NEWSROOM

സ്‌പെയിനിലെ മിന്നൽ പ്രളയം: ദുരിത ബാധിത മേഖലയിലേക്ക് 10,000 സൈനികരെ വിന്യസിച്ച് പ്രധാനമന്ത്രി

വലൻസിയ പ്രദേശത്തുണ്ടായ വെള്ളപ്പൊക്കത്തിൽ ഇരുന്നൂറിലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

സ്‌പെയിനിലെ വെള്ളപ്പൊക്കത്തിൽ വലയുന്ന ജനങ്ങൾക്ക് കൈത്താങ്ങുമായി സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ദുരിത ബാധിത മേഖലയായ വലൻസിയയിലേക്ക് രക്ഷാപ്രവർത്തനങ്ങൾക്കായി 10,000ത്തോളം സൈനികരെയും പൊലീസിനെയും വിന്യസിച്ചു. വലൻസിയ പ്രദേശത്തുണ്ടായ വെള്ളപ്പൊക്കത്തിൽ ഇരുന്നൂറിലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്.

മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും വിനാശകരമായ വെള്ളപ്പൊക്കത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വലൻസിയയിലെ റോഡുകളെല്ലാം പുഴകളായെന്നും ലക്ഷക്കണക്കിന് ആളുകളെ പ്രളയം ബാധിച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്‌പെയിനിൻ്റെ തെക്കേ അറ്റത്തുള്ള അൻഡലൂഷ്യയിൽ, സാധാരണയായി പെയ്യുന്ന മഴയേക്കാൾ മൂന്നിരട്ടി മഴയാണ് പെയ്തതെന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.


രാജ്യത്തെ കാലാവസ്ഥാ ഏജൻസി നൽകുന്ന വിവരമനുസരിച്ച് ചില പ്രദേശങ്ങളിൽ രണ്ട് മണിക്കൂറിനുള്ളിൽ, ഒരു ചതുരശ്ര മീറ്ററിൽ 150 മുതൽ 200 ലിറ്റർ വരെ മഴ പെയ്തു. 1996ന് ശേഷം ആദ്യമായാണ് രാജ്യം ഇത്തരമൊരു പ്രളയക്കെടുതിയെ നേരിടുന്നത്. 'കോൾഡ് ഡ്രോപ്പ്' എന്നറിയപ്പെടുന്ന ഒരു വാർഷിക കാലാവസ്ഥാ പ്രതിഭാസമാണ് ഈ തീവ്രമായ മഴയ്ക്ക് കാരണം. 'ഡിപ്രെഷൻ ഐസ്‌ലാഡ എൻ നിവൽസ് ആൾട്ടോസ്' അഥവാ ഡാന എന്ന പേരിലും ഈ പ്രതിഭാസം അറിയപ്പെടുന്നു.

മെഡിറ്ററേനിയൻ കടലിലെ ചൂടുപിടിച്ച വെള്ളത്തിനു മുകളിലൂടെ തണുത്ത വായു ഇറങ്ങുമ്പോഴാണ് കോൾഡ് ഡ്രോപ്പ് പ്രതിഭാസം സംഭവിക്കുന്നത്. കടലിൻ്റെ ഉപരിതലത്തിൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു ഉയരുന്നതിന് ഈ പ്രതിഭാസം കാരണമാകുന്നു. പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ക്യുമുലോനിംബസ് മേഘങ്ങൾ രൂപീകരിക്കപ്പെടും. ഈ മേഘങ്ങളാണ് സ്പെയിനിൽ മിന്നൽ പ്രളയത്തിന് കാരണമായത്.

SCROLL FOR NEXT