NEWSROOM

'കൊലപാതകിക്ക് കൈ കൊടുക്കരുത്, എന്തെന്നാല്‍ പാര്‍ട്ടി ഒരു കൊടി സുനിയല്ല': സിപിഎം വിമർശനവുമായി രിസാല

പെരിയ ഇരട്ട കൊലപാതകത്തിൽ സിപിഎം നേതാക്കളുടെ പങ്ക് രാജ്മോഹൻ ഉണ്ണിത്താന്റെ വിജയത്തിന് കാരണമായി എന്നും രിസാല ലേഖനത്തിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

രാഷ്ട്രീയ കൊലപാതകങ്ങളിൽ സിപിഎം വിമർശനവുമായി എസ്എസ്എഫ് (സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍)  മുഖമാസിക രിസാല. പെരിയയിലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തെ മുൻനിർത്തിയായിരുന്നു വിമർശനം. പെരിയ ഇരട്ട കൊലപാതകത്തിൽ സിപിഎം നേതാക്കളുടെ പങ്ക് രാജ്മോഹൻ ഉണ്ണിത്താന്റെ വിജയത്തിന് കാരണമായി എന്നും രിസാല ലേഖനത്തിൽ പറയുന്നു. പെരിയക്കേസിൽ ശിക്ഷിക്കപ്പെട്ട 14 പേരിൽ ആറ് പേർ സിപിഎം നേതാക്കളായിരുന്നു.

പെരിയയിലെ നാട്ടുകാര്‍ക്ക് പകല്‍ പോലെ സുവ്യക്തമായിരുന്ന സത്യങ്ങള്‍ സിബിഐ ആധികാരികമായി കണ്ടെത്തി. സിബിഐ വരാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ തന്ത്രവും പയറ്റി. 1.14 കോടി രൂപ ചെലവഴിച്ചു. സി ബി ഐയോട് സംസ്ഥാന പൊലീസ് പലവട്ടം മുഖംവെട്ടിച്ചു. പക്ഷേ, സത്യത്തിലേക്ക് അവര്‍ സുഗമമായി എത്തി. കാരണം സത്യം സിബിഐക്ക് മുന്നേ നാട്ടുകാര്‍ക്ക് അറിയുമായിരുന്നു. എ പീതാംബരനാണ് ഒന്നാം പ്രതി. പീതാംബരന്‍ സിപിഎമ്മിന്റെ നേതാവാണ്. കൊലയില്‍ പങ്കെടുത്ത എട്ട് പ്രതികളും സിപിഎംകാരാണ്-  ലേഖനത്തില്‍ പറയുന്നു. 

പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം രണ്ടുതവണ ശിക്ഷിക്കപ്പെട്ടുവെന്നും ലേഖനം ചൂണ്ടിക്കാട്ടി. ആദ്യതവണ കാസർ​ഗോഡുള്ള ജനങ്ങൾ നേരിട്ട് ശിക്ഷിച്ചു. പ്രധാനപ്പെട്ട നേതാക്കൾ കുറ്റക്കാരെന്ന് കണ്ടെത്തിയ സിബിഐ കോടതി വിധിയാണ് സിപിഎമ്മിന് ഏറ്റ രണ്ടാം പ്രഹാരം. ടി.പി. ചന്ദ്രശേഖരന്റെ വധം കേരളത്തിലെ അക്രമ രാഷ്ട്രീയത്തിനുള്ള തിരുത്തൽ അവസരം ആയിരുന്നു എന്നും രിസാലാ ലേഖനം ചൂണ്ടിക്കാട്ടുന്നു.

ടി.പി. ചന്ദ്രശേഖരന്റെ വധത്തിനുശേഷം സിപിഎമ്മിന് സാമൂഹ്യമായി തല ഉയർത്താൻ കഴിഞ്ഞിട്ടില്ല. പാർട്ടിക്കുവേണ്ടി കൊല്ലുന്നത് അടഞ്ഞ കാലത്തെ വിപ്ലവമായി തോന്നും. കണ്ണൂരിലെ പഴയ രാഷ്ട്രീയ കൊലപാതകങ്ങളുടെ പിന്നാമ്പുറ കഥകൾ ഇപ്പോൾ പരസ്യമാണെന്നും ലേഖനം പരിഹസിക്കുന്നു. എസ്എഫ്ഐ യൂണിറ്റ് നേതാവ് മുതൽ സംസ്ഥാന സെക്രട്ടറി വരെ സംസാരിക്കുന്ന ഭാഷയ്ക്ക് കുഴപ്പമുണ്ട്. വെല്ലുവിളിയുടെ ഭാഷ സംസാരിക്കുന്നത് ആരായാലും അവരെ ഒറ്റപ്പെടുത്തണമെന്നും രിസാല ലേഖനം പറയുന്നു.

ആ ഭാഷ പരിഷ്കൃതമല്ല. പ്രാകൃത ​ഗോത്രനീതിയുടെ ഭാഷയാണ്....ഭാഷ സ്വഭാവത്തിന്റെ മാതാവാണ്. ഭീഷണിയുടെ സ്വരം മാതൃഭാഷയാക്കിയവർക്ക് കൊല്ലാൻ എളുപ്പമാണ്. അവരെ കേരളത്തിന് ആവശ്യമില്ല... കൊലപാതകിക്ക് കൈ കൊടുക്കുന്ന കൊടി സുനിമാരെ നാം ഇന്നലെ കണ്ടു. ഒരു പാര്‍ട്ടി മൊത്തം കൊടി സുനി ആവരുത് - ലേഖനത്തിൽ പറയുന്നു.

2019 ഫെബ്രുവരി 17ന് വൈകുന്നേരും ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപ്പാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെടുന്നത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് വർഷം നീണ്ട വിചാരണയ്‌ക്കൊടുവിൽ 24 പേർ പ്രതിയായ കേസിൽ ഉദുമ മുൻ എംഎൽഎ അടക്കം 14 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇതിൽ പത്ത് പേർക്ക് ഇരട്ട ജീവപര്യന്തവും നാല് പേർക്ക് അഞ്ചു വർഷം തടവുമാണ് കോടതി വിധിച്ചത്.

ശിക്ഷിക്കപ്പെട്ട 14 പേരില്‍ നാല് പേർ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് ഇരുപതാം പ്രതി കെ.വി. കുഞ്ഞിരാമന്‍. അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട കെ. മണികണ്ഠന്‍ ഡി.വൈ.എഫ്.ഐ നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ്. മറ്റൊരു പ്രതിയായ രാഘവന്‍ വെളുത്തോളി പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറിയാണ്.

SCROLL FOR NEXT