NEWSROOM

SPOTLIGHT | ക്ഷേമം കുറയുന്നോ കേന്ദ്ര ബജറ്റില്‍?

നമ്മുടെ ഉത്പാദനവും എല്ലാത്തരത്തിലുമുള്ള വരുമാനവും കുറഞ്ഞു എന്നതിന് ബജറ്റ് രേഖകള്‍ തന്നെയാണ് സാക്ഷി. ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള ഈ രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം കുതിച്ചുയരുകയാണ്.

Author : ന്യൂസ് ഡെസ്ക്



ജനങ്ങള്‍ സ്വയം നയിച്ചു ജീവിക്കട്ടെ എന്നു തീരുമാനിച്ചു കൈകെട്ടി ഇരിക്കാനാണോ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഏറ്റവും പുതിയത് ഉള്‍പ്പെടെ കഴിഞ്ഞ ആറേഴ് വര്‍ഷത്തെ ബജറ്റുകളിലെ കണക്കെടുത്താല്‍ മനസാക്ഷിയുള്ളവര്‍ സങ്കടപ്പെട്ടുപോകും. ഒന്നും രണ്ടും ഇനങ്ങളിലല്ല, ജനങ്ങളെ ബാധിക്കുന്ന എല്ലാ മേഖലകളിലും വിഹിതം വലിയ തോതില്‍ കുറച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ആയിരം കോടി അനുവദിച്ചിടത്ത് ഈ വര്‍ഷം 1100 കോടി അനുവദിച്ചു എന്നൊക്കെ പറയുന്നത് വലിയൊരു കള്ളമാണ്. യഥാര്‍ത്ഥത്തില്‍ ബജറ്റിലെ മൊത്തം തുകയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് പോലുള്ള മഹാമാരികള്‍ വന്നുപോയിട്ടും ആരോഗ്യമേഖലയില്‍ അനുവദിച്ചിരിക്കുന്ന തുകയിലെ കുറവ് ഒരു ജനാധിപത്യത്തിലും സംഭവിക്കാന്‍ പാടുള്ളതല്ല. കോവിഡിന് മുന്‍പ് 2018ല്‍ മൊത്തം ബജറ്റ് വിഹിതത്തിന്റെ 2.47 ശതമാനമായിരുന്നു ആരോഗ്യത്തിന് നീക്കിവച്ചത്. 2025ല്‍ അനുവദിച്ചത് വെറും 1.87 ശതമാനവും. ബജറ്റിന്റെ വലിപ്പമെടുത്താല്‍ 30,000 കോടി രൂപയുടെ കുറവ്.


ക്ഷേമം കുറയുന്നോ കേന്ദ്ര ബജറ്റില്‍?


ഓരോന്നോരോന്നായി എടുക്കാം. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്ന എംഎന്‍ആര്‍ഈജിഎസ് ആദ്യം. തുക പറഞ്ഞാല്‍ എന്തോ കൂടുതലുണ്ട് എന്ന തോന്നല്‍ വരും. അതിനാല്‍ ഓരോ വര്‍ഷത്തേയും ബജറ്റില്‍ മൊത്തം തുകയുടെ എത്ര അനുപാതമാണ് നീക്കിവയ്ക്കുന്നത് എന്നു നോക്കം. തൊഴിലുറപ്പ് പദ്ധതിക്ക് 2018ല്‍ നീക്കിവച്ചത് മൊത്തം ബജറ്റ് തുകയുടെ 2.67 ശതമാനം. 2025ആയപ്പോള്‍ മൊത്തം ബജറ്റിന്റെ 1.78 ശതമാനം. കേരളത്തില്‍ അതിന്റെ ക്ഷീണം അറിയാത്തത് ഇവിടെ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം കൂടി ചേരുന്നതുകൊണ്ടാണ്. മറ്റുസംസ്ഥാനങ്ങളില്‍ 100 തൊഴില്‍ ദിനം കിട്ടുന്നവരുടെ എണ്ണം തുലോം കുറഞ്ഞു. പത്തുദിവസമെങ്കിലും തൊഴിലുറപ്പില്‍ വരുമാനം കിട്ടുന്നവരുടെ എണ്ണംപോലും ഏതാനും ഡസനുകളിലേക്കു ചുരുങ്ങി. മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് വിട്ട് പ്രധാനമന്ത്രിയുടെ പേരിലുള്ള ഗ്രാമീണ സഡക് യോജന നോക്കുക. തൊഴിലുറപ്പുപോലെ ആളുകള്‍ക്കു നേരിട്ടുള്ളതല്ല, വികസനത്തിനുള്ളതാണ്. ഗ്രാമീണ റോഡ് വികസനത്തിനുള്ള ആ തുക 2018ല്‍ ബജറ്റ് വിഹിതത്തിന്റെ 0.67 ശതമാനം. ഇപ്പോഴോ 0.25 അഥവാ കാല്‍ശതമാനം മാത്രം. തൊഴിലുറപ്പും ഗ്രാമീണ റോഡുകളും കണ്ടു കഴിഞ്ഞു. ഇനി വിദ്യാഭ്യാസത്തിലെ സര്‍വശിക്ഷാ അഭിയാന്‍. അതിന് 2018ല്‍ നീക്കിവച്ചത് 1.21 ശതമാനം. ഇപ്പോഴോ 0.77 ശതമാനം മാത്രവും. മൊത്തം ബജറ്റിന്റെ പത്തുശതമാനം വിദ്യാഭ്യാസ ആവശ്യത്തിനു നീക്കിവയ്ക്കണം എന്ന് പഴയ കൊച്ചി ദിവാനായിരുന്ന ഷണ്മുഖം ചെട്ടി രാജ്യത്തെ ആദ്യത്തെ ധനമന്ത്രിയായപ്പോള്‍ എഴുതിവച്ചതാണ്. ഇപ്പോള്‍ സര്‍വശിക്ഷാ അഭിയാന് നീക്കിവയ്ക്കുന്ന തുക ആ ഷണ്മുഖം ചെട്ടിയുടെ പേരിലുള്ള കൊച്ചിയിലെ ഷണ്മുഖം റോഡ് വികസിപ്പിക്കാന്‍ പോലും തികയില്ല. പ്രധാനമന്ത്രി പോഷണ്‍ പദ്ധതി. പോഷകാഹാരം എത്തിക്കാന്‍ പ്രധാനമന്ത്രിയുടെ പേരില്‍ തുടങ്ങിയ പദ്ധതിയാണ്. അതിനു നീക്കിവച്ചിരുന്നതു ബജറ്റിന്റെ 0.41 ശതമാനമായിരുന്നു. അതിപ്പോള്‍ 0.26 ശതമാനമാക്കി കുറച്ചു.


