കോവിഡ് ബാധിതരായി മരിച്ച മുസ്ലിം മതത്തിൽപ്പെട്ടവരുടെ മൃതദേഹം ഇസ്ലാമിക ആചാരങ്ങൾ അവഗണിച്ച് നിർബന്ധിച്ച് ദഹിപ്പിച്ചതിൽ ഔദ്യോഗികമായി മാപ്പ് പറഞ്ഞ് ശ്രീലങ്കൻ സർക്കാർ. ഇസ്ലാമിക ആചാരങ്ങള്‍ അനുസരിച്ച് മൃതദേഹം മറവ് ചെയ്യുന്നത് സുരക്ഷിതമാണെന്ന ലോകാരോഗ്യ സംഘടനയുടെ ഉറപ്പ് നിലനില്‍ക്കെ തന്നെ അതിന് അനുവദിക്കാതെ നിര്‍ബന്ധ പൂര്‍വ്വം കോവിഡ് ബാധിച്ച് മരിച്ച മുസ്ലീംങ്ങളെ ദഹിപ്പിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ മാപ്പുപറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ഭാവിയിൽ മുസ്ലിം സമുദായത്തിൻ്റെയോ, മറ്റേതെങ്കിലും സമുദായത്തിൻ്റെയോ ശവസംസ്‌കാര ചടങ്ങുകൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുമെന്നും സർക്കാർ ഉറപ്പ് നൽകി. ശ്രീലങ്കയിലും പരമ്പരാഗതമായി മുസ്ലിം സമുദായത്തിൽപ്പെട്ടവരെ അടക്കം ചെയ്യുകയാണ് ചെയ്യുന്നത്. അതേസമയം ഭൂരിഭാഗം ബുദ്ധമതക്കാരും ദഹിപ്പിക്കുകയാണ് ചെയ്യുന്നത്.
ശ്രീലങ്കയിലെ മുസ്ലീം പ്രതിനിധികൾ ക്ഷമാപണത്തെ സ്വാഗതം ചെയ്തു. എന്നാൽ ദ്വീപിലെ 22 ദശലക്ഷം ജനസംഖ്യയുടെ 10 ശതമാനം ആളുകൾക്കും സർക്കാരിന്റെ പ്രവൃത്തി ഇപ്പോഴും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കി. സർക്കാരിൻ്റെ നിർബന്ധിത ശവസംസ്‌കാര നയത്തിന് പിന്നിൽ പ്രവർത്തിച്ച മെത്തിക വിതാനഗെ, ചന്ന ജയസുമന എന്നീ രണ്ട് അക്കാദമിക് വിദഗ്ധർക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും, നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും ശ്രീലങ്കൻ മുസ്‌ലിം കൗൺസിൽ വക്താവ് ഹിൽമി അഹമ്മദ് പറഞ്ഞു.
അതേസമയം മുസ്ലീം ശവസംസ്കാര ചട്ടങ്ങൾ ലംഘിച്ചതിന് യുഎൻ മനുഷ്യാവകാശ കൗൺസിലിലടക്കം അന്നത്തെ ഗോതബായ രാജപക്‌സെ സർക്കാർ വിമർശനം നേരിട്ടതോടെ ഉത്തരവ് അദ്ദേഹം പിൻവലിച്ചിരുന്നു. കോവിഡ് ഇരകളെ മറവ് ചെയ്യാൻ അനുവദിക്കരുതെന്ന വിദഗ്ധ ഉപദേശം മാത്രമാണ് താൻ നടപ്പിലാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ശ്രീലങ്കൻ സന്ദർശന വേളയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ അഭ്യർത്ഥനയെത്തുടർന്ന് 2021 ഫെബ്രുവരിയിൽ ആണ് സർക്കാർ നിർബന്ധിത ശവസംസ്‌കാര നയം നിർത്തിവെച്ചത്.