NEWSROOM

SPOTLIGHT | മോദിയുടെ ഫാസിസവും സിപിഐഎം വിലയിരുത്തലും

ജര്‍മനിയില്‍ ഹിറ്റ്‌ലറും ഇറ്റലിയില്‍ മുസോളനിയും നടത്തിയ മര്‍ദിത, ചൂഷിത ഭരണങ്ങളാണ് കമ്യൂണിസ്റ്റ് കാഴ്ചപ്പാടില്‍ ഫാസിസ്റ്റ് ഭരണങ്ങള്‍. ഏകാധിപത്യ പ്രവണത പോലും ഫാസിസമായി വരുന്നില്ല

Author : ന്യൂസ് ഡെസ്ക്

ഫാസിസത്തിന് അതീവ ഗഹനമായ നിര്‍വചനം സൃഷ്ടിച്ചിട്ടുള്ളത് ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ല എന്ന സിപിഎം വിലയിരുത്തുന്നത് പകര്‍ത്തു പുസ്തകങ്ങളിലെ ആ നിര്‍വചനത്തിന്റെ അടിസ്ഥാനത്തിലാണ്. ജര്‍മനിയില്‍ ഹിറ്റ്‌ലറും ഇറ്റലിയില്‍ മുസോളനിയും നടത്തിയ മര്‍ദിത, ചൂഷിത ഭരണങ്ങളാണ് കമ്യൂണിസ്റ്റ് കാഴ്ചപ്പാടില്‍ ഫാസിസ്റ്റ് ഭരണങ്ങള്‍. ഏകാധിപത്യ പ്രവണത പോലും ഫാസിസമായി വരുന്നില്ല. ബിജെപി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ല എന്ന നയം 1999ലെ വാജ്‌പേയി സര്‍ക്കാര്‍ കാലം മുതല്‍ സിപിഎം പറയുന്നതാണ്. പിന്നീട് നടന്ന പാര്‍ട്ടികോണ്‍ഗ്രസുകളിലും വിലയിരുത്തിയത് അങ്ങനെയാണ്. രണ്ടു പാര്‍ട്ടി പ്ലീനങ്ങളും ഫാസിസ്റ്റ് നിര്‍വചനത്തില്‍ തിരുത്ത് ആവശ്യമില്ല എന്ന നിലപാടാണ് സ്വീകരിച്ചത്.


മോദിയുടെ ഫാസിസവും സിപിഎം വിലയിരുത്തലും



The open terrorist dictatorship of the most reactionary, most chauvinistic and most imperialist force. ഏറ്റവും പിന്തിരിപ്പനും, സമഗ്രാധിപത്യപരവും, സാമ്രാജ്യത്വപരവുമായ, അതിതീവ്ര നിലപാടുള്ള ഏകാധിപത്യ ഭരണം. ഇങ്ങനെയാണ് ഫാസിസത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിര്‍വചിക്കുന്നത്. സിപിഎമ്മിലെ പ്രകാശ് കാരാട്ട് ലൈന്‍ എക്കാലവും ഈ നിലപാടിലാണ് ഉറച്ചുനിന്നിട്ടുള്ളത്. നരേന്ദ്രമോദി സര്‍ക്കാര്‍ ജനാധിപത്യപരമായ തെരഞ്ഞെടുക്കപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഫാസിസ്റ്റ് ചായ്‌വ് ഉണ്ടെങ്കിലും ഫാസിസ്റ്റ് ആണെന്നു വിലയിരുത്താനാകില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയ്ക്ക് പ്രകാശ് കാരാട്ട് നല്‍കിയ അഭിമുഖങ്ങളിലെല്ലാം ഈ ചോദ്യം നേരിട്ടിട്ടുണ്ട്. അപ്പോഴെല്ലാം ഇതേ ഉത്തരം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ സീതാറാം യച്ചൂരി വ്യക്തിപരമായി അല്‍പം കൂടി കടത്തി പറയാറുണ്ട്. ഇന്ത്യയില്‍ പലവട്ടം നിരോധിക്കപ്പെട്ടിട്ടുള്ള ആര്‍എസ്എസ് എന്ന ഫാസിസ്റ്റ് സംഘടനയാണ് ബിജെപി ഭരണത്തെ നിയന്ത്രിക്കുന്നത്. പ്രത്യക്ഷത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ ആണെങ്കിലും ആര്‍എസ്എസിന്റെ ഫാസിസം നടപ്പാക്കാനുള്ള വേഷപ്പകര്‍ച്ചയാണ് മോദിയും അമിത് ഷായുമൊക്കെ എന്നാണ് യെച്ചൂരി പറഞ്ഞിരുന്നത്. അപ്പോഴും ബിജെപി സര്‍ക്കാര്‍ ഫാസിസ്റ്റ് ആണെന്ന് യച്ചൂരിയും പറഞ്ഞിട്ടില്ല. ഫാസിസ്റ്റ് പ്രവണതകളുള്ള സംവിധാനം എന്നാണ് കാരാട്ടാണെങ്കിലും യച്ചൂരിയാണെങ്കിലും ബിജെപി ഭരണത്തെ വിശേഷിപ്പിച്ചിരുന്നത്. ഈ നയം ആവര്‍ത്തിക്കുന്ന സിപിഎം രേഖയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. സിപിഎമ്മിന് തിരുത്തേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വരെ പറയുന്ന നിലയിലെത്തി ഇപ്പോഴത്തെ വിമര്‍ശനം.

