NEWSROOM

ദക്ഷിണ കൊറിയയിലെ വിമാനാപകടം: ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു; നിര്‍ണായക വിവരങ്ങളിലേക്ക് വിരല്‍ ചൂണ്ടുമെന്ന് സൂചന

വിമാനത്തിലെ രണ്ടാമതായുള്ള ബ്ലാക്ക് ബോക്‌സ് വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനായി യുഎസിലേക്ക് അയക്കുമെന്ന് രാജ്യത്തെ ഗതാഗത മന്ത്രി ബുധനാഴ്ച പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


ദക്ഷിണ കൊറിയയില്‍ തകര്‍ന്നുവീണ വിമാനത്തിലെ ബ്ലാക് ബോക്‌സിലെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ സംഘം. രണ്ട് ബ്ലാക്ക് ബോക്‌സുകളില്‍ ഒന്നില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ അപകത്തില്‍ 179 പേരാണ് കൊല്ലപ്പെട്ടത്.

ബോയിംഗ് 737-800 ന്റെ കോക്പിറ്റിലെ വോയിസ് റെക്കോര്‍ഡറില്‍ നിന്നുള്ള പ്രാഥമിക വിവരങ്ങളാണ് ഇപ്പോള്‍ ശേഖരിച്ചിരിക്കുന്നതെന്ന് ദക്ഷിണ കൊറിയയുടെ സിവില്‍ ഏവിയേഷന്‍ ഉപമന്ത്രി ജൂ ജോങ് വാന്‍ പറഞ്ഞു. വോയിസ് റെക്കോര്‍ഡറിലെ വിവരങ്ങള്‍ ഓഡിയോ രൂപത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

വിമാനത്തിലെ രണ്ടാമതായുള്ള ബ്ലാക്ക് ബോക്‌സ് വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനായി യുഎസിലേക്ക് അയക്കുമെന്ന് രാജ്യത്തെ ഗതാഗത മന്ത്രി ബുധനാഴ്ച പറഞ്ഞു. റെക്കോര്‍ഡറിന് ബാഹ്യമായ ചില കേടുപാടുകള്‍ സംഭവിച്ചതായി യോന്‍ഹാപ് ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.

ഈ ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ ലഭിക്കുന്നതോടെ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തന രഹിതമായതിന് ശേഷം പൈലറ്റ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതിനെക്കുറിച്ചടക്കമുള്ള നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ദക്ഷിണ കൊറിയയും അമേരിക്കയും കരുതുന്നത്.

കേടായ ബ്ലാക്ക് ബോക്‌സില്‍ നിന്ന് ഇവിടുന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ പരിമിതിയുണ്ട്. അതുകൊണ്ട് യുഎസ് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡുമായി ചേര്‍ന്ന് യുഎസ് ഇതിലെ വിവരങ്ങള്‍ അപഗ്രഥിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ജൂ ജോങ് വാന്‍ പറഞ്ഞു.

ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്. 181 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. സംഭവം നടക്കുന്ന സമയത്ത് ഒന്നിലധികം സ്ഫോടനങ്ങള്‍ നടന്നതായി കേട്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞെന്ന് ദക്ഷിണ കൊറിയന്‍ ന്യൂസ് ഏജന്‍സിയായ യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.'വിമാനം താഴ്ന്നിറങ്ങുന്നത് കണ്ടു. ലാന്‍ഡ് ചെയ്യുകയാണെന്നാണ് വിചാരിച്ചത്. അപ്പോഴാണ് ചെറുതായി തീ കണ്ടത്. പുകപടലം ഉയരുന്നതിനോടൊപ്പം വലിയ ശബ്ദവും കേട്ടു. പിന്നാലെ വലിയ ശബ്ദത്തില്‍ തുടരെ തുടരെ സ്ഫോടനമുണ്ടാവുന്നതും കണ്ടു,'ദൃക്സാക്ഷി പറഞ്ഞു.

SCROLL FOR NEXT