എറണാകുളം കടവന്ത്രയിൽ പഴകിയ ഭക്ഷണം പിടികൂടി. വന്ദേഭാരത് എക്‌സ്പ്രസിൽ വിതരണം ചെയ്യാനുള്ള ഭക്ഷണമാണ് പിടികൂടിയത്. സമാന പരാതികൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും സ്ഥാപനം അടച്ച് പൂട്ടാൻ തീരുമാനമായെന്നും ഫുഡ് ഇൻസ്പെക്ടർ പറഞ്ഞു.
ഇന്നലെ രാത്രിയോടെ പൊതുജനങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഫുഡ് ഇൻസ്പെക്ടർ ന്യൂസ് മലയാളത്തോട് പറഞ്ഞു. പ്രദേശത്ത് കനത്ത ദുർഗന്ധം അനുഭവപ്പെട്ടതോടെയായിരുന്നു നാട്ടുകാർ പരാതി നൽകിയത്. സ്ഥാപനത്തിന്റെ മാലിന്യം അടുത്തുള്ള തോടുകളിലേക്കാണ് ഒഴുക്കുന്നതെന്നും സഹിക്കാൻ കഴിയാത്ത ഗന്ധമാണെന്നും കോർപ്പറേഷൻ കൗൺസിലർ പറഞ്ഞു.
റെയിൽവേ സ്റ്റേഷനുകളിലേക്കാണ് ഈ ഭക്ഷണം എത്തിക്കാറെന്ന് കരാർ ഡ്രൈവർ ഉദയകുമാർ പറയുന്നു. ഒരു ദിവസം ആറ് തവണ ഇവിടെ നിന്നും ഭക്ഷണം കൊണ്ടുപോകാറുണ്ട്. കോർപ്പറേൻ്റെ നിർദേശങ്ങൾ പാലിക്കാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഇതോടെ സ്ഥാപനം അടച്ചുപൂട്ടാൻ തീരുമാനമായി.