NEWSROOM

എഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണം: എസ് പി ജോൺകുട്ടി നേതൃത്വം നൽകും; മേൽനോട്ടം വഹിക്കാൻ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത

അജിത് കുമാറിനെതിരായ അഞ്ച് ആരോപണങ്ങളാണ് വിജിലൻസ് സംഘം അന്വേഷിക്കുക

Author : ന്യൂസ് ഡെസ്ക്

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരായ പരാതികൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. വിജിലൻസ് തിരുവനന്തപുരം പ്രത്യേക യൂണിറ്റ് ഒന്നാണ് പരാതികൾ അന്വേഷിക്കുക. എസ്.പി ജോൺകുട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത അന്വേഷണത്തിന്  മേല്‍നോട്ടം വഹിക്കും. ഡിവൈഎസ്‌പി ഷിബു പാപ്പച്ചൻ, സിഐ അഭിലാഷ് കെ.വി, സിഐ കിരൺ എന്നിവരാണ് അന്വേഷണസമിതിയിലെ സമിതിയിലെ മറ്റ് അംഗങ്ങൾ. 

മാധ്യമസ്ഥാപനമായ മറുനാടൻ മലയാളി ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീർത്തെന്ന ആരോപണം, സ്വർണകടത്തുമായി ബന്ധപ്പെട്ട പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾ, കവടിയാറിലെ വസതിയുമായി ബന്ധപ്പെട്ട വിഷയം, മലപ്പുറം മരംമുറി വിവാദം, മലപ്പുറം എസ്‌പി സുജിത് ദാസുമായി ചേർന്ന് നടത്തിയ അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും ഉൾപ്പെടെ അഞ്ച് വിഷയങ്ങളാണ് പ്രത്യേക സംഘം അന്വേഷിക്കുക.


കഴിഞ്ഞ ദിവസമാണ് എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടത്. പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് എം.ആർ. അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന ഡിജിപിയുടെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. മലപ്പുറം മുൻ എസ്‌പി സുജിത് ദാസിനെതിരെയും വിജിലൻസ് അന്വേഷണം നടത്തും. പ്രാഥമിക പരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ നിർദേശം നൽകി. മലപ്പുറം എസ്പി ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റഗേഷൻ യൂണിറ്റ് 1 ആണ് സുജിത് ദാസിനെതിരെ പ്രാഥമിക അന്വേഷണം നടത്തുന്നത്.


ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ചയില്‍ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പൂഴ്ത്തിവെച്ചുവെന്നും ഇതിന് പിന്നിൽ പി. ശശിയുടെ സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്നതായും പി.വി. അൻവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡിജിപി തിരുവന്തപുരം കവടിയാറില്‍ എം.എ. യൂസഫലിയുടെ വീടിനോട് ചേര്‍ന്ന് വലിയ കൊട്ടാരം പോലുള്ള വീട് പണിയുന്നുവെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് സഹോദരന്റെ പേരിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 12,000 സ്‌ക്വെയര്‍ ഫീറ്റോ 15,000 സ്‌ക്വെയര്‍ ഫീറ്റോ എന്ന് ഉറപ്പുവരുത്താന്‍ പറ്റിയിട്ടില്ല. 65 മുതല്‍ 75 വരെ ലക്ഷം രൂപയാണ് സെന്റിന് വില, അൻവർ പറഞ്ഞു. ഈ രണ്ട് വിഷയങ്ങളിലാണ് വിജിലൻസ് പ്രധാനമായും അന്വേഷണം നടത്തുകയെന്നാണ് ലഭ്യമാകുന്ന വിവരം.



SCROLL FOR NEXT