NEWSROOM

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; ഡിഐജിക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ബോബി ചെമ്മണ്ണൂരിനെ ജയിലിൽ ചെന്ന് കണ്ടതിന് ഡിഐജിയെ ജയിൽ മേധാവി ശാസിച്ചിരുന്നു. ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന ആരോപണത്തിൽ ഡിഐജി പി. അജയകുമാർ ഡിജിപിക്ക് വിശദീകരണം നൽകിയിരുന്നു.

Author : ന്യൂസ് ഡെസ്ക്



ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയ സംഭവത്തിൽ ജയിൽ ഡിഐജിക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. മധ്യമേഖല ജയിൽ ഡിഐജി അജയകുമാർ വഴിവിട്ട് സഹായിച്ചു എന്ന് റിപ്പോർട്ട്. സൂപ്രണ്ട് ഓഫീസിലെ ടോയ്‌ലറ്റ് ഉപയോഗിക്കാൻ അവസരം ഒരുക്കിയെന്നും റിപ്പോർട്ടിൽ പരാമർശം.


ബോബി ചെമ്മണ്ണൂരിനെ ജയിലിൽ ചെന്ന് കണ്ടതിന് ഡിഐജിയെ ജയിൽ മേധാവി ശാസിച്ചിരുന്നു. ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന ആരോപണത്തിൽ ഡിഐജി പി. അജയകുമാർ ഡിജിപിക്ക് വിശദീകരണം നൽകിയിരുന്നു. കാക്കനാട് ജില്ലാ ജയിലിൽ നേരിട്ട് എത്തിയാണ് വിശദീകരണം നൽകിയത്. ബോബി ചെമ്മണ്ണൂരിന് നിയമവിരുദ്ധമായി ഒന്നും ചെയ്തു കൊടുക്കാൻ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഡിഐജി വിശദീകരിച്ചു.

Also Read; ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; ജയിൽ ആസ്ഥാനത്തെ ഡിഐജി അന്വേഷിക്കും

ജയിലിൽ എത്തിയത് മറ്റൊരു കേസ് അന്വേഷണത്തിനാണ്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ അകത്തു പ്രവേശിപ്പിക്കാൻ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവരുടെ പേര് രജിസ്റ്ററിൽ രേഖപ്പെടുത്താത്തത് എന്താണെന്ന് അറിയില്ലെന്നാണ് ഡിഐജിയുടെ വിശദീകരണം. ബോബി ചെമ്മണ്ണൂരിനെതിരായ കേസിൽ പഴുതടച്ച കുറ്റപത്രം എത്രയും വേഗത്തിൽ നൽകാനുള്ള നീക്കത്തിലാണ് പൊലീസ്.



നടി ഹണി റോസിനെ അപമാനിച്ച കേസിലാണ് ബോബി അറസ്റ്റിലായത്. നിരുപാധികം മാപ്പുപറഞ്ഞാണ് ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്നിറങ്ങിയത്. ജാമ്യം ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാല്‍ പുറത്തിറങ്ങാനാവാത്ത തടവുകാര്‍ക്കും മോചനത്തിന് അവസരമൊരുക്കിയ ശേഷമേ പുറത്തിറങ്ങൂവെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നിലപാട്. എന്നാൽ കോടതി രൂക്ഷമായി വിമർശിച്ചതോടെയാണ് ബോബി മാപ്പുപറഞ്ഞ് പുറത്തിറങ്ങിയത്.

SCROLL FOR NEXT