NEWSROOM

IPL 2025 | SRH VS DC | മഴ ചതിച്ചു, മത്സരം ഉപേക്ഷിച്ചു; പ്ലേ ഓഫ് കാണാതെ ഹൈദരാബാദ് പുറത്തേക്ക്

ജയം അനിവാര്യമായിരുന്ന ഹൈദരാബാദ് മത്സരം ഉപേക്ഷിച്ചതോടെ പ്ലേ ഓഫ് കാണാതെ ഐപിഎല്‍ 18-ാം സീസണില്‍ നിന്ന് പുറത്താവുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

ഐപിഎല്ലിലെ സൺറൈസേഴ്‌സ് ഹൈദരാബാദ്-ഡൽഹി ക്യാപിറ്റൽസ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ 133 റൺസെടുത്തിരുന്നു. പിന്നാലെയാണ് മഴ എത്തിയത്.

മത്സരത്തിൽ അശുതോഷ് ശർമയുടെ 41 റൺസും ട്രിസ്റ്റണ്‍ സ്റ്റബ്‌സിൻ്റെ 41 റൺസുമാണ് ഡൽഹിയെ മെച്ചപ്പെട്ട സ്കോറിലേക്ക് നയിച്ചത്. അശുതോഷ് അവസാന പന്തില്‍ പുറത്തായി. ഹൈദരാബാദിന് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിൻ്റുകൾ വീതം ലഭിച്ചു. ഇന്നലെ ജയം അനിവാര്യമായിരുന്ന ഹൈദരാബാദ്, മത്സരം ഉപേക്ഷിച്ചതോടെ പ്ലേ ഓഫ് കാണാതെ ഐപിഎല്‍ 18-ാം സീസണില്‍ നിന്ന് പുറത്തായി. ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ രണ്ട് എണ്ണത്തിൽ വിജയിക്കാൻ സാധിച്ചാലാകും ഡൽഹിക്ക് പ്ലേ ഓഫിൽ കടക്കാൻ സാധിക്കുക.

ഇന്ന് ഐപിഎല്ലിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. വൈകീട്ട് ഏഴരയ്ക്ക് വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

SCROLL FOR NEXT