NEWSROOM

SPOTLIGHT| TAHAWUR RANA| മുംബൈ ഭീകരാക്രമണവും തഹാവൂര്‍ റാണയും

സ്‌കൂള്‍ കാലം മുതല്‍ സൗഹൃദമുള്ള റാണയും ഹെഡ്‌ലിയും ഒരേ സമയമാണ് പാകിസ്ഥാന്‍ വിട്ടത്

Author : ന്യൂസ് ഡെസ്ക്

ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും തഹാവൂര്‍ റാണയും. ഇന്ത്യ 17 വര്‍ഷമായി ആവശ്യപ്പെടുന്ന രണ്ടുപേര്‍. ഇവരില്‍ തഹാവൂര്‍ റാണ ഒടുവില്‍ ഇന്ത്യയിലെത്തി. മുഖ്യ സൂത്രധാരന്‍ ഡേവിഡ് ഹെഡ്‌ലി എന്നെങ്കിലും എത്താനുള്ള സാധ്യതകള്‍ പോലും വിരളമാണ്. 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തില്‍ മുഖ്യ സൂത്രധാരന്മാര്‍ എന്നു കരുതുന്നവരാണ് ഹെഡ്‌ലിയും റാണയും. തഹാവൂര്‍ റാണ ജനിച്ചതും വളര്‍ന്നതും പാകിസ്ഥാനില്‍. പാകിസ്ഥാന്‍ സൈന്യത്തിലെ ഡോക്ടറായിരുന്നു. ഇപ്പോള്‍ പൗരത്വം കാനഡയില്‍. ഡേവിഡ് ഹെഡ്‌ലിയുടെ പിതാവ് പാകിസ്ഥാന്‍കാരന്‍. മാതാവ് അമേരിക്കക്കാരി. വളര്‍ന്നത് പാകിസ്ഥാനില്‍. ഹെഡ്‌ലേയും റാണയും ഒരേസ്‌കൂളില്‍ പഠിച്ച സമപ്രായക്കാരും അടുത്ത സുഹൃത്തുക്കളും. ലഷ്‌കര്‍ ഇ തായ്ബയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നു പറയുമ്പോഴും ഇരുവരും പാകിസ്ഥാന്റെ ചാരന്മാര്‍ എന്നാണ് അറിയപ്പെടുന്നത്. പാകിസ്ഥാനെതിരേ ഇന്ത്യ ഉന്നയിക്കാന്‍ പോകുന്ന ഏറ്റവും വലിയ തെളിവാണ് തഹാവൂര്‍ റാണ.



മുംബൈ ഭീകരാക്രമണവും തഹാവൂര്‍ റാണയും



2008 നവംബര്‍ 26ന് നടന്ന മുംബൈ ആക്രമണം. അതിനു ശേഷം 2009 ഒക്ടോബറിലാണ് തഹാവൂര്‍ റാണ അറസ്റ്റിലായത്. അറസ്റ്റിലായത് ചിക്കാഗോയില്‍ വച്ച്. റാണ അറസ്റ്റിലാകുന്നത് മുംബൈ ഭീകരാക്രമണ കേസില്‍ അല്ല. ഡാനിഷ് ദിനപ്പത്രമായ ജൈലാന്‍ഡ്‌സ് പോസ്റ്റണില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതിനാണ്. മുംബൈ ഭീകരാക്രമണ മാതൃകയിലായിരുന്നു ഡെന്മാര്‍ക്കില്‍ ആക്രമണത്തിന് പദ്ധതി. പ്രവാചകനെക്കുറിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതായിരുന്നു പ്രകോപനം. ആസുത്രണത്തിനു ശേഷം ചിക്കാഗോ വിമാനത്താവളത്തില്‍ നിന്ന് പാകിസ്ഥാനിലേക്കു പോകാന്‍ ശ്രമിക്കുമ്പോഴാണ് തഹാവൂര്‍ റാണയും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും അറസ്റ്റിലാകുന്നത്. ഹെഡ്‌ലിയെ അമേരിക്കയിലെ കോടതി 35 വര്‍ഷം തടവിനു ശിക്ഷിച്ചു. കൈമാറാന്‍ കഴിയാത്ത വ്യവസ്ഥകളോടെയാണ് ഹെഡ്‌ലിയുടെ അറസ്റ്റ് എന്നതിനാല്‍ ഇന്ത്യയ്ക്കു വിട്ടുകിട്ടാനുള്ള സാധ്യതകള്‍ വിരളമാണ്.

