ബോയിംഗിൻ്റെ സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം 9.37 ന് ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ് സ്പെയ്സ് ഹാർബറിലാണ് പേടകം ലാൻഡ് ചെയ്തത്. പുലർച്ചെ മൂന്നരയോടെയായിരുന്നു പേടകം ബഹിരാകാശ നിലയത്തിൽ നിന്നും വേർപ്പെട്ടത്.
2024 ജൂൺ അഞ്ചിനാണ് സുനിത വില്യംസും ബച്ച് വിൽമോറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. നാസയും സ്വകാര്യ കമ്പനിയായ ബോയിംഗും സഹകരിച്ചുള്ള ആദ്യ യാത്ര. ബഹിരാകാശ യാത്രികര്‍ക്ക് സുഖകരമായ യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് രൂപകല്‍പ്പന ചെയ്ത പേടകമായിരുന്നു ബോയിങ് സ്റ്റാര്‍ലൈനര്‍. എന്നാൽ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ തകരാറും ഹീലിയം ചോർച്ചയും ദൗത്യം അനിശ്ചിതമായി നീളുവാൻ കാരണമായി. തുടർച്ചയായി പ്രതിസന്ധികൾ നേരിട്ട ഈ ദൗത്യത്തിന്റെ വിക്ഷേപണവും രണ്ടു തവണ മാറ്റി വെക്കേണ്ടി വന്നിരുന്നു.
ത്രസ്റ്ററുകളിലെ പ്രശ്നം പരിഹരിച്ച് ഇരുവരേയും സ്റ്റാർലൈനറിൽ തന്നെ തിരിച്ചെത്തിക്കാൻ നാസ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേ പേടകത്തിൽ തന്നെ തിരിച്ചെത്തിക്കുവാൻ ശ്രമിച്ചാൽ ജീവൻ അപകടത്തിലായേക്കും എന്ന ആശങ്കയെത്തുടർന്നാണ് സ്റ്റാർലൈനർ മാത്രം ഭൂമിയിലേക്ക് മടങ്ങിയത്. ഒടുവിൽ, ഇരുവരേയും 2025 ഫെബ്രുവരിയിൽ ഇലോൺ മസ്കിൻ്റെ സ്പേസ് ഡ്രാഗൺ പേടകത്തിൽ തിരിച്ചെത്തിക്കുവാനാണ് നാസ തീരുമാനിച്ചിരിക്കുന്നത്.