NEWSROOM

'ബ്ലോക്ബസ്റ്റര്‍, പത്ത് മടങ്ങ് വലിയ എമ്പുരാന്‍'; ട്രെയ്‌ലറിന് അഭിനന്ദന പ്രവാഹവുമായി താരങ്ങള്‍

മാര്‍ച്ച് 27ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ബുക്കിങ് മാര്‍ച്ച് 21ന് രാവിലെ 9 മണി മുതല്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്



പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാന്റെ ട്രെയ്‌ലര്‍ ഒടുവില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് റിലീസ് ചെയ്യാനിരുന്ന ട്രെയ്‌ലര്‍ ലീക്കായതിനെ തുടര്‍ന്ന് പുലര്‍ച്ചെ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. റിലീസ് ചെയ്ത നിമിഷങ്ങള്‍ക്കകം തന്നെ ട്രെയ്‌ലര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറിനെ പ്രശംസിച്ചുകൊണ്ട് സിനിമ മേഖലയിലെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സംവിധായകരായ എസ്എസ് രാജമൗലി, രാം ഗോപാല്‍ വര്‍മ്മ, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്, അമിതാബ് ബച്ചന്‍, കൂടാതെ മലയാളത്തിലെ നിരവധി താരങ്ങളും അഭിനന്ദനവും ആശംസയും അറിയിച്ചിട്ടുണ്ട്. പൃഥ്വിരാജ് എല്ലാവര്‍ക്കും തന്റെ എക്‌സ് അക്കൗണ്ടിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.

പ്രിയപ്പെട്ട മോഹന്‍ലാലിന്റെയും പൃഥ്വിയുടെയും സിനിമയ്ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് രജനികാന്ത് ട്രെയ്‌ലര്‍ പങ്കുവെച്ച് കുറിച്ചത്. രാജമൗലി ചിത്രം ബ്ലോക്ബസ്റ്റര്‍ ആയിരിക്കുമെന്ന് പറഞ്ഞു. രാം ഗോപാല്‍ വര്‍മ്മ ട്രെയ്‌ലറിലെ അവസാന ഷോട്ട് ഗംഭീരമാണെന്നും സിനിമ പത്ത് മടങ്ങ് വലുതാണെന്നും അഭിപ്രായപ്പെട്ടു. മാര്‍ച്ച് 27ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ബുക്കിങ് മാര്‍ച്ച് 21ന് രാവിലെ 9 മണി മുതല്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റര്‍നാഷണല്‍ അപ്പീലാണ്.

2023 ഒക്ടോബര്‍ 5 ന് ഫരീദാബാദില്‍ ചിത്രീകരണം ആരംഭിച്ച എമ്പുരാന്‍, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിര്‍വഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹന്‍ദാസ് കലാസംവിധാനം നിര്‍വഹിച്ച ചിത്രത്തിന് ആക്ഷന്‍ ഒരുക്കിയത് സ്റ്റണ്ട് സില്‍വയാണ്. നിര്‍മ്മല്‍ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടര്‍. പൂര്‍ണ്ണമായും അനാമോര്‍ഫിക് ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോര്‍മാറ്റില്‍ തന്നെയാവും ഒരുക്കുക എന്നും സംവിധായകന്‍ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.

SCROLL FOR NEXT