NEWSROOM

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളി സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക്

നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈടായി നൽകിയ പ്രമാണങ്ങൾ വായ്പക്കാർക്ക് തിരികെ നൽകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്


വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളുമെന്ന് സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് അറിയിച്ചു. 52 കുടുംബങ്ങൾ ഒരു കോടിയോളം രൂപ ബാങ്കിൽ നിന്ന് വായ്പയായി എടുത്തിട്ടുണ്ട്. സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് സി.കെ. ഷാജി മോഹനാണ്‌ ഇക്കാര്യം അറിയിച്ചത്.

വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്ന് എടുത്തിട്ടുള്ള വായ്പകളാണ് എഴുതിത്തള്ളുന്നത്. 42 കാർഷിക വായ്പകളും ഇരുപത്തിയൊന്ന് റൂറൽ ഹൗസിങ് വായ്പകളും ഒരു കാർഷികേതര വായ്പയും ചേർന്ന് 64 വായ്പകളാണ് ആകെയുള്ളത്. ഒരു മാസത്തിനകം ഈ വായ്‌പകൾ എഴുതിത്തള്ളാനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും ദുരന്ത ബാധിതർക്ക്‌ ധനസഹായം നൽകുമെന്നും ബാങ്ക്‌ അധികൃതർ അറിയിച്ചു. ബാങ്ക് ഇതിനോടകം 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്.

ALSO READ: ചൂരൽമല ദുരന്തം: ദുരന്ത ബാധിതരുടെ വായ്പകൾ എഴുതിത്തള്ളി കേരളബാങ്ക്

കേരള ബാങ്ക് നേരത്തെ ദുരിതബാധിതരുടെ വായ്പകൾ എഴുതി തള്ളിയിരുന്നു. ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും, ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളാണ് ബാങ്ക് തള്ളിയത്. ഒപ്പം കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ വായ്പകൾ എഴുതിത്തള്ളുവാൻ ആവശ്യപ്പെട്ട് ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും കത്തയക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഒട്ടേറെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ക്യംപിൽ കഴിയുന്നവരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി ഉയർന്നിരുന്നു. പരാതി ലഭിക്കുകയാണെങ്കിൽ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.

SCROLL FOR NEXT