NEWSROOM

SPOTLIGHT | അമേരിക്ക മുറിവേല്‍പ്പിച്ചത് നമ്മുടെ ആത്മാഭിമാനത്തിനോ?

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ പൗരന്മാരെ അമേരിക്കയില്‍ നിന്ന് സൈനിക വിമാനത്തില്‍ കൊണ്ടുവന്നു തള്ളുക. അവരാരും കൊടുംകുറ്റവാളികള്‍ അല്ല. മോഷണമോ പിടിച്ചുപറിയോ നടത്തിയിട്ടില്ല. അവര്‍ അമേരിക്കയിലേക്ക് പോകാന്‍ കാലാകാലങ്ങളായി തുടരുന്ന ഒരു രീതി അവലംബിച്ചവരാണ്. അതില്‍ ഭൂരിപക്ഷവും വീസ ലഭിച്ചു തന്നെ പോയവരാണ്. കാലാവധി കഴിഞ്ഞും അവിടെ പാര്‍ത്ത് സ്ഥിരതാമസക്കാരാകുന്ന ഒരു രീതി ഉണ്ടായിരുന്നു. മുന്‍ തലമുറയുടെ ആ മാര്‍ഗം പിന്‍തുടരാന്‍ ശ്രമിച്ചവരാണ് ഏറെയും. മുന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ മാതാവ് ശ്യാമളാ ഗോപാലന്‍ ഇന്ത്യയില്‍ നിന്നു പഠിക്കാന്‍ പോയയാളാണ്. ട്രംപിന്റെ ആദ്യ ഭരണത്തിലും കഴിഞ്ഞ ബൈഡന്‍ കാലത്തുമൊക്കെ അവിടെ താമസിച്ച് ജോലി ചെയ്തുവന്നവരാണ് ഇപ്പോള്‍ തിരികെ വന്നവര്‍. അനധികൃതമാണെങ്കിലും അമേരിക്കന്‍ യാത്ര അവിടെ അറിഞ്ഞു തുടരുന്ന കുടിയേറ്റമായിരുന്നു. ഇങ്ങനെ അനധികൃതമായി പോയവരാണ് അമേരിക്കയിലെ പ്രധാന വര്‍ക്ക്‌ഫോഴ്‌സ്. ഡോണള്‍ഡ് ട്രംപിന് വീരപരിവേഷം ഉണ്ടാക്കാന്‍ മാത്രം നടത്തിയ ഈ നീക്കത്തിന്റെ ഇരകളാവുകയായിരുന്നു ഇങ്ങനെ തിരികെ എത്തേണ്ടി വന്നവര്‍.


അമേരിക്ക മുറിവേല്‍പ്പിച്ചത് നമ്മുടെ ആത്മാഭിമാനത്തിനോ?

ഇവിടെ കമ്പികെട്ടാനും വാര്‍ക്കപ്പണിക്കും വന്നിരുന്നവരെ ബംഗ്‌ളാദേശിലേക്ക് നാടുകടത്തി ഇന്ത്യ തെളിഞ്ഞു നിന്ന സമയമാണ്. അങ്ങനെ വന്ന പലരും ഭീകരപ്രവര്‍ത്തകരാണെന്നുവരെയാണ് നമ്മുടെ രാജ്യത്തെ ഉത്തരവാദപ്പെട്ടവര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ഡോണള്‍ഡ് ട്രംപും പറയുന്നത് അങ്ങനെയാണ്. ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയെ നശിപ്പിക്കാന്‍ വന്നവരാണെന്ന്. ഒരു വിമാനത്തില്‍ കൊള്ളാവുന്ന 104 പേര്‍ മാത്രമാണ് മടങ്ങിവന്നത്. ഇനിയും അറസ്റ്റിലുള്ളവര്‍ മാത്രം 20,849 പേരുണ്ട്. അവരെയൊക്കെ എങ്ങനെയാണ് ട്രംപ് കൈകാര്യം ചെയ്യാന്‍ പോകുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കയിലേക്കു പോകാന്‍ ആഗ്രഹിച്ചവരെ കൊണ്ടുപോയത് ഇതേ സി 17 വിമാനത്തിലായിരുന്നു. 100 പേര്‍ക്കു സീറ്റുള്ള വിമാനത്തില്‍ 750 പേരെ വരെ കുത്തിനിറച്ചാണ് കൊണ്ടുപോയത്. ഇനിയുള്ള നാടുകടത്തല്‍ അങ്ങനെയാകുമോ? അവരില്‍ ബഹുഭൂരിപക്ഷവും ഈ രാജ്യത്ത് ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരാണ്. ഇവിടെയുള്ള തൊഴില്‍ സാധ്യതകളുടെ കുറവാണ് അവരെ അമേരിക്കയിലേക്കു കൊണ്ടുപോയത്. ഇത് തലകുനിച്ച് ഏറ്റുവാങ്ങേണ്ട വിഷയമല്ല. തലഉയര്‍ത്തി നേരിടേണ്ട പ്രശ്‌നമാണ്. മുന്‍പും നിരവധിപേര്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ടിട്ടുണ്ട്. അവരെ ആരേയും സൈനിക വിമാനത്തില്‍ കൊണ്ടുവന്നിട്ടില്ല. ഇതാദ്യമാണ് ഇങ്ങനെ ഒരു സ്ഥിതി.

