NEWSROOM

രാഹുലിനും പ്രദീപിനും സ്പീക്കറുടെ ഉപഹാരം നീല ട്രോളി ബാഗ്; ഉള്ളില്‍ ഭരണഘടനയും നിയമസഭാ ചട്ട പുസ്തകവും

നീല ട്രോളി ബാഗ് നല്‍കിയത് ബോധപൂർവമാണെന്ന തരത്തില്‍ വിമർശനങ്ങള്‍ ഉയരുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

പുതിയ എംഎൽഎമാർക്ക് സ്പീക്കർ ഉപഹാരമായി നൽകിയത് നീല ട്രോളി ബാഗ്. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, യു. ആർ. പ്രദീപ് എന്നിവർക്കാണ് സ്പീക്കർ ട്രോളി ബാഗ് സമ്മാനിച്ചത്. ഭരണഘടന , നിയമസഭാ ചട്ടങ്ങൾ എന്നിവ സംബന്ധിച്ച പുസ്തകം എന്നിവയാണ് ബാഗിനുള്ളില്‍ ഉണ്ടായിരുന്നത്.

നീല ട്രോളി ബാഗ് നല്‍കിയത് ബോധപൂർവമാണെന്ന തരത്തില്‍ വിമർശനങ്ങള്‍ ഉയരുന്നുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് നീല ട്രോളി ബാഗില്‍ രാഹുലിന്റെ പ്രചാരണത്തിനായി പണമെത്തിച്ചുവെന്ന് സിപിഎം ആരോപിച്ചിരുന്നു. വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഡിവൈഎസ്പിക്ക് പരാതിയും നല്‍കി. എന്നാല്‍, അന്വേഷണത്തിനൊടുവില്‍ പെട്ടിയില്‍ പണം കടത്തിയതിനു തെളിവില്ലെന്നും തുടരന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമായിരുന്നു ഡിവൈഎസ്പിയുടെ റിപ്പോർട്ട്. 

അതേസമയം, എല്ലാ പുതിയ എംഎല്‍എമാര്‍ക്കും ബാഗ് നല്‍കാറുണ്ടെന്നും ഇത്തവണ ആകസ്മികമായാണ് നീല കളര്‍ നല്‍കിയതെന്നുമാണ് സ്പീക്കറുടെ ഓഫീസിന്‍റെ വിശദീകരണം. ഉമ തോമസിനും,ചാണ്ടി ഉമ്മനും നൽകിയത് ഇതേ ബാഗ് തന്നെയാണെന്ന് നിയമസഭ സെക്രട്ടറിയേറ്റ് അറിയിച്ചു. നിലവില്‍ എംഎൽഎ ഹോസ്റ്റൽ അസിസ്റ്റൻ്റ് മാനേജരുടെ പക്കലുള്ള ബാഗ് പിന്നീട് എംഎൽഎമാർക്ക് കൈമാറും.

SCROLL FOR NEXT