NEWSROOM

SPOT LIGHT| പ്രാര്‍ത്ഥിക്കാന്‍ അനിവാര്യമോ ഉച്ചഭാഷിണികള്‍?

മുംബൈ ഹോക്കോടതിയാണ് ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഉച്ചഭാഷിണികള്‍ ഒരു മതത്തിന്റേയും നിലനില്‍പിന് അനിവാര്യമല്ലെന്നാണ് ആ വിധി അടിവരയിട്ടു പറയുന്നത്

Author : ന്യൂസ് ഡെസ്ക്

മറ്റൊരു പരീക്ഷാകാലം കൂടി വന്നതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി. ഏറ്റവും ഒടുവില്‍ മുംബൈ ഹോക്കോടതിയാണ് ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഉച്ചഭാഷിണികള്‍ ഒരു മതത്തിന്റേയും നിലനില്‍പിന് അനിവാര്യമല്ലെന്നാണ് ആ വിധി അടിവരയിട്ടു പറയുന്നത്. ആരാധനാലയങ്ങളില്‍ നിന്നും പരിധിയില്‍ കവിഞ്ഞ ശബ്ദം പുറത്തുവരുന്നില്ല എന്ന് ഉറപ്പാക്കാന്‍ ശബ്ദപ്പൂട്ടുകള്‍ ഘടിപ്പിക്കാനും കോടതി നിര്‍ദേശിച്ചു. കേരളത്തില്‍ 1988ല്‍ തന്നെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി വിധിച്ചതാണ്. 1993ല്‍ ആഭ്യന്തരവകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശവും ഇറക്കി. ക്ഷേത്രത്തിലും പള്ളികളിലും മതില്‍ക്കെട്ടിനകത്തു മാത്രം കേള്‍ക്കാവുന്ന ശബ്ദമേ ഉണ്ടാകാവൂ എന്നാണ് ആ ഉത്തരവുകളില്‍ എല്ലാം പറയുന്നത്. ദിവസവുമുള്ള പ്രാര്‍ത്ഥനയുടെ ശബ്ദം മാത്രമല്ല ഇപ്പോള്‍ ഉയരുന്നത്. ഉത്സവങ്ങളും പെരുന്നാളുകളും നടക്കുന്ന സമയമാണ്. തുടര്‍ച്ചയായുള്ള ഉച്ചഭാഷിണി ഉപയോഗം ബാധിക്കുന്നത് ഒന്നോ രണ്ടോ വിദ്യാര്‍ത്ഥികളെയല്ല. 14 ലക്ഷം കുട്ടികളാണ് ഇപ്പോള്‍ പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്നത്.


പ്രാര്‍ത്ഥിക്കാന്‍ അനിവാര്യമോ ഉച്ചഭാഷിണികള്‍?

ഉച്ചഭാഷിണികള്‍ കേരളത്തിലെ ഒരു പ്രാദേശിക പ്രശ്‌നം മാത്രമല്ല. കര്‍ണാടകത്തില്‍ അതിപ്പോള്‍ വര്‍ഗീയ അസ്വാരസ്യങ്ങളുടെ കാരണംകൂടിയാണ്. പള്ളികളില്‍ നിന്ന് ബാങ്ക് വിളിക്കുന്ന അതേ സമയത്ത് ക്ഷേത്രങ്ങളില്‍ നിന്ന് ഹനുമാന്‍ ചാലീസ ചൊല്ലുകയാണ് അവിടെ ശ്രീരാമസേന. ഈ ശബ്ദമാത്‌സര്യത്തില്‍ പെട്ടുപോകുന്നത് വിദ്യാര്‍ത്ഥികളാണ്. ഇപ്പോള്‍ മുംബൈ ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് തന്നെ ശ്രദ്ധേയമാണ്. ഓരോ ലൗഡ് സ്പീക്കറില്‍ നിന്നും നിശ്ചിത ഡെസിബല്ലിന് അപ്പുറം ശബ്ദം പുറത്തുപോകുന്നില്ല എന്ന് ഉറപ്പാക്കണം എന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. പരിധി നിശ്ചയിച്ച് സ്പീക്കറുകള്‍ കാലിബറേറ്റ് ചെയ്യാനും കോടതി ആവശ്യപ്പെട്ടു. അമിതവേഗത്തില്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് ഘടിപ്പിച്ചതുപോലെയാണ് ഈ നിര്‍ദേശം. ഉല്‍സവ-പെരുന്നാള്‍ പറമ്പുകളില്‍ ഗാനമേളകളും മിമിക്‌സ് പരേഡുകളും ഒക്കെ നടക്കുമ്പോള്‍ ഇപ്പോള്‍ പെരുമ്പറ മുഴക്കമാണ്. ഈ പ്രകമ്പനം എത്തുന്നത് കിലോമീറ്ററുകള്‍ അകലെവരെയാണ്. 1988ല്‍ കേരള ഹൈക്കോടതി ഇറക്കിയ ഉത്തരവനുസരിച്ച് ആരാധനാലയങ്ങളുടെ മതില്‍ക്കെട്ടിനു പുറത്തേക്ക് ശബ്ദം എത്താന്‍ പാടില്ല.

