76ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ദേശീയ പതാക ഉയർത്തി. ഗവർണർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മന്ത്രിമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നിയമസഭയിൽ സ്പീക്കർ എ.എൻ. ഷംസീറും, രാജ്ഭവനിൽ ഗവർണറും ദേശീയ പാതകയുയർത്തി. വിവധ ജില്ലകളിലായി പതാകയുയർത്തിയ മന്ത്രിമാർ, റിപ്പബ്ലിക്ക് ദിന സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു.
വയനാട്ടിൽ വനമന്ത്രി എ.കെ.ശശീന്ദ്രനാണ് ദേശീയ പതാക ഉയർത്തിയത്. മന്ത്രിമാരായ പി. പ്രസാദ്, കെ.ബി. ഗണേഷ് കുമാർ, മുഹമ്മദ് റിയാസ്, കെ. രാജൻ എന്നവരും പതാക ഉയർത്തി സംസാരിച്ചു. ആദിവാസി, ദളിത് വിഭാഗങ്ങളേയും പിന്നാക്കം നിൽക്കുന്നവരേയും മുന്നോട്ട് കൊണ്ടുവരണമെന്ന് റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. ഗാന്ധിജിയും നെഹ്റുവും ചിന്തിച്ച മാതൃകാ രാജ്യമായി ഇന്ത്യ മാറണം. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും രാജ്യം തീവ്രവാദ ഭീഷണി നേരിടുന്നെന്നും മന്ത്രി പറഞ്ഞു.
ഭരണഘടന സംരക്ഷിക്കുന്ന നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് പ്രതിജ്ഞ ചെയ്യാമെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു മന്ത്രി മുഹമ്മദ് റിയാസിൻ്റെ റിപ്പബ്ലിക് ദിന സന്ദേശം. ഭരണഘടനയെ തകർക്കാനുള്ള നീക്കം രാജ്യത്തെ പിന്നോട്ട് അടിക്കും. മാനവിക മൂല്യങ്ങളാണ് നമ്മുടെ കരുത്ത്. നാനാത്വത്തിൽ ഏകത്വം ഇന്ത്യ ലോകത്തിൽ നൽകിയ അമൂല്യ സംഭാവനയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭരണഘടന സംരക്ഷണം ഓരോ പൗരൻ്റെയും ഉത്തരവാദിത്വമാണെന്ന് തൃശൂരിൽ പതാക ഉയർത്തിക്കൊണ്ട് മന്ത്രി കെ. രാജൻ പറഞ്ഞു. ബഹുസ്വരതയും ഫെഡറൽ മൂല്യങ്ങളും ഉയർത്തി പിടിച്ചുള്ള മുന്നേറ്റമാണ് വേണ്ടത്. കേന്ദ്ര സർക്കാർ കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയിൽ ക്രിയാത്മകമായി ഇടപെടണം. മതേതരത്വത്തിന് ഒരു പോറൽ പോലും ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും പി. പ്രസാദ് പറഞ്ഞു.
സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക് ദേശീയ പതാക ഉയർത്താൻ സാധിച്ചത് രാജ്യത്ത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമാണെന്നായിരുന്നു മന്ത്രി പി. പ്രസാദിൻ്റെ പ്രസ്താവന. ഭരണഘടനയാണ് ഓരോ പൗരന്റെയും ആത്മാഭിമാനത്തെ ഉയർത്തി പിടിക്കുന്നത്. വർഗീയതയും വിഭാഗീയതയും മാറ്റി നിർത്തണമെന്ന സന്ദേശത്തിനൊപ്പം അണിചേരണമെന്നും മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നൽകി.