NEWSROOM

SPOTLIGHT | പെരിയാറില്‍ വിഷം കലക്കുന്നത് ആരൊക്കെ?

ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്ത് യമുന നദിയെക്കുറിച്ച് എന്തൊക്കെ പറഞ്ഞോ അതെല്ലാം പെരിയാറിലുമുണ്ട് എന്നാണ് പഠനം കാണിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

പെരിയാറിനെ എങ്ങനെയാണ് നമ്മുടെ കണ്‍മുന്നില്‍ കൊന്നുകളഞ്ഞത്? അത് അക്കമിട്ട് വിശദമാക്കുകയാണ് കേരള സര്‍വകലാശാലയുടെ ഫിഷറീസ് ആന്‍ഡ് ഓഷ്യാനിക് സ്റ്റഡീസ് നടത്തിയ പഠനം. പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ബഹുതല സ്പര്‍ശിയായ ഉത്തരങ്ങളാണ് പഠനം നല്‍കുന്നത്. തീര്‍ച്ചയായും വ്യവസായങ്ങള്‍ പുറന്തള്ളുന്ന മാലിന്യം വലിയ ഘടകമാണ്. അതൊടൊപ്പം തന്നെ ഗുരുതരമാണ് പെരിയാറിന്റെ ഉത്ഭവ സ്ഥാനം മുതലുള്ള തോട്ടക്കൃഷി വരുത്തുന്ന മലിനീകരണം. ഇതു രണ്ടും മാത്രമല്ല കടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യം നേരിട്ട് പെരിയാറിലേക്ക് എത്തുന്നു. പഞ്ചായത്തുകളില്‍ നിന്നും മുനിസിപ്പാലിറ്റികളില്‍ നിന്നും കോര്‍പ്പറേഷനുകളില്‍ നിന്നുമുള്ള അഴുക്കുചാലുകള്‍ ചെന്നെത്തുന്നത് പെരിയാറിലാണ്. കക്കൂസ് മാലിന്യങ്ങള്‍ നേരിട്ട് പുഴയിലേക്കു വിടുന്ന പൈപ്പ് ലൈനുകള്‍ പോലുമുണ്ടെന്ന് കണ്ടെത്തുകയാണ് ഈ പഠനം. ഡല്‍ഹിയിലെ യമുന മാത്രമല്ല, കേരളത്തിലെ പെരിയാറും അത്യന്തം അപകടകരമാണ്.


പെരിയാറില്‍ വിഷം കലക്കുന്നത് ആരൊക്കെ?



കെമിക്കല്‍, മിനറല്‍ മാലിന്യങ്ങളും വിഷംനിറഞ്ഞ നിരവധി മറ്റുമാലിന്യങ്ങളും വ്യവസായങ്ങള്‍ പെരിയാറിലേക്ക് ഒഴുക്കുന്നു. ഇവിടെ അഴുക്കുവെള്ളം സംസ്‌കരിച്ച് പുറന്തള്ളാനുള്ള സംവിധാനം ഏതാനും വ്യവസായങ്ങള്‍ക്കു മാത്രമേയുള്ളു. നിരവധി റെഡ് കാറ്റഗറി വ്യവസായങ്ങളാണ് പെരിയാറിന്റെ കരയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം തന്നെ ഗുരുതരമാണ് തോട്ടങ്ങളില്‍ നിന്നുള്ള മലിനീകരണം. പെരിയാര്‍ ഒഴുകിവരുന്ന മലകളില്‍ തേയിലയും ഏലവും കൃഷിചെയ്യുന്ന നിരവധി തോട്ടങ്ങളുണ്ട്. അനുവദനീയമായതിലും അധികം രാസവളങ്ങളും കീടനാശിനികളുമാണ് ഈ തോട്ടങ്ങളില്‍ പ്രയോഗിക്കുന്നത്. മഴയ്ക്കു പിന്നാലെ തോട്ടത്തില്‍ നിന്ന് ഇവ ഒഴുകി പെരിയാറില്‍ എത്തുന്നു. മൂന്നാമത്തെ വലിയ കാരണം നഗരമാലിന്യമാണ്. ശുദ്ധീകരിക്കാത്തതോ ഭാഗീകമായി മാത്രം ശുദ്ധീകരിച്ചതോ ആയ മാലിന്യങ്ങളാണ് നഗരങ്ങളിലെ ഹൗസിങ് കോളനികളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും കടകളില്‍ നിന്നും അറവുശാലകളില്‍ നിന്നുമെല്ലാം പുഴയിലെത്തുന്നത്. നദി ഒഴുകിവരുന്ന ഇടങ്ങളിലൊന്നും സൂവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുകി വരുന്നതിനെക്കുറിച്ച് പല തദ്ദേശ സ്ഥാപനങ്ങള്‍ക്കും അറിവുപോലുമില്ല. നിരവധി വാണിജ്യമന്ദിരങ്ങളില്‍ നിന്നും ഹൗസിങ് കോളനികളില്‍ നിന്നും കക്കൂസ് മാലിന്യം നേരിട്ട് പുഴയിലേക്കെത്തുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്ത് യമുന നദിയെക്കുറിച്ച് എന്തൊക്കെ പറഞ്ഞോ അതെല്ലാം പെരിയാറിലുമുണ്ട് എന്നാണ് ഈ പഠനം കാണിക്കുന്നത്.


പെരിയാറില്‍ ഉള്ളത് എന്തൊക്കെ?