കേരള ഹൈക്കോടതി മുന്‍പ് പറഞ്ഞത്

കേരള ഹൈക്കോടതി കോളാമ്പികള്‍ പൂര്‍ണമായും നിരോധിച്ചതാണ്. ബോക്‌സ് സ്പീക്കറുകള്‍ക്കു മാത്രമാണ് അനുമതി. എന്നാല്‍ ഇപ്പോഴും സംസ്ഥാനത്തെ നിരവധി അരാധനാലയങ്ങളില്‍ കോളാമ്പി മൈക്കുകളുണ്ട്. ഇവയെല്ലാം പ്രവര്‍ത്തിക്കുന്നുമുണ്ട്. ബോക്‌സ് സ്പീക്കറുകളിലെ ശബ്ദം നിയന്ത്രിച്ച് 1993ല്‍ ആഭ്യന്തരവകുപ്പ് ഉത്തരവ് ഇറക്കി. രണ്ടായിരത്തില്‍ ശബ്ദമലിനീകരണം തടഞ്ഞുള്ള ബില്ലും പാസാക്കി. ഇതൊക്കെ നടന്നിട്ടും വലിയ ശബ്ദത്തില്‍ മൈക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു മാത്രം അവസാനമായില്ല. സംസ്ഥാനത്ത് 14 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുകയാണെന്നും ഉച്ചഭാഷിണികള്‍ നിയന്ത്രിക്കണമെന്നും കഴിഞ്ഞ മൂന്നുവര്‍ഷവും വിദ്യാഭ്യാസമന്ത്രി അഭ്യര്‍ത്ഥന ഇറക്കി. പരീക്ഷയായാല്‍ ചോദ്യക്കടലാസ് അച്ചടിക്കണം എന്ന ആചാരംപോലെ ഉച്ചഭാഷിണി മുന്നണി പ്രസ്താവനയും അച്ചടിക്കപ്പെടുന്നു. അത് ആരും അനുസരിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രിക്കു ലഭിച്ച പരാതികളില്‍ നിന്നു വ്യക്തമാകുന്നത്. 248 ആരാധനാലയങ്ങളുടെ പട്ടിക സഹിതമാണ് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. ഈ ക്ഷേത്രങ്ങളിലും പള്ളികളിലും പൊലീസ് വിളിച്ചു പറഞ്ഞു എന്നതിനപ്പുറം നടപടികള്‍ ഉണ്ടായില്ല. വിശ്വാസപ്രശ്‌നം ആയതിനാല്‍ കോളാമ്പികള്‍ പിടിച്ചെടുക്കാനോ സ്പീക്കറുകള്‍ അഴിച്ചുമാറ്റാനോ പൊലീസ് മുന്നോട്ടുവന്നതുമില്ല.