അമേരിക്കയില്‍ നടത്തിയ ആസൂത്രണങ്ങള്‍


സ്‌കൂള്‍ കാലം മുതല്‍ സൗഹൃദമുള്ള റാണയും ഹെഡ്‌ലിയും ഒരേ സമയമാണ് പാകിസ്ഥാന്‍ വിട്ടത്. രണ്ടുപേരും ലഷ്‌കറിന്റെ ആക്രമണ പദ്ധതികളുടെ അമരക്കാരാകാന്‍ തീരുമാനിച്ചായിരുന്നു രാജ്യം വിട്ടത്. അതോ പാകിസ്ഥാന്‍ തന്നെ അയച്ചതാണോ ഇരുവരേയും എന്ന ചോദ്യവും ബാക്കിനില്‍ക്കുന്നു. റാണയും ഭാര്യയും കാനഡയിലേക്കാണ് പോയത്. ഹെഡ്‌ലി മാതാവിന്റെ സ്ഥലമായ അമേരിക്കയിലേക്കും. ഹെഡ്‌ലിയുടെ മാതാപിതാക്കള്‍ അപ്പോഴേക്കും ബന്ധം പിരിയുകയും വേറെ വിവാഹിതരാവുകയും ചെയ്തിരുന്നു. 2001ല്‍ കനേഡിയന്‍ പൗരത്വം കിട്ടിയതോടെ റാണയും കൂടുതല്‍ സുരക്ഷിതനായി. കാനഡയില്‍ വിസ കണ്‍സള്‍ട്ടേഷന്‍ സ്ഥാപനം നടത്തുകയായിരുന്നു റാണ. ഈ സ്ഥാപനത്തിന് മുംബൈയില്‍ ശാഖ തുറന്നാണ് ആക്രമണത്തിന് അരങ്ങൊരുക്കിയത്. 2005ലാണ് മുംബൈ ശാഖ തുറക്കുന്നത്. ഓഫിസ് എടുക്കുകയും ഹെഡ്‌ലിയെ കണ്‍സള്‍ട്ടന്റായി നിയമിക്കുകയും ചെയ്തു. ഓഫീസില്‍ ഹെഡ്‌ലിയുടെ കീഴില്‍ ഒരു ജീവനക്കാരനേയും നിയമിച്ചു. പക്ഷേ 2008ല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതുവരെ ഒരു ഇടപാടുപോലും സ്ഥാപനം നടത്തിയില്ല. ഈ സ്ഥാപനത്തിന്റെ മറവില്‍ ഹെഡ്‌ലി അഞ്ചുതവണ മുംബൈയില്‍ വന്നു മടങ്ങി. താജ് ഹോട്ടല്‍ വിഡിയോയില്‍ പകര്‍ത്തി ആസൂത്രകര്‍ക്ക് എത്തിച്ചത് ഈ യാത്രകളിലാണ്.

റാണയ്ക്കു നേരിട്ടു ബന്ധമുണ്ടോ?



