NEWSROOM

മൈനാഗപ്പള്ളി അപകടം: ശ്രീക്കുട്ടി ആവശ്യപ്പെട്ടത് വണ്ടി നിർത്താൻ; മകളെ മനഃപൂർവ്വം കുടുക്കിയതെന്ന് അമ്മ

സ്കൂട്ടർ യാത്രക്കാരിക്ക് ജീവൻ നഷ്ടപ്പെടും എന്നറിഞ്ഞുകൊണ്ട് പ്രതികള്‍ വണ്ടി കയറ്റിയിറക്കി എന്നാണ് റിമാൻ്റ് റിപ്പോർട്ടിലുള്ളത്.

Author : ന്യൂസ് ഡെസ്ക്

മൈനാഗപ്പള്ളി അപകടത്തിൽ മകളെ മനഃപൂർവ്വം കുടുക്കിയതാണെന്ന് ഡോ. ശ്രീ കുട്ടിയുടെ അമ്മ സുരഭി. മകൾ വണ്ടി നിർത്താനാണ് പറഞ്ഞതെന്നും മകൾ നിരപരാധിയാണെന്നും സുരഭി പറഞ്ഞു.

മകൾ ആരെയും ദ്രോഹിക്കില്ല. ആ സ്ത്രീയെ കൊല്ലാൻ തന്റെ മകൾ കൂട്ടുനിൽക്കില്ലെന്നും ശ്രീകുട്ടിയെ കുടുക്കുകയായിരുന്നെവെന്നും പ്രതിയായ അജ്മലിനെ തനിക്കറിയില്ലെന്നും സുരഭി ന്യൂസ് മലയാളത്തോട് പറഞ്ഞു.


സെപ്തംബർ 15നായിരുന്നു ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൈനാഗപ്പള്ളി സ്വദേശിനിയായ കുഞ്ഞുമോൾ മരിച്ചത്. സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തിയ ശേഷം റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Read More: മൈനാഗപ്പള്ളി അപകടം: ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ


അതേസമയം, സ്കൂട്ടർ യാത്രക്കാരിക്ക് ജീവൻ നഷ്ടപ്പെടും എന്നറിഞ്ഞുകൊണ്ട് പ്രതികള്‍ വണ്ടി കയറ്റിയിറക്കി എന്നാണ് റിമാൻ്റ് റിപ്പോർട്ടിലുള്ളത്. ബോണറ്റില്‍ യുവതി വീണതിന് ശേഷവും വണ്ടി നിർത്താതെ പോയത് നരഹത്യാ ശ്രമമാണ്. യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കാൻ പറഞ്ഞത് ഡോക്ടർ ശ്രീക്കുട്ടി ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.


14 ദിവസത്തേക്ക് രണ്ട് പ്രതികളെയും ശാസ്താംകോട്ട കോടതി റിമാൻഡ് ചെയ്തിരുന്നു. മനഃപൂർവമുള്ള നരഹത്യയാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അജ്മലിൻ്റെയും ശ്രീക്കുട്ടിയുടെയും രക്ത സാമ്പിളുകളടക്കം പൊലീസ് ശേഖരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ അജ്മലിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചിരുന്നു.

SCROLL FOR NEXT