കോടതികള്‍ നേരത്തെ തന്നെ വിധിച്ചത്

മുന്‍പ് പുറത്തിറങ്ങിയ കോടതി വിധികള്‍ എല്ലാം ഒരുകാര്യം അടിവരയിട്ടു പറയുന്നുണ്ട്. ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഇരുപത്തിയൊന്നാം അനുച്ഛേദത്തിന്റെ ലംഘനമാണ് ഉച്ചഭാഷിണി പ്രയോഗം. ആ അവകാശം ലംഘിക്കപ്പെട്ടാല്‍ ഏതൊരു വ്യക്തിക്കും നഷ്ടപരിഹാരം ആവശ്യപ്പെടാം. എല്ലാ സ്ഥലങ്ങളിലും ശബ്ദമാപ്പിങ് നടപ്പാക്കണമെന്നും മുഴങ്ങുന്ന ഓരോ ശബ്ദത്തിന്റേയും ഉറവിടം കണ്ടെത്തണമെന്നും കോടതികള്‍ നിര്‍ദേശിച്ചിരുന്നതാണ്. പ്രായോഗിക തലത്തില്‍ ഇവ നടപ്പാക്കാനിറങ്ങിയാല്‍ വര്‍ഗീയ കലാപങ്ങള്‍ വരെ ഉണ്ടാകും എന്നതാണ് സ്ഥിതി. സ്വന്തം മതത്തിന്റെ ആരാധനാലയത്തിന് എതിരേ പരാതി നല്‍കാന്‍ ബഹുഭൂരിപക്ഷവും തയ്യാറാകില്ല. ഇതരമതത്തിന് എതിരായിരിക്കും ഭൂരിപക്ഷം പരാതികളും. ആ പരാതികളില്‍ നടപടി എടുക്കുമ്പോള്‍ വിഷയം വര്‍ഗീയമായി തിരിയുന്നതാണ് ഓരോ പ്രദേശത്തും കാണുന്നത്. കഴിഞ്ഞ പരീക്ഷക്കാലം പൊതു തെരഞ്ഞെടുപ്പിന്റെ സമയം കൂടിയായിരിന്നു. എല്ലാ പാര്‍ട്ടികളേയും ബാധിക്കും എന്നതിനാല്‍ ഒരു പാര്‍ട്ടിയും മൈക്ക് ഉപയോഗത്തിന് എതിരേ പറഞ്ഞില്ല. രാത്രി പത്തുമണിക്കു ശേഷമുള്ള ഉച്ചഭാഷിണി ഉപയോഗമാണ് കോടതികള്‍ നേരത്തെ തടഞ്ഞത്. അതിലേറെ ഗുരുതരമാണ് പകല്‍മുഴുവനുള്ള ശബ്ദഘോഷം.

പ്രാര്‍ത്ഥന സ്വന്തം അതിര്‍ത്തിയില്‍ ഒതുങ്ങേണ്ടേ?

ഇന്ത്യപോലൊരു രാജ്യത്ത് മതക്കോളനികള്‍ ഇല്ല. എല്ലാ മതവിഭാഗത്തില്‍ പെട്ടവരും ഇടകലര്‍ന്നു താമസിക്കുന്ന രാജ്യമാണ്. 100 പേര്‍ ഒറ്റമതത്തില്‍ വിശ്വസിക്കുന്ന ഒരുപ്രദേശത്ത് ഒരാളെങ്കിലും മറ്റൊരു മതവിഭാഗത്തില്‍ ഉണ്ടെങ്കില്‍ ആ വ്യക്തിയുടെ അവകാശവും സംരക്ഷിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ആ ഒരാള്‍ക്ക് ബുദ്ധിമുട്ടാകുന്ന രീതിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കാനോ വഴി തടസ്സപ്പെടുത്താനോ കഴിയില്ല. പാശ്ചാത്യനാടുകളില്‍ ഉച്ചഭാഷിണികള്‍ തന്നെ ഓഡിറ്റോറിയങ്ങളിലും സിനിമാകൊട്ടകകളിലും മാത്രമേ അനുവദിച്ചിട്ടുള്ളു. മൈതാനങ്ങളില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചാല്‍ ശബ്ദം അതിര്‍ത്തി വിട്ടുപോകരുത് എന്ന് ഉറപ്പാക്കണം. സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനു പോലും വലിയ നിയന്ത്രണങ്ങള്‍ ഇത്തരം രാജ്യങ്ങളിലെല്ലാമുണ്ട്. പരീക്ഷ ഉള്ളപ്പോള്‍ മാത്രമല്ല, അല്ലാത്തപ്പോഴും വിദ്യാര്‍ത്ഥികളുടേയും പൊതുജനങ്ങളുടേയും അവകാശമാണ് ശാന്തമായ അന്തരീക്ഷം. അതു മലിനമാക്കരുത് എന്ന് ഈ പരീക്ഷക്കാലത്ത് ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുകയാണ് വിവിധ ഹൈക്കോടതികള്‍.

SCROLL FOR NEXT