ക്ഷേമം കുറയുന്ന ബജറ്റ്

                                         2018      2025

തൊഴിലുറപ്പ്                  2.67%    1.78%
പിഎം ഗ്രാമ സഡക്      0.67      0.25
എസ്എസ്എ                  1.21        0.77
പിഎം പോഷണ്‍           0.41       0.26


വിദ്യാഭ്യാസ മേഖലയിലും പിന്മാറ്റം

വിദ്യാഭ്യാസ മേഖലയില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ എങ്ങനെയാണ് പിന്മാറുന്നത് എന്ന് അറിയണോ? ബജറ്റിലേക്ക് ഒന്നു ചൂഴ്ന്ന് നോക്കിയാല്‍ മതി. യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മിഷന്‍ എന്ന യുജിസിക്ക് 2018ല്‍ നല്‍കിയത് 0.2 ശതമാനം. ഇപ്പോള്‍ 0.14 ശതമാനം. കൊടുക്കുന്നത് വളരെ കുറവാണ് എന്നതോ പോകട്ടെ അതില്‍പ്പോലും വെട്ടിക്കുറവ് വരുത്തിയിരിക്കുന്നു. ഐഐടികള്‍ക്ക് ബജറ്റിന്റെ 0.24 ശതമാനം നല്‍കിയിരുന്നത് ഇപ്പോള്‍ ദശാംശം രണ്ട് ഒന്ന് ശതമാനമായി കുറഞ്ഞു. ഇതിന്റെ ഫലം ഐഐടികളുടെ വികസനം തടസ്സപ്പെടുന്നു എന്നതാണ്. ഐഐടികളില്‍ നിന്നുള്ള പ്രതിഭകളാണ് ഇന്ത്യയിലും വിദേശത്തും നമ്മുടെ അഭിമാനം കാത്തിരുന്നത്. ഇതൊരു ഐഐടിയുടെ മാത്രം കാര്യമല്ല, ഐഐഎമ്മുകള്‍ക്കും എന്‍ഐടികള്‍ക്കും ഉള്ള വിഹിതത്തിലും വരുത്തിയിട്ടുണ്ട് വലിയ കുറവ്. ഐഐഎമ്മുകള്‍ക്ക് 0.015 ശതമാനമാണ് നല്‍കിയിരുന്നത് എങ്കില്‍ ഇപ്പോഴത് 0.004 ശതമാനം മാത്രം. കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുപോലെയായി ആ വിഹിതം. എന്‍എടികള്‍ക്ക് ബജറ്റിന്റെ 0.15 ശതമാനം ഉണ്ടായിരുന്നത് 0.10 ആയി കുറച്ചു.