അറസ്റ്റിലായ ഇന്ത്യക്കാര്‍ 3488

രണ്ടായിരം ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ അമേരിക്കയില്‍ 3488 ഇന്ത്യക്കാര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിനു പുറമെ പലകാലങ്ങളിലായി അമേരിക്കയില്‍ എത്തിയവരാണ് ശേഷിക്കുന്ന ഇരുപതിനായിരത്തിലേറെ ആളുകള്‍. അറസ്റ്റിലായവരില്‍ കൂടുതല്‍ ഇന്ത്യക്കാരല്ല. വെനസ്വേലയില്‍ നിന്ന് 41,526, കൊളംബിയയില്‍ നിന്ന് 37,817, ഇക്വഡോറില്‍ നിന്ന് 25,348,പെറുവില്‍ നിന്ന് 14,506, ബ്രസീലില്‍ നിന്ന് 9,476 എന്നിങ്ങനെയാണ് ഔദ്യോഗിക സംഖ്യകള്‍. ഇതില്‍ കൊളംബിയ എന്താണ് ചെയ്തത്. കൊളംബിയയിലോ അമേരിക്കയിലോ വേറെ ക്രിമിനല്‍ കേസുകള്‍ ഇല്ലാത്തവരെ തിരികെ കൊണ്ടുവരാന്‍ സമ്മതിച്ചു. അവര്‍ സ്വന്തം വിമാനം അയച്ച് ആദ്യബാച്ചില്‍ 200 പേരെ എത്തിച്ചു. നിരവധി വിമാനങ്ങള്‍ ഇങ്ങനെ സര്‍വീസ് നടത്താന്‍ തയ്യാറെടുക്കുന്നു. പലകാലങ്ങളില്‍ ഇങ്ങനെ ചെന്നുപെട്ടവരെ ഇന്ത്യ സ്വന്തം വിമാനം അയച്ച് കൊണ്ടുവന്നിരുന്നെങ്കില്‍ ഈ അഭിമാനക്ഷതം ഉണ്ടാകുമായിരുന്നോ? ഏതായാലും പൗരന്മാരെ വിമാനത്തില്‍ കൊണ്ടുവരുന്നത് കൈവിലങ്ങുവച്ചാണെന്ന് ഇന്ത്യയിലെ പ്രതിപക്ഷം ആരോപിക്കുന്നു. വൈറ്റ് ഹൗസ് തന്നെ പുറത്തുവിട്ട ഗോട്ടിമാലയിലെ പൗരന്മമാരെ കൊണ്ടുപോകുന്ന ചിത്രത്തില്‍ കൈവിലങ്ങ് ധരിപ്പിച്ചിട്ടുണ്ട്.

യൂറോപ്പിനോട് ട്രംപ് ഇതു ചെയ്യുമോ?

ഇന്ത്യയില്‍ നിന്നുള്ളതിന്റെ എത്രയോ മടങ്ങാണ് യൂറോപ്പില്‍ നിന്ന് അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാര്‍. യൂറോപ്പ്യന്മാര്‍ 5,55,000 ആണ്. അവിടേക്ക് ഇങ്ങനെ കൈവിലങ്ങുവച്ച് ഒരു വിമാനം ഡോണള്‍ഡ് ട്രംപ് അയയ്ക്കുമോ? അമേരിക്കയുടെ ഔദ്യോഗിക രേഖകളില്‍ ശരിക്കുള്ള കുടിയേറ്റക്കാരുടെ ആ സംഖ്യ കാണാം. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റീസ് പുറത്തിറക്കിയ കണക്ക് അനുസരിച്ച് 2,20,000 ഇന്ത്യക്കാരാണ് അവിടെ 2022ല്‍ ഉള്ളത്.