സിപിഐഎമ്മിന്റെ സൈദ്ധാന്തിക പരിസരം



സിപിഎം മോദി ഭരണത്തെ ഫാസിസമായി വിലയിരുത്താത്തതു നാലഞ്ചു കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന്, ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് നടക്കുന്ന തെരഞ്ഞെടുപ്പിലൂടെയാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. രണ്ട്, സമയാസമയങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. മൂന്ന്, ബിജെപി എന്ന സംഘടന അതിന്റെ ജനാധിപത്യക്രമം അനുസരിച്ച് യോഗങ്ങള്‍ ചേരുകയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട്. നാല്, പ്രതിപക്ഷ പ്രവര്‍ത്തനം രാജ്യത്ത് ഇപ്പോഴും സാധ്യമാകുന്നുണ്ട്. അഞ്ച്, കര്‍ഷകസമരം പോലുള്ള ബഹുജന സമരങ്ങള്‍ക്കു മുന്‍പില്‍ സര്‍ക്കാര്‍ പതറുന്നുണ്ട്. ഇത്രയും നാട്ടില്‍ നടക്കുമ്പോള്‍ ഇതിനെ തികഞ്ഞ ഫാസിസമായി വിളിക്കാന്‍ കഴിയില്ല എന്നാണ് സിപിഎം നയരേഖയുടെ കാതല്‍. അങ്ങനെയെങ്കില്‍, എന്തുകൊണ്ടാണ് സിപിഎം വിമര്‍ശിക്കപ്പെടുന്നത്?

എന്തുകൊണ്ടു സിപിഎം വിമര്‍ശിക്കപ്പെടുന്നു?


പഴയ നിര്‍വചനങ്ങളുമായി സിപിഎം തുടരുമ്പോള്‍ ഫാസിസത്തെ പുതിയ കുപ്പിയില്‍ അവതരിപ്പിക്കുകയാണ് ആര്‍എസ്എസ് എന്നാണ് ഏറ്റവും വലിയ ആരോപണം. ആ മറുപടികളും വളരെ ശക്തമാണ്. അവ കൂടി നോക്കാം. ഒന്ന്, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്നു എന്നു പറുമ്പോഴും വര്‍ഗീയമായ ഭിന്നിപ്പുണ്ടാക്കിയാണ് ഭൂരിപക്ഷ മതവിഭാഗത്തിന്റെ പാര്‍ട്ടി അധികാരത്തില്‍ എത്തുന്നത്. രണ്ട്, നരേന്ദ്രമോദി എന്ന ഏകമുഖം അല്ലാതെ മറ്റൊരു തീരുമാന കേന്ദ്രവും ബിജെപിയില്‍ കാണാനില്ല. മൂന്ന്, ബാബറി മസ്ജിദ് കേസില്‍ ഉള്‍പ്പെടെ ജൂഡീഷ്യറി പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ സംശയമുള്ളവരുടെ എണ്ണം കൂടുന്നു. നാല്, ആര്‍ട്ടിക്കിള്‍ 370ന് പിന്നാലെ പൗരത്വനിയമവും ഏക സിവില്‍കോഡും നടപ്പാക്കാന്‍ തുടങ്ങുന്നു, മുത്തലാഖ് നിയമം പോലുള്ളവ അടിച്ചേല്‍പ്പിക്കുന്നു.അഞ്ച്, അയോധ്യക്കു പിന്നാലെ ഗ്യാന്‍വാപിയിലും മധുരയിലുമൊക്കെ പള്ളികള്‍ക്കുമേല്‍ അധികാരം സ്ഥാപിക്കുന്നു. ജനാധിപത്യപരമായ ചര്‍ച്ചകളെ എല്ലാം അസ്ഥാനത്താക്കി ഭരണഘടന തിരുത്തുന്ന സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെങ്കില്‍ മറ്റെന്താണ് എന്നാണ് ഉയരുന്ന ചോദ്യം. ഇസ്ലാമില്‍ വിശ്വാസിക്കുന്നവരെ പരസ്യമായി തന്നെ പാര്‍ശ്വവല്‍ക്കരിക്കുന്ന നിലപാടാണ് കാണുന്നത്. ഈ വസ്തുതകളെല്ലാം മുന്നിലുള്ളപ്പോള്‍ സിപിഎം എന്തുകൊണ്ട് പുനരാലോചന നടത്തുന്നില്ല എന്നാണ് ചോദ്യം.

