സിനിമ മേഖലയിലെ ലൈംഗിക പീഡന കേസുകളിൽ വിവിധയിടങ്ങളിൽ വിശദമായ പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം. സംവിധായകൻ രഞ്ജിത്ത്, നടൻമാരായ സിദ്ദീഖ്, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കെതിരായ കേസിലാണ് തെളിവെടുപ്പ് നടന്നത്. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലും, എറണാകുളം കത്രിക്കടവിലെ ഹോട്ടലിലും അന്വേഷണ സംഘം എത്തി പരിശോധന നടത്തി. A.M.M.Aയുടെ ഓഫീസിൽ രണ്ടാം തവണയും സംഘമെത്തി പരിശോധന നടത്തി.
രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടിയുടെ ലൈംഗിക പീഡന പരാതിയിൽ കൊച്ചിയിലെ ഹോട്ടലിൽ അന്വേഷണസംഘമെത്തി തെളിവെടുപ്പ് നടത്തി. ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫുമായായി എത്തിയതായിരുന്നു തെളിവെടുപ്പ്. ഹോട്ടൽ ഉടമകൾ മാറിയതിനാൽ രജിസ്റ്റർ കിട്ടുമോ എന്നറിയില്ലെന്നും പഴയ രജിസ്റ്റർ പരിശോധിച്ചാൽ വിശദാംശങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും ജോഷി ജോസഫ് പ്രതികരിച്ചു.
നടൻ സിദ്ദീഖിനെതിരായ ലൈംഗികാരോപണത്തിൽ പീഡനം നടന്നതായി പരാതിയില്‍ പറയുന്ന തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലും ഞായറാഴ്ച തെളിവെടുപ്പ് നടന്നു. സിദ്ദീഖ് താമസിച്ച മുറി പരാതിക്കാരിയായ നടി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. മസ്‌കറ്റ് ഹോട്ടലിലെ 101 ഡി എന്ന മുറിയിലാണ് സിദ്ദിഖ് 2016 ജനുവരി 28 ന് താമസിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.
പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. 2016-ല്‍ സിദ്ദിഖ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് നടി പരാതി പറഞ്ഞിരുന്നത്. ഇടവേള ബാബുവിനും മണിയൻപിള്ള രാജുവിനെതിരെ എറണാകുളം സ്വദേശിയായ നടി നൽകിയ പരാതിയിലും തെളിവെടുപ്പ് നടന്നു.
അതേ സമയം A.M.M.A ആസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും അന്വേഷണസംഘമെത്തി പരിശോധന നടത്തി.ആരോപണ വിധേയരായവർ ഭാരവാഹികളായിരുന്ന കാലത്തെ വിവരങ്ങളാണ് പരിശോധിച്ചത്. ഒപ്പം വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറിയെന്ന എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിൽ നടനെതിരെ തൃശൂരിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.