NEWSROOM

സ്പാനിഷ് ഫുട്‌ബോള്‍ താരം ലാമിന്‍ യമാലിന്റെ പിതാവിന് നേരെ ആക്രമണം; നിരവധി തവണ കുത്തേറ്റു

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല

Author : ന്യൂസ് ഡെസ്ക്

സ്പാനിഷ് ഫുട്‌ബോള്‍ താരം ലാമിന്‍ യമാലിന്റെ പിതാവ് മൗനിര്‍ നസ്രോയിക്കു നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. ബാഴ്സലോണയുടെ വടക്ക് തീരദേശ പട്ടണമായ മറ്റാറോയില്‍ വെച്ചാണ് ആക്രമണമുണ്ടായതെന്ന് സ്പാനിഷ് മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

മറ്റാറോയില്‍ വളര്‍ത്തു നായയുമായി നടക്കുകയായിരുന്നു യമാലിന്റെ പിതാവ്. ഈ സമയം അപരിചതരായ ചിലരുമായി തര്‍ക്കമുണ്ടായി. ഇവര്‍ പിന്നീട് തിരിച്ചെത്തി കാര്‍ പാര്‍ക്കിങ്ങില്‍ വെച്ച് അദ്ദേഹത്തെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി തവണ കുത്തേറ്റ മൗനീറിനെ ഉടന്‍ തന്നെ ബാഴ്‌സലോണയിലെ ആശുപത്രിയില്‍ എത്തിച്ചു.

ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍, മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഴ്‌സലോണയില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് മറ്റാറോ. ഇവിടെയാണ് യമാല്‍ ജനിച്ചതും വളര്‍ന്നതും.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അപകടനില തരണം ചെയ്‌തെങ്കിലും രണ്ടോ മൂന്നോ ദിവസം കൂടി മൗനീര്‍ നസ്രോയിക്ക് ആശുപത്രിയില്‍ തുടരേണ്ടി വരും.








SCROLL FOR NEXT