NEWSROOM

ആശമാരുടെ സമരപ്പന്തൽ സന്ദർശിച്ചു; INTUC നേതാക്കളെ തള്ളി സംസ്ഥാന നേതൃത്വം

അഖിലേന്ത്യ സെക്രട്ടറി കെ. പി. ഹരിദാസ് സമരപ്പന്തലിൽ എത്തിയത് സംസ്ഥാന സംഘടനയുടെ അറിവോടെയല്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ആശാ വർക്കേഴ്‌സ് അസോസിയേഷൻ്റെ സമരപ്പന്തൽ സന്ദർശിച്ച ഐഎൻടിയുസി നേതാക്കളെ തള്ളി സംസ്ഥാന നേതൃത്വം. അഖിലേന്ത്യ സെക്രട്ടറി കെ. പി. ഹരിദാസ് സമരപ്പന്തലിൽ എത്തിയത് സംസ്ഥാന സംഘടനയുടെ അറിവോടെയല്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ വ്യക്തമാക്കി. ആശ വർക്കേഴ്സ് അസോസിയേഷൻ്റെ സമരത്തെ തള്ളുന്നില്ലെന്നും എന്നാൽ ഐഎൻടിയുസിയുടെ സമരം കേന്ദ്രസർക്കാരിന് എതിരെ കൂടിയാകുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.



ആശ വർക്കേഴ്സ് അസോസിയേഷൻ തിരുവനന്തപുരത്ത് നടത്തിവരുന്ന സമരത്തിന് കോണ്‍ഗ്രസിൻ്റെ തൊഴിലാളി സംഘടനയായ ഐഎൻടിയുസിയുടെ പിന്തുണ പോലുമില്ലെന്നാണ് മന്ത്രി എം. ബി. രാജേഷ് കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. മന്ത്രിയുടെ പ്രസ്താവന വന്ന് ഒരു ദിവസം പിന്നിടുമ്പോഴാണ് ഐഎൻടിയുസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിൻ ഫ്രീ ട്രേഡ് ജനറൽ വർക്കേഴ്സ് യൂണിയൻ നേതാക്കള്‍ സമരപ്പന്തലിൽ എത്തിയത്. സംഘടനയുടെ ദേശീയ സെക്രട്ടറി കെ പി ഹരിദാസും പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇത് സംസ്ഥാന നേതൃത്വത്തിന്റെയോ ട്രേഡ് യൂണിയന്റേയോ അറിവോടെയല്ല എന്നാണ് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖരൻ പറയുന്നത്.


ALSO READആശമാരുടെ നിരാഹാര സമരം; ആരോഗ്യനില വഷളായ ഷീജയെ ആശുപത്രിയിലേക്ക് മാറ്റി

വിഷയത്തിൽ ഭിന്നാഭിപ്രായമാണ് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് പരസ്യമായി പ്രകടിപ്പിക്കുന്നത്. സമരത്തെ തള്ളുന്നില്ലെന്ന് പറയുമ്പോഴും സമരത്തിന് ഐഎൻടിയുസിയുടെ പിന്തുണയില്ലെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കി. ഐഎൻടിയുസിയുടെ സമരം കേന്ദ്രസർക്കാരിന് എതിരെ കൂടിയാകുമെന്നും ആർ.ചന്ദ്രശേഖരൻ. കോണ്‍ഗ്രസിൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും ആശ വർക്കേഴ്സ് അസോസിയേഷൻ്റെ സമരത്തിന് പൂർണ പിന്തുണ നൽകുമ്പോഴാണ് ഐഎൻടിയുസി ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നത്.

SCROLL FOR NEXT