മോദിഭരണം ഫാസിസമെന്നു വിലയിരുത്തിയാല്‍




നരേന്ദ്രമോദി ഭരണം ഫാസിസമാണെന്നു വിലയിരുത്തിയാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു മുന്നില്‍ പിന്നെ ഒരേയൊരു വഴിയേ ഉള്ളൂ. അതു സായുധ വിപ്ലവത്തിന്റേതാണ്. ഫാസിസ്റ്റായ ഒരു സര്‍ക്കാരാണ് ഭരിക്കുന്നത് എന്നു തീര്‍പ്പാക്കിയ ശേഷം പിന്നെ എങ്ങനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കും? ആ സംവിധാനത്തോട് സഹകരിച്ച് പാര്‍ലമെന്റില്‍ ഇരിക്കാന്‍ കഴിയുമോ? അങ്ങനെയൊരു സംവിധാനത്തോട് സഹകരിച്ച് സംസ്ഥാന ഭരണം നടത്താന്‍ കഴിയുമോ? സര്‍വം തികഞ്ഞ ഫാസിസ്റ്റ് സ്വഭാവമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കാണിക്കുന്നത് എങ്കില്‍ പിന്നെ പടപ്പുറപ്പാട് അല്ലാതെ മറ്റൊന്നും കമ്യൂണിസ്റ്റ് അജന്‍ഡയില്‍ ഇല്ല. ഫാസിസ്റ്റ് ആണ് മോദിയെന്നു വിലയിരുത്തിയ ബിനോയ് വിശ്വം ഉള്‍പ്പെടെ ഈ ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ടി വരും. ഫാസിസ്റ്റ് ആയ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ എങ്ങനെ സംസ്ഥാന ഭരണത്തില്‍ നാലു മന്ത്രിമാരെ തുടരാന്‍ അനുവദിക്കാന്‍ കഴിയും? കേന്ദ്രത്തിന്റെ ഉത്തരവുകളും വിഹിതവും സഹായവും ഒക്കെ പ്രധാനമായ നാലുവകുപ്പുകളാണ് സിപിഐ മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്നത്. തികഞ്ഞ ഫാസിസത്തോടു സമരമല്ലാതെ സമരസപ്പെടാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു കഴിയുമോ? ഫാസിസ്റ്റ് ഭരണമാണ് എന്ന വിലയിരുത്തിക്കഴിഞ്ഞാല്‍ പ്രധാനമന്ത്രി കേരളത്തില്‍ വരുമ്പോള്‍ എങ്ങനെയാണ് മുഖ്യമന്ത്രിക്കു സ്വീകരിക്കാന്‍ പോകാന്‍ കഴിയുക? ഫാസിസത്തെ സ്വീകരിക്കുന്ന സംവിധാനത്തിന്റെ ഭാഗമാകാന്‍ എങ്ങനെയാണ് പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിനു കഴിയുക. ഗാന്ധിജിയെ വധിച്ചത്, ബാബറി മസ്ജിദ് തകര്‍ത്തത്, 2002ലെ ഗുജറാത്ത് കലാപം എന്നിവയെല്ലാം കൊടിയ ഫാസിസ്റ്റ് പ്രവൃത്തികളായിരുന്നു. ഇതു മൂന്നും ചെയ്തത് ഞങ്ങളല്ല എന്നാണ് ആര്‍എസ്എസ് പറയുന്നത്. ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ആ നിമിഷം തീര്‍ച്ചയാക്കാം- ഇതാ തുടങ്ങിക്കഴിഞ്ഞു ഫാസിസ്റ്റ് ഭരണമെന്ന്. അതാണ് കമ്യൂണിസ്റ്റ് ലൈന്‍.

SCROLL FOR NEXT