NEWSROOM

രാഷ്ട്രീയ നാടകങ്ങൾ അവസാനിച്ചു; ദക്ഷിണ കൊറിയയിൽ പട്ടാള ഭരണം പിൻവലിച്ച് പ്രസിഡന്റ് യൂൻ സുക് യോൽ

യുദ്ധകാലാടിസ്ഥാനത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ സ്പീക്കർ വൂ വോൻ-ഷിക്ക് അടിയന്തരയോഗം വിളിച്ചു. നീക്കം ജനാധിപത്യവിരുദ്ധമാണെന്നാരോപിച്ച് പ്രതിപക്ഷം സഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.

Author : ന്യൂസ് ഡെസ്ക്


മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവില്‍ ദക്ഷിണ കൊറിയയിൽ പ്രഖ്യാപിച്ച പട്ടാളനിയമം പിൻവലിച്ചു. സ്വന്തം പാർട്ടിയില്‍ നിന്നുള്‍പ്പെടെ സൈനിക ഭരണത്തിനെതിരെ എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് പ്രസിഡന്റ് യൂൻ സുക് യോൽ നിയമം പിൻവലിച്ചതെന്ന് റിപ്പോർട്ട്. ഇന്നലെ രാത്രിയിലാണ് ദക്ഷിണ കൊറിയയിൽ അടിയന്തര പട്ടാളനിയമം പ്രഖ്യാപിച്ചത്.


ചൊവ്വാഴ്ച രാത്രിയാണ് മുന്നറിയിപ്പുകളൊന്നുമില്ലാതെ ദക്ഷിണകൊറിയ പട്ടാളഭരണത്തിനുകീഴിലായത്. പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലർത്തുന്നെന്നും സമാന്തര സർക്കാർ ഉണ്ടാക്കി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും ചൂണ്ടിക്കാട്ടി പ്രസിഡന്റ് യൂൻ സുക് യോൽ പട്ടാളഭരണം പ്രഖ്യാപിക്കുകയായിരുന്നു.

പ്രതിപക്ഷം ക്രിമിനല്‍ സംഘമാണെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതായും യൂൻ ആരോപിച്ചിരുന്നു. അടുത്ത വർഷത്തെ ബജറ്റിനെച്ചൊല്ലി യൂനിന്റെ പവർ പാർട്ടിയും പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ പോര് മുറുകുന്നതിനിടെയാണ് യൂൻ അടിയന്തര പട്ടാളനിയമം പ്രഖ്യാപിച്ചത്.

യുദ്ധകാലാടിസ്ഥാനത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ സ്പീക്കർ വൂ വോൻ-ഷിക്ക് അടിയന്തരയോഗം വിളിച്ചു. നീക്കം ജനാധിപത്യവിരുദ്ധമാണെന്നാരോപിച്ച് പ്രതിപക്ഷം സഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. നിയമം ലംഘിക്കുന്നവരെ വാറണ്ടില്ലാതെ അറസ്റ്റുചെയ്യുമെന്ന് സെെന്യം അറിയിച്ചതോടെ ജനങ്ങൾ പരിഭ്രാന്തരായി.


1980കളുടെ അവസാനത്തില്‍ രാജ്യത്ത് സൈനിക സ്വേച്ഛാധിപത്യം അവസാനിച്ചതിന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് പട്ടാളഭരണം ഏർപ്പെടുത്തുന്നത്. ‍ദക്ഷിണ കൊറിയൻ രാഷ്ടിയ ഭൂമികയിൽ സംഘർഷം കനത്തതോടെ സൈനിക ഭരണം എതിർത്ത് പാർലമെന്റ് അംഗങ്ങൾ ഏകകണ്ഠേന വോട്ട് ചെയ്തു.

ഇതോടെ യൂൻ പ്രഖ്യാപിച്ച സൈനിക ഭരണം അസാധുവായി, വിന്യസിച്ച സൈനികരെ പിൻവലിക്കേണ്ടി വന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിൻവലിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കും. അതേസമയം പാർലമെൻ്റിന് പുറത്ത് പ്രതിഷേധവുമായി ഒത്തുകൂടിയവർ സൈനിക പിന്മാറ്റത്തിൽ വൻ ആഹ്ലാദ പ്രകടനങ്ങളും നടത്തി.

SCROLL FOR NEXT