NEWSROOM

കനത്ത മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും; ശ്രീനഗർ-ജമ്മു ദേശീയ പാത മൂന്നാം ദിവസവും അടച്ചിട്ടു

യാത്രക്കാർ ഹൈവേയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്



ജമ്മു കശ്മീരിൻ്റെ പല പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും ശക്തമായതോടെ ശ്രീനഗർ-ജമ്മു ദേശീയ പാത മൂന്നാം ദിവസവും അടച്ചിട്ടു. ഖാസിഗുണ്ടിനും ബനിഹാലിനും സമീപം കനത്ത മഞ്ഞുവീഴ്ചയെത്തുടർന്നാണ് ശ്രീനഗർ-ജമ്മു ദേശീയ പാതയും ശ്രീനഗർ-ലഡാക്ക് ദേശീയ പാതയും അടച്ചിട്ടത്. നൂറുകണക്കിന് വാഹനങ്ങളാണ് ദേശീയപാതയിൽ കുടുങ്ങിക്കിടക്കുന്നത്. റോഡുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണെന്നും യാത്രക്കാർ ഹൈവേയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ജമ്മു-ശ്രീനഗർ ദേശീയ പാതയ്ക്ക് പുറമേ, കശ്മീരിനെ ലേയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗർ-സോണമാർഗ്-ഗുംരി (എസ്എസ്ജി) റോഡ്, ഭദേർവ-ചമ്പ റോഡ്, മുഗൾ റോഡ്, സിന്താൻ റോഡ് എന്നിവയുൾപ്പെടെ നിരവധി പ്രധാന റോഡുകളും മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും കാരണം അടച്ചിട്ടിരിക്കുകയാണ്.

ദോഡ, അനന്തനാഗ്, ലഡാക്ക് എന്നിവിടങ്ങളും മുഴുവനായും മഞ്ഞ് മൂടിയ നിലയിലാണ്.
ബനിഹാൽ മുതൽ റംബാൻ വരെയുള്ള നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലഡാക്കിലും കനത്ത മഞ്ഞ് വീഴ്ചയാണ് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കനത്ത മഴയും പെയ്തു. തെക്കൻ കശ്മീരിലെ കുൽഗാമിൽ 23.0 മില്ലിമീറ്ററും, ഗന്ദർബാലിൽ 18.5 മില്ലിമീറ്ററും, പുൽവാമയിൽ 15.0 മില്ലിമീറ്ററും മഴ ലഭിച്ചതായാണ് ശ്രീനഗറിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്.

SCROLL FOR NEXT