കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികളും ജീവനക്കാരും ദുരിതത്തില്‍. ഗുരുതര പരുക്കേറ്റ് എത്തുന്നവർ പോലും ചികിത്സക്കായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണുള്ളത്. ആശുപത്രിയിലെ സ്ഥല സൗകര്യങ്ങൾ വർധിച്ചെങ്കിലും ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാത്തതാണ് ഇതിന് കാരണം. രോഗികൾ ദുരിതത്തിലാകുന്നതിന് പുറമെ ആശുപത്രി ജീവനക്കാരുടെ ജോലി ഭാരവും ഇരട്ടിയാകുകയാണ്.
അപകടങ്ങളിൽ പരുക്കേറ്റും മറ്റ് അസുഖങ്ങളുമായും ദിവസേന മൂവായിരത്തിലധികം ആളുകളാണ് പല ജില്ലകളിൽ നിന്നായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്നത്. എന്നാൽ പലർക്കും കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നില്ലെന്നാണ് പരാതി. ആശുപത്രിയ്ക്ക് അനുബന്ധമായി ഒട്ടേറെ കെട്ടിടങ്ങൾ വന്നതോടെ ആശുപത്രിയുടെ സ്ഥല സൗകര്യം വിവിധയിടങ്ങളിൽ വർധിച്ചെങ്കിലും അഞ്ചിലൊന്ന് ജീവനക്കാരുമായാണ് മലബാർ മേഖലയിലെ പ്രധാന ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്.
ALSO READ : ആഗോള പട്ടിണി സൂചിക 2024: 127 രാജ്യങ്ങളില്‍ ഇന്ത്യ 105-ാമത്
സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കും, PMSSY സർജിക്കൽ സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കും കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ചെങ്കിലും, പ്രധാന ആശുപത്രിയിൽ നിന്ന് ജീവനക്കാരെ പകുത്തു നൽകുകയാണുണ്ടായത്. താത്കാലിക ജീവനക്കാരെ നിയമിച്ചാണ് ആശുപത്രിയിലെ പല വിഭാഗങ്ങളും മുന്നോട്ട് പോകുന്നത്. സീനിയർ റസിഡൻ്റ് ഡോക്ടർമാർ കൂടെ ഇറങ്ങിയതോടെ ശസ്ത്രക്രിയകളടക്കം നീണ്ടുപോകുന്ന അവസ്ഥയുമുണ്ട്.
ജീവനക്കാരുടെ കുറവ് മൂലം നിലവിലുള്ള ജീവനക്കാരുടെ ജോലി ഭാരം ഇരട്ടിയാകുകയാണ്. ഡോക്ടർമാർക്ക് താങ്ങാൻ കഴിയുന്നതിലും അധികം രോഗികൾ എത്തുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ മുഴുവൻ പ്രവർത്തനത്തെയും ഇത് പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു.