എസ്.പി സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്ത നടപടി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ നേരിട്ടുള്ള ഇടപെടലില്‍. പി.വി അന്‍വര്‍ എംഎല്‍എയുമായുള്ള വിവാദ ഫോണ്‍വിളിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സുജിത് ദാസിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
സുജിത് ദാസ് മലപ്പുറം എസ്.പിയായിരുന്ന കാലത്തെ വിശദാംശങ്ങള്‍ ഓഫീസില്‍ നിന്ന് ഡിജിപി ശേഖരിപ്പിച്ചിരുന്നു. സുജിത് ദാസ് പുറത്തിറക്കിയ സര്‍ക്കുലറുകള്‍, ഉത്തരവുകള്‍, നടപടികള്‍ തുടങ്ങിയ വിവരങ്ങളാണ് പരിശോധിച്ചത്. സുജിത് ദാസിന്റെ യാത്രാ രേഖകളും ഇന്റലിജന്‍സ് മുഖേന വരുത്തിച്ചിരുന്നു. സുജിത് ദാസിന് ഒപ്പം നിന്ന ഉദ്യോഗസ്ഥരുടെ പശ്ചാത്തലവും പരിശോധിച്ചു. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഡിജിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇതിന് പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള നടപടി.
സുജിത് ദാസിന്റേത് ഗുരുതര സ്വഭാവ ദൂഷ്യമാണെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. മേലുദ്യോഗസ്ഥനെതിരെ അപകീര്‍ത്തികരമായിട്ടുള്ള പരാമര്‍ശം നടത്തി. മറ്റ് എസ്പിമാര്‍ക്കെതിരേയും സഹപ്രവര്‍ത്തകര്‍ക്കെതിരേയും മോശം പരാമര്‍ശം നടത്തി എന്നിങ്ങനെയാണ് ഉത്തരവില്‍ പറയുന്നത്.
ALSO READ : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ADGP അജിത് കുമാര്‍, പി.ശശി വിഷയങ്ങള്‍ ചര്‍ച്ചയാകും
പി.വി. അന്‍വര്‍ എംഎല്‍എയുമായി കഴിഞ്ഞ ശനിയാഴ്ച എസ്‍പി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതാണ് നടപടിക്ക് ആസ്പദമായ സംഭവം. എഡിജിപി അജിത് കുമാര്‍ ബന്ധുക്കള്‍ വഴി സാമ്പത്തിക ഇടപാട് നടത്തുന്നുവെന്നായിരുന്നു അന്‍വറിനോട് സുജിത് ദാസ് പറഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി സുജിത് ദാസിനെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.