കൊല്ലപ്പെട്ട ബിഎസ്‌പി അധ്യക്ഷൻ ആംസ്ട്രോങ്ങ് 
NEWSROOM

തമിഴ്‌നാട് ബിഎസ്‌പി അധ്യക്ഷൻ്റെ കൊലപാതകത്തിന് ഉത്തരവാദി സ്റ്റാലിൻ; ആരോപണവുമായി ബിജെപി ദേശീയ നേതൃത്വം

ബിഎസ്‌പി നേതാവിൻ്റെ കൊലപാതകത്തിൽ രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും മൗനത്തിലാണെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെ വാല ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടിൽ ദളിത് കൊലപാതകങ്ങൾ തുടർക്കഥയെന്ന് ബിജെപി. ബിഎസ്‌പി അധ്യക്ഷൻ ആംസ്ട്രോങ്ങിൻ്റെ കൊലപാതകം ഏറ്റവും ഒടുവിലത്തേതെന്നും ബിജെപി ദേശീയ നേതൃത്വം പറഞ്ഞു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്റ്റാലിൻ തന്നെയാണ് കൊലപാതകത്തിൻ്റെ ഉത്തരവാദിത്തമെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെ വാല പറഞ്ഞു. ബിഎസ്പി നേതാവിൻ്റെ കൊലപാതകത്തിൽ രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും മൗനത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ, ആംസ്ട്രോങ്ങിൻ്റെ കൊലയ്ക്ക് പിന്നിൽ മുൻവൈരാഗ്യമാണെന്നാണ് സൂചന. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ആർക്കോട്ട് സുരേഷിൻ്റെ കൊലപാതകത്തിന് പ്രതികാരം ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സുരേഷിൻ്റെ സഹോദരനും കൂട്ടാളികളും ഉൾപ്പെടെ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് ഏഴരയ്ക്കാണ് ബിഎസ്‌പി അധ്യക്ഷൻ ആംസ്ട്രോങ്ങിനെ ബൈക്കുകളിലെത്തിയ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പെരമ്പൂരിനടുത്ത് സെംബിയത്തുള്ള കെട്ടിടത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയായിരുന്നു ആംസ്‌ട്രോങും പാർട്ടി പ്രവർത്തകരും. ഈ സമയം ഫുഡ് ഡെലിവറി ഏജൻ്റിൻ്റെ വേഷത്തിലെത്തിയ സംഘം ആംസ്ട്രോങ്ങിനെ വളഞ്ഞ് അരിവാളും വെട്ടുകത്തിയും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

SCROLL FOR NEXT