NEWSROOM

സുജിത് ദാസിന് സസ്‌പെന്‍ഷന്‍; ഒരു പുഴുക്കുത്ത് പുറത്തേക്കെന്ന് പി.വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്

Author : ന്യൂസ് ഡെസ്ക്

പി.വി അന്‍വര്‍ എംഎല്‍എയുമായുള്ള വിവാദ ഫോണ്‍വിളിയില്‍ എസ്പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് സർവീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. നേരത്തേ പത്തനംതിട്ട എസ്പി സ്ഥാനത്തു നിന്ന് സുജിത് ദാസിനെ നീക്കം ചെയ്തിരുന്നു.

പി.വി അന്‍വറിനോടുള്ള ഏറ്റുപറച്ചിലില്‍ സുജിത് ദാസിനെതിരെ നടപടിയുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഡിഐജി അജിത ബീഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുജിത് ദാസിന്റെ പ്രവര്‍ത്തി സര്‍വീസ് ചട്ടം ലംഘിച്ചാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതി പിന്‍വലിക്കാന്‍ എംഎല്‍എയോട് പറഞ്ഞത് തെറ്റാണെന്നും സ്വാധീനിക്കാന്‍ ശ്രമിച്ചത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സുജിത് ദാസിന്റേത് ഗുരുതര സ്വഭാവ ദൂഷ്യമാണെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. മേലുദ്യോഗസ്ഥനെതിരെ അപകീര്‍ത്തികരമായിട്ടുള്ള പരാമര്‍ശം നടത്തി. മറ്റ് എസ്പിമാര്‍ക്കെതിരേയും സഹപ്രവര്‍ത്തകര്‍ക്കെതിരേയും മോശം പരാമര്‍ശം നടത്തി എന്നിങ്ങനെയാണ് ഉത്തരവില്‍ പറയുന്നത്.

പി.വി. അന്‍വര്‍ എംഎല്‍എയുമായി കഴിഞ്ഞ ശനിയാഴ്ച എസ്പി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതാണ് നടപടിക്ക് ആസ്പദമായ സംഭവം. എഡിജിപി അജിത് കുമാര്‍ ബന്ധുക്കള്‍ വഴി സാമ്പത്തിക ഇടപാട് നടത്തുന്നുവെന്നായിരുന്നു അന്‍വറിനോട് സുജിത് ദാസ് പറഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി സുജിത് ദാസിനെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങുന്നത്.

വിക്കറ്റ്‌ നമ്പർ 1

'വിക്കറ്റ് നമ്പർ ഒന്ന്, ഒരു പുഴുക്കുത്ത് പുറത്തേക്ക്' എന്നാണ് സുജിത് ദാസിൻ്റെ സസ്പെൻഷന് പിന്നാലെ  പി.വി അൻവർ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്. 

മരംമുറി വിവാദവുമായി ബന്ധപ്പെട്ട രേഖകള്‍ പി.വി. അന്‍വര്‍ എംഎല്‍എ പുറത്തുവിട്ടിരുന്നു. പൊലീസ് ക്യാമ്പ് ഓഫീസിലെ മരങ്ങള്‍ വില കുറച്ച് വിറ്റതിന്റെ രേഖകളാണ് പുറത്തുവിട്ടത്. 2020 ജനുവരി 21ന് സോഷ്യല്‍ ഫോറസ്ട്രി ഒരു തേക്കിനും, മറ്റു രണ്ട് മരങ്ങളുടെ ശിഖരങ്ങള്‍ക്കുമായി 51,533 രൂപ വിലയിട്ടിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം, 2023 ജൂണ്‍ 7ന് ഇതേ മരങ്ങള്‍ 20,500 രൂപക്ക് വിറ്റു. സുജിത് ദാസായിരുന്നു കുറഞ്ഞ വിലയ്ക്ക് മരങ്ങള്‍ ലേലം ചെയ്തതായി രേഖയില്‍ ഒപ്പുവെച്ചത്. സോഷ്യല്‍ ഫോറസ്ട്രി നിശ്ചയിച്ച വിലയ്ക്ക് നാല് തവണ മരം ആരും ഏറ്റെടുത്തില്ല. അഞ്ചാം തവണ വില കുറച്ച് നല്‍കിയപ്പോഴാണ് മരം വില്‍പ്പന നടത്താനായതെന്നും പി.വി. അന്‍വര്‍ പുറത്തുവിട്ട രേഖകളില്‍ പറയുന്നു.

മരങ്ങള്‍ മുറിച്ചുകടത്തിയത് അന്വേഷിക്കാത്തതിനെ തുടര്‍ന്ന് കുത്തിയിരിപ്പ് സമരം നടത്തിയ പി.വി. അന്‍വര്‍ എംഎല്‍എയെ എസ്പി സുജിത് ദാസ് ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംഎല്‍എയെ എസ്പി ഫോണില്‍ ബന്ധപ്പെട്ടത്. പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ മലപ്പുറം എസ്പി ശശിധരനെതിരെ താന്‍ പറഞ്ഞ കാര്യത്തോട് യോജിക്കുന്നതായി എസ്പി സുജിത് ദാസ് ഫോണിലൂടെ അറിയിച്ചെന്നും അന്‍വര്‍ എംഎല്‍എ വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു.


SCROLL FOR NEXT