NEWSROOM

'അമിത് ഷായുടെ പരാമർശത്തിൽ വ്യക്തത വരുത്തേണ്ടത് കേരളം'; വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും വേണുഗോപാൽ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ഒരാഴ്ച മുൻപേ മുന്നറിയിപ്പ് നൽകിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദത്തിൽ വ്യക്തത വരുത്തേണ്ടത് സംസ്ഥാന സർക്കാരെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാജ്യത്തെ നടുക്കിയ ദുരന്തമാണ് ചൂരൽമലയിലേതെന്നും ജനറൽ സെക്രട്ടറി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും, ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും വേണുഗോപാൽ വ്യക്തമാക്കി.

വിഷയത്തിൽ കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയ്യാറായതിൽ സന്തോഷമുണ്ട്. അപകടത്തിന് ഒരാഴ്ച മുൻപേ കേന്ദ്രം മുന്നറിയിപ്പ് നൽകിയെന്നതിൽ വ്യക്തത വരുത്തേണ്ടത് സംസ്ഥാന സർക്കാരാണ്. ഇതിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ എന്ത് നടപടി സ്വീകരിച്ചു എന്നതിലും വിവരങ്ങൾ ലഭ്യമാക്കണം. ഇത് രാഷ്ട്രീയവത്കരിക്കേണ്ട വിഷയമല്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ഉരുൾപൊട്ടൽ സാധ്യതയെക്കുറിച്ച് കേരള സർക്കാരിന് ഒരാഴ്ച മുന്‍പെ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അവകാശവാദം. എന്നാല്‍ മുന്നറിയിപ്പ് കേരള സര്‍ക്കാര്‍ കണക്കിലെടുത്തില്ലെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ കേരളത്തിൽ നടക്കുന്നുവെന്ന് കാട്ടി ബിജെപി അംഗം തേജസ്വി സൂര്യ നടത്തിയ വിമർശനത്തെ കെ.സി. വേണുഗോപാൽ തള്ളി. അപകടത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഇത് രക്ഷാപ്രവർത്തനത്തിനുള്ള സമയമാണെന്നും എംപി വ്യക്തമാക്കി.പശ്ചിമഘട്ടത്തിലെ അനധികൃത നിര്‍മാണങ്ങളാണ് അപകടങ്ങള്‍ക്ക് കാരണമായെതെന്നും, ഇതിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു ബിജെപി എംപിയുടെ വാദം.

SCROLL FOR NEXT