സംസ്ഥാനത്ത് സ്പെഷ്യൽ എഡ്യൂക്കേറ്റർ നിയമനം വൈകുന്നതിനാൽ പൊതു വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലാകുന്നുവെന്ന് പരാതി. ഒരു അധ്യാപികയ്ക്ക് രണ്ടും മൂന്നും സ്കൂളുകളുടെ ചുമതല നൽകുന്നത് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്ന് രക്ഷിതാക്കളാണ് പരാതി നൽകിയത്. സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ ഒരോ സ്കൂളുകളിലും നിർബന്ധമായും നിയമിക്കണമെന്ന 2023ലെ ബാലാവകാശ കമ്മീഷൻ്റെ ഉത്തരവ് ഇനിയും നടപ്പാക്കാത്തതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
ALSO READ: ആറളം ഫാമിൽ സ്വകാര്യവത്കരണ നീക്കം ശക്തം; 2500 ഏക്കർ ഭൂമി സ്വകാര്യ സംരംഭകർക്ക് നൽകാൻ നീക്കം
എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം നിലനിൽക്കെയാണ് ഭിന്നശേഷി വിദ്യാർഥികൾക്ക് തടസ്സങ്ങളില്ലാതെ വിദ്യാഭ്യാസം ലഭിക്കാത്ത അവസ്ഥ നിലനിൽക്കുന്നത്. പൊതുവിദ്യാലയങ്ങളുടെ അന്തരീക്ഷത്തിൽ തന്നെ ഭിന്നശേഷി വിദ്യാർഥികളും പഠിക്കണമെന്ന് വിദ്യാഭ്യാസ നയവും നടപ്പിലാകുന്നില്ല. സ്പെഷ്യൽ സ്കൂളുകൾ ഉപേക്ഷിച്ച് പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികളുടെ കഴിവും മികവും വർദ്ധിച്ചതായി എല്ലാവരും സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാൽ പരിശീലനം സിദ്ധിച്ച അധ്യാപകരില്ലാത്തതാണ് ഈ പഠനരീതിക്ക് വിലങ്ങുതടിയാകുന്നത്.
ആഴ്ചയിൽ മുഴുവൻ സമയവും സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെ സേവനം പൊതുവിദ്യാലയങ്ങളിൽ വേണമെന്ന 2023 ലെ ബാലാവകാശ കമ്മീഷൻ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പലപ്പോഴും ആഴ്ചയിൽ രണ്ടു തവണ മാത്രമാണ് സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെ സേവനം ലഭിക്കുന്നത്. സ്കൂളുകളിലെ പഠനാന്തരീക്ഷം പരമാവധി ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യവും ഇതോടെ അട്ടിമറിക്കപ്പെടുകയാണ്. സ്കൂളുകളിൽ സഹചാരി പദ്ധതി നടപ്പിലാക്കി എൻസിസി എൻഎസ്എസ് വോളൻ്റിയർമാരുടെ സഹകരണത്തോടെ സ്കൂളുകൾ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യവും ഇതോടെ നടപ്പാകാതെ പോവുകയാണ്.