോർ ബോർഡ് ഉയർത്തി.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എൻഗിടി മൂന്നും കഗീസോ റബാഡ രണ്ടും വിക്കറ്റെടുത്തു.

ഞായറാഴ്ച ദുബായ് ഇന്‍റര്‍നാഷണണല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനൽ പോരാട്ടം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു.

SCROLL FOR NEXT