ലഷ്‌കര്‍ നടത്തുന്ന ആക്രമണ പദ്ധതികളെ കുറിച്ച് 2005ല്‍ തന്നെ റാണെയും ഹെഡ്‌ലിയും ചര്‍ച്ച തുടങ്ങിയിരുന്നുവെന്നാണ് അമേരിക്കയിലെ കോടതി കണ്ടെത്തിയത്. താജ് ഹോട്ടലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഹെഡ്‌ലി ആദ്യം കാണിച്ചതും തഹാവൂര്‍ റാണയെയാണ്. ആക്രമണത്തിന് തൊട്ടുമുന്‍പാണ് മുംബൈയിലെ ഓഫിസ് ഉപേക്ഷിച്ച് റാണ കാനഡയിലേക്കും ഹെഡ്‌ലി അമേരിക്കയിലേക്കും മടങ്ങിയത്. ഇരുവരും പോയി മൂന്നാഴ്ചയ്ക്കുള്ളില്‍ താജ് ഹോട്ടല്‍ ആക്രമിക്കപ്പെട്ടു. ലഷ്‌കര്‍ ഇ തായ്ബ നടത്തിയ ആക്രമണം എന്നാണ് അറിയപ്പെടുന്നതെങ്കിലും ഐഎസ്‌ഐ തന്നെയാണ് പിന്നില്‍ എന്നാണ് ആരോപണം. റാണ വഴി ഹെഡ്‌ലിയും ഐഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ഇന്ത്യയുടെ നിഗമനം. ഭീകരപ്രവര്‍ത്തനത്തിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ലഹരി കടത്തിയ കേസുകളും ഹെഡ്‌ലിയുടെ പേരിലുണ്ട്. ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായിരുന്നു ലഹരി കടത്ത് എന്നാണ് അമേരിക്കയിലെ കുറ്റപത്രം.



റാണയെ മാത്രം മതിയോ ഇന്ത്യക്ക്?


തഹാവൂര്‍ റാണ ചെയ്ത ഓരോ കുറ്റവും തെളിയിക്കപ്പെടാന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ കൂടി ലഭിക്കണം എന്നതാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി. തഹാവൂര്‍ റാണ ഒറ്റയ്ക്കല്ല ഈ ആസൂത്രണം നടത്തിയത്. ഓരോ ഘട്ടത്തിലും ഹെഡ്‌ലി പങ്കെടുത്തിരുന്നു. റാണയെക്കാള്‍ കൂടുതല്‍ വലിയ കുറ്റവാളി ഹെഡ്‌ലി ആണുതാനും. ഹെഡ്‌ലിയുടെ മൊഴി ഇല്ലാതെ റാണെ ചെയ്ത ഒരു കുറ്റവും തെളിയിക്കുക ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ഇന്ത്യയുടെ കയ്യിലുള്ളത് അമേരിക്ക ഹെഡ്‌ലിക്ക് എതിരേ നല്‍കിയ കുറ്റപത്രമാണ്. ഇതിനുപുറമെ ഓണ്‍ലൈനായി ഹെഡ്‌ലിയെ ഇന്ത്യ വിചാരണയും ചെയ്തിരുന്നു. ഇവര്‍ രണ്ടുപേരേയും ഒരുമിച്ച് ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ കുറ്റവാളിയിലേക്ക് എത്താന്‍ കഴിയൂ. ഹെഡ്‌ലിലും റാണയും ഉപകരണങ്ങള്‍ മാത്രമാണ്. ഇവര്‍ക്കു മുകളിലിരുന്ന് ഇന്ത്യക്കെതിരായ ആക്രമണം ആസൂത്രണം ചെയ്തയാള്‍ ശരിക്കും ചിത്രത്തിനു വെളിയിലാണ്. പാകിസ്താന്‍ സൈന്യത്തിലെ മുന്‍ ഡോക്ടറായ റാണയുടെ പിന്നില്‍ ലഷ്‌കര്‍ അല്ല, പാകിസ്താന്‍ തന്നെയാണെന്നാണ് ഇന്ത്യയുടെ ആരോപണം. അതു തെളിയിക്കാനുള്ള പിടിവള്ളിയാണ് റാണ. റാണയില്‍ നിന്ന് ഇനി ലഭിക്കുന്ന മൊഴികളായിരിക്കും പാകിസ്താനെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കുള്ള തെളിവ്.

SCROLL FOR NEXT