NEWSROOM

ദിലീപിന്റെ ശബരിമല ദര്‍ശനം: പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍

ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻ നിരയിൽ അവസരമൊരുക്കിയതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലന്നും റിപ്പോർട്ടിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്




നടൻ ദിലീപിന് ശബരിമലയിൽ പ്രത്യേക പരിഗണന നൽകിയ സംഭവത്തിൽ പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്. ശബരിമല സ്പെഷ്യൽ പൊലീസ് ഓഫീസർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻ നിരയിൽ അവസരമൊരുക്കിയതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലന്നും റിപ്പോർട്ടിൽ പറയുന്നു.


കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊലീസുകാരടക്കം അകമ്പടി പോയി നടന് തൊഴാൻ അവസരം നൽകിയത് എന്തിനെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി ചോദിച്ചത്. ഈ ചോദ്യത്തിലാണ് ദിലീപിന് തൊഴാൻ സൗകര്യം നൽകിയില്ലെന്ന റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത്. നിലവിൽ വിഷയവുമായി ബന്ധപ്പെട്ട് വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.

സോപാനത്തിനു മുന്നിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ചീഫ് കോർഡിനേറ്റർ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെ ദേവസ്വം ബെഞ്ച് പിന്നാലെ രൂക്ഷ വിമർശനമുയർത്തിയിരുന്നു. എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തിൽ തുടർന്നുവെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇത് കാരണം മറ്റു ഭക്തർക്ക് മുന്നോട്ടു പോകാനായില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.


അതേസമയം സംഭവത്തിൽ ദേവസ്വം ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നൽകി. വിശദീകരണം കേട്ട ശേഷം തുടർനടപടികൾ സ്വീകരിക്കും. ദിലീപിൻ്റെയും സംഘത്തിൻ്റെയും ദർശനം കാരണം കുറച്ച് നേരത്തേക്ക് മറ്റ് ഭക്തരുടെ ദർശനം തടസപ്പെട്ടുവെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ദർശനം തടസപ്പെട്ടത് തെറ്റാണെന്നും, ദിലീപിന് മുറി അനുവദിച്ചതിൽ ക്രമക്കേടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് പറഞ്ഞു. സുനിൽകുമാറിൻ്റെ സഹോദരൻ്റെ പേരിൽ ഡോണർ ഹൗസിൽ മുറി ഉണ്ട്, അവിടെയാണ് അദ്ദേഹം തങ്ങിയതെന്നും കോടതി പരാമർശത്തിന് പിന്നാലെ സുനിൽ കുമാർ മലയിറങ്ങിയെന്നും വ്യക്തമാക്കി.

SCROLL FOR NEXT