NEWSROOM

ഹേമ കമ്മിറ്റി: ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി

വനിത ജഡ്ജിയെ ഉള്‍പ്പെടുത്തിയാകും പ്രത്യേക ബെഞ്ച് രൂപീകരിക്കുക

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളില്‍ വാദം കേള്‍ക്കാന്‍ പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി. വനിത ജഡ്ജിയെ ഉള്‍പ്പെടുത്തിയാകും പ്രത്യേക ബെഞ്ച് രൂപീകരിക്കുക. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് തീരുമാനം. നിര്‍മാതാവ് സജിമോന്‍ പാറയിലിന്‍റെ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് പുതിയ ബെഞ്ച് രൂപീകരിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ രൂപം മുദ്ര വെച്ച കവറിൽ സമർപ്പിക്കണമെന്ന് സർക്കാറിനോട് ഹൈക്കോടതി നിലവിൽ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ടിൻമേൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പൊതുതാൽപര്യ ഹരജി കോടതിയുടെ പരിഗണനയിലാണ്. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെട്ട സംഭവങ്ങളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരായ എ. ജന്നത്ത്, അമൃത പ്രേംജിത് എന്നിവർ നൽകിയ ഹർജിയും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന കുറ്റകൃത്യങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിന്‍റെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇനി ഈ ഹർജികളെല്ലാം പ്രത്യേക ബെഞ്ചാകും പരിഗണിക്കുക.

SCROLL FOR NEXT