NEWSROOM

സംസ്ഥാന സ്