അതിനുശേഷമുള്ള കണക്ക് ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. 2018ല്‍ 4,80,000 ഉണ്ടായിരുന്നത് 2022 ആയപ്പോഴേക്കും 55 ശതമാനം കുറഞ്ഞു. പിന്നീട് എണ്ണം കുറയുകയല്ല കൂടുകയാണ് ചെയ്തത് എന്നാണ് യുഎസ് ഫാക്ട്‌സ് എന്ന സ്വകാര്യ വെബ്‌സൈറ്റിലെ കണക്ക്. 2024 സെപ്റ്റംബറില്‍ അതായത് ആറുമാസം മുന്‍പ് വരെ അമേരിക്കയില്‍ ഉള്ളത് 2,58,900 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരാണ്. ഇവരെ മുഴുവന്‍ തിരികെ കൊണ്ടുവരിക എന്നാല്‍ അതൊരു ഹിമാലയന്‍ യജ്ഞമാണ്. അതുണ്ടാക്കാന്‍ പോകുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ അചിന്തനീയവുമാണ്.

എന്തുകൊണ്ട് അമേരിക്കയിലേക്ക്?

ഏതുവിധേനയും അമേരിക്കയില്‍ എത്തിപ്പെട്ടാല്‍ തൊഴിലും ജീവിത സൗകര്യങ്ങളും കിട്ടും എന്നതാണ് ഇത്രപേരെ അവിടെ എത്തിച്ചത്. നാട്ടില്‍ നിന്നാല്‍ ഒരു ഗതിയും ഉണ്ടാകില്ലെന്ന് ഉറപ്പുള്ളവരാണ് അടിമജോലിക്കാണെങ്കിലും അമേരിക്കയിലേക്കു പോകാന്‍ തയ്യാറെടുക്കുന്നത്. മെക്‌സിക്കോയില്‍ നിന്ന് മാത്രം അമേരിക്കയിലേക്കു കടന്നത് 22 ദശലക്ഷം ആളുകളാണ്. അമേരിക്കയും ഈ അനധികൃത വരവിന് കണ്ണടച്ചതുകൊണ്ടാണ് ഈ ജനതയ്ക്ക് അവിടെ തുടരാന്‍ സാധിച്ചത്. ഇപ്പോള്‍ ഡൊണള്‍ഡ് ട്രംപ് ചെയ്തത് ഒന്നാന്തരം മാടമ്പിത്തരമാണ്. അതിനോട് ആ രീതിയില്‍ ഇന്ത്യക്കു പ്രതികരിക്കാന്‍ കഴിയുമോ എന്നാണ് ചോദ്യം. അമേരിക്കയുടെ സൈനിക വിമാനം അമൃത്‌സറില്‍ വന്നിറങ്ങി എന്നാല്‍ നമ്മുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. ഇതിന്റെ പലമടങ്ങ് ആളുകളെ കൊണ്ടുവരാവുന്ന യാത്രാ വിമാനങ്ങളുണ്ട്. സി 17 വിമാനത്തിന്റെ അത്ര പോലും ചെലവില്ലാതെ അയയ്ക്കാന്‍ കഴിയുന്ന നിരവധി വിമാനങ്ങള്‍ അമേരിക്കയ്ക്കു തന്നെയുണ്ട്. അതിനൊന്നും നില്‍ക്കാതെ സൈനിക വിമാനത്തില്‍ കൊണ്ടുവരികയാണ് ട്രംപ്. ആ വിമാനം നമ്മുടെ രാജ്യത്ത് ഇറക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഈ വിഷമസ്ഥിതിക്ക് നയതന്ത്രപരമായ മറുപടി എന്താണെന്നാണ് നമ്മുടെ പൗരന്മാര്‍ ഉറ്റുനോക്കുന്നത്. നികുതിയിലും കുടിയേറ്റ വിഷയത്തിലും പരിധികള്‍ ലംഘിച്ച് ട്രംപ് നടത്തുന്നത് യുദ്ധം തന്നെയാണ്. അതിന് അതേ നിലവാരത്തിലുള്ള മറുപടികളാണ് ഉണ്ടാകേണ്ടതും.

SCROLL FOR NEXT