എല്ലാ ഹെവി മെറ്റലുകളും അപകടകരമായ നിലയില്‍ പെരിയാറില്‍ കണ്ടെത്തി. കീടനാശിനി ഫാക്ടറികളൊക്കെ പൂട്ടിയെങ്കിലും പെരിയാറ്റില്‍ വലിയതോതില്‍ കീടനാശിനി കലര്‍ന്നിട്ടുണ്ട്. കൃഷിയില്‍ വലിയതോതില്‍ ഇത് ഉപയോഗിക്കുന്നതുകൊണ്ടുമാകാം ഈ സാന്നിധ്യം. വലിയ തോതില്‍ ന്യൂട്രിയന്റ് സാന്നിധ്യവുമുണ്ട് പെരിയാറ്റില്‍. വളങ്ങളില്‍ നിന്നുള്ള നൈട്രജനും ഫോസ്ഫറസുമാകാം ഈ സ്ഥിതി സൃഷ്ടിക്കുന്നത്. വിഷകരമായ രാസവസ്തുക്കളും വലിയ തോതില്‍ പുഴയിലുണ്ട്. വ്യവസായ ശാലകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമൊക്കെ പുറംതള്ളുന്നതാകാം ഇവ.


ജീവവായു ഇല്ലാതെ മീനുകള്‍


വെള്ളത്തിലെ ഓക്‌സിജന്‍ നില മൂലമ്പിള്ളിയില്‍ ദശാംശം മൂന്ന്, കോതാട് 1.14, വരാപ്പുഴയില്‍ 3.08 എന്നിങ്ങനെയായിരുന്നു. ഡിസ്സോള്‍വ്ഡ് ഓക്‌സിജന്റെ ഈ കുറവ് മീനുകള്‍ ചാവാന്‍ കാരണമാകാം. എന്നാല്‍ ഇതുമാത്രമല്ല. മീനുകള്‍ക്ക് അത്യന്തം ഹാനികരമായ ഹൈഡ്രജന്‍ സള്‍ഫൈഡ് വളരെ ഉയര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. കോതാടും മൂലമ്പിള്ളിയിലും 2.53ഉം വരാപ്പുഴയില്‍ 3.79ഉം ആയിരുന്നു ഹൈഡ്രജന്‍ സള്‍ഫൈഡ് റീഡിങ്. ഒരുവിധം എല്ലാ ജലജീവജാലങ്ങള്‍ക്കും ഹാനികരമാണ് ഹൈഡ്രജന്‍ സള്‍ഫൈഡ്.


പിന്നെയുള്ളത് അമോണിയയാണ്. ദശാംശം പൂജ്യം അഞ്ച് എന്ന നിലയില്‍ പോലും അപകടകരമായ അമോണിയ 1.39 എന്ന നിലയിലാണ് മൂലമ്പള്ളിയില്‍ കണ്ടെത്തിയത്. കോതാടാണെങ്കില്‍ 1.97 എന്ന നിലയിലും. മീനുകളുടെ ആന്തരികാവയവങ്ങളുടെയൊക്കെ നാശത്തിലേക്കു നയിച്ചത് ഈ അമോണിയ സാന്നിധ്യമാണ്. ഹെവി മെറ്റലുകളും ഇതുപോലെ ഭയാനകമായ നിലയിലാണ് പെരിയാറില്‍ ഉണ്ടായിരുന്നത്.

എങ്ങനെ പെരിയാറിനെ വീണ്ടെടുക്കാം?



ആം ആദ്മി സര്‍ക്കാര്‍ പത്തുവര്‍ഷം ശ്രമിച്ചിട്ടും ഡല്‍ഹിയിലെ യമുനയെ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. സമാനമാണ് പെരിയാറിന്റെ അവസ്ഥയും. ഉത്ഭവ സ്ഥാനം മുതലുള്ള തോട്ടങ്ങളില്‍ നിന്ന് ആരംഭിക്കണം നവീകരണ ശ്രമം.


അളവില്‍ കവിഞ്ഞ രാസവളമോ കീടനാശിനിയോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. പിന്നെ വ്യവസായങ്ങള്‍ക്കെല്ലാം മാലിന്യസംസ്‌കരണം നിര്‍ബന്ധമാക്കണം. ഓരോ വ്യവസായങ്ങളില്‍ നിന്നും പുറത്തുവരുന്ന മാലിന്യം കൃത്യമായി ശുദ്ധീകരിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം. പെരിയാര്‍ തീരത്തെ ഹോട്ടലുകളും വാസസ്ഥലങ്ങളും പുഴയിലേക്ക് മാലിന്യം നേരിട്ട് ഒഴുക്കുന്നില്ല എന്ന് ഉറപ്പാക്കണം. പഞ്ചായത്തുകളും നഗരസഭകളും കോര്‍പ്പറേഷനുകളും സൂവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കണം. വെള്ളത്തിന്റെ ഗുണനിലവാരം ദിവസവും പരിശോധിക്കാന്‍ സംവിധാനം വേണം. മുന്നറിയിപ്പ് നല്‍കാന്‍ എഐ സംവിധാനം ഉപയോഗപ്പെടുത്തണം. പെരിയാറിലെ മത്സ്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനം നടക്കണം. പെരിയാറില്‍ ഇപ്പോള്‍ ഈ നിമിഷം ശുദ്ധീകരണം ആരംഭിച്ചില്ലെങ്കില്‍ വലിയൊരു വിഭാഗം ജനതയെയാണ് അതു ബാധിക്കുക. പെരിയാറ്റിലെ വെള്ളമാണ് മൂന്നു ജില്ലകളില്‍ കുടിക്കാന്‍ ഉപയോഗിക്കുന്നത് എന്നെങ്കിലും മറക്കാതിരിക്കാം.

SCROLL FOR NEXT