തൃശൂർ പൂരം നിയന്ത്രണങ്ങളിൽ എഡിജിപി എം.ആർ. അജിത് കുമാർ ഇടപെട്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പൂരത്തിന് നിയന്ത്രണങ്ങൾ നിർദേശിച്ചത് എഡിജിപിയാണെന്നും ഇതിനായി രണ്ട് ദിവസം തൃശൂരിൽ തങ്ങി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്നും സ്പെഷ്യൽ ബ്രാഞ്ച് വെളിപ്പെടുത്തി. അജിത് കുമാർ താമസിച്ചത് തൃശൂരിലെ പൊലീസ് അക്കാദമിയിലെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രി പരിശോധിക്കും.
പൂരദിവസവും തലേദിവസവുമാണ് എഡിജിപി തൃശ്ശൂരിൽ ഉണ്ടായിരുന്നത്. പൂരം കലങ്ങിയപ്പോൾ സ്ഥലത്തെത്തി. പുലർച്ചെ മടങ്ങിയ എഡിജിപി പിന്നീട് ഫോൺ സ്വിച്ച് ചെയ്ത് വെക്കുകയായിരുന്നു. തൃശൂരിലെ സാന്നിധ്യത്തെക്കുറിച്ച് അജിത് കുമാർ ഡിജിപിക്ക് വിശദീകരണം നൽകിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. മൂകാംബികയിലേക്ക് പോയ വഴിയാണ് തൃശ്ശൂരിൽ തങ്ങിയതെന്ന എഡിജിപിയുടെ വാദം തള്ളുകയാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.