ക്ഷേമം കുറയുന്ന ബജറ്റ്

                          2018   2025
യുജിസി          0.20    0.14
ഐഐടി       0.24    0.21
ഐഐഎം    0.015   0.004
എന്‍ഐടി      0.15     0.10

ഒരു മേഖലയ്ക്കും ഇല്ല മേല്‍ഗതി

ഇത്രയും വിശദീകരിച്ചത് പ്രത്യേകം പദ്ധതികള്‍ എടുത്തുപറഞ്ഞാണ്. ഇനി ഓരോ മേഖലയ്ക്കും അനുവദിക്കുന്ന തുക നോക്കുക. തലയില്‍ കൈവെച്ചു പോകും. ആരോഗ്യമേഖലയുടേത് ആദ്യം പറഞ്ഞതാണ്. 2018ലെ 2.47 ശതമാനത്തില്‍ നിന്ന് 1.85% ആയി ഇടിഞ്ഞിരിക്കുന്നു. ഗ്രാമവികസനത്തിന് 2018ല്‍ 6.3 ശതമാനം നീക്കിവച്ചെങ്കില്‍ ഇപ്പോള്‍ 5.51 ശതമാനം മാത്രം. മുക്കാല്‍ ശതമാനത്തിലേറെ കുറവ് എന്നു പറയുമ്പോള്‍ ഇരുപതിനായിരം കോടി രൂപയുടെ ഒക്കെയാണ് വ്യത്യാസം വരുന്നത്. യുജിസിയുടെ സ്ഥിതി നേരത്തെ കണ്ടതാണ്. അതുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നീക്കിവയ്ക്കുന്നത് 1.57 ശതമാനത്തില്‍ നിന്ന് 0.99 ശതമാനമായാണ് കുറഞ്ഞത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കുന്നത് 2.18 ശതമാനം ആയിരുന്നെങ്കില്‍ അത് ഇപ്പോള്‍ 1.51 ശതമാനം മാത്രം. സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് നീക്കിവച്ചിരുന്ന മൊത്തം തുക 1.75 ശതമാനം ആയിരുന്നെങ്കില്‍ അത് ഇപ്പോള്‍ 1.17 ശതമാനമായി ഇടിഞ്ഞിരിക്കുന്നു. ജനങ്ങളെ അവരുടെ വിധിക്കുവിട്ട് കൈകഴുകി ഇരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നു പറയാന്‍ ഇതിലപ്പുറം തെളിവുകള്‍ വേണോ.


ക്ഷേമം കുറയുന്ന ബജറ്റ്                   
                 

                                      2018    2025
ആരോഗ്യം                  2.47%   1.85%
ഗ്രാമവികസനം          6.3        5.51
ഉന്നതവിദ്യാഭ്യാസം   1.57       0.99
സ്‌കൂള്‍                        2.18       1.51
സാമൂഹിക                 1.75       1.17

സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ നേരിടും?

ഇക്കഴിഞ്ഞ ബജറ്റില്‍ തൊഴിലുറപ്പിനുള്ള നീക്കിയിരിപ്പായി ആകെ വെച്ചത് 86,000 കോടി രൂപയാണ്. പത്തുവര്‍ഷം മുന്‍പ് ഒന്നരലക്ഷം കോടി രൂപയൊക്കെ ചെലവഴിച്ചിരുന്നു. ഈ തൊഴിലുറപ്പ് പദ്ധതിയുടെ നേട്ടം തെങ്ങിന്റെ ചുവടു കിളയ്ക്കാനും വഴി വൃത്തിയാക്കാനും കുളം നന്നാക്കാനും വരുന്ന സ്ത്രീകള്‍ക്കു മാത്രമല്ല. അവര്‍ക്കു കിട്ടുന്ന ഒരു രൂപപോലും ആരും ബാങ്കിലിട്ട് പലിശ വാങ്ങാറില്ല. കിട്ടുന്ന പണം അന്നുവൈകിട്ടു തന്നെ കടകളിലേക്കെത്തുകയാണ്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയില്‍ ഏശാതെ പോയത് ഈ ഒരു പദ്ധതിയില്‍ നിന്നുള്ള പണം ഉണ്ടായിരുന്നതുകൊണ്ടാണ്. അന്ന് അത് ഇന്ത്യയെ ബാധിച്ചില്ലെങ്കില്‍ ഇന്ന് നമ്മള്‍ മറ്റൊരു പ്രതിസന്ധിയുടെ പടിവാതില്‍ക്കലാണ്. നമ്മുടെ ഉത്പാദനവും എല്ലാത്തരത്തിലുമുള്ള വരുമാനവും കുറഞ്ഞു എന്നതിന് ബജറ്റ് രേഖകള്‍ തന്നെയാണ് സാക്ഷി. ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള ഈ രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം കുതിച്ചുയരുകയാണ്. ആഗോള എണ്ണവില കുറഞ്ഞാലും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയാത്ത നിലയിലുമാണ് കേന്ദ്രസര്‍ക്കാര്‍. ക്ഷേമം ഇല്ലാതാവുക എന്നാല്‍ ഭരണം ജനങ്ങളിലേക്ക് എത്താതിരിക്കുക എന്നാണ് അര്‍ഥം. സോഷ്യലിസം പാഴാണ് എന്ന് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്കു പറയാം. പക്ഷേ, ജനങ്ങള്‍ക്കു സൗഖ്യമുള്ള ഒരു രാജ്യത്തു മാത്രമേ അതു പറയാന്‍ കഴിയൂ എന്നു മാത്രം.


SCROLL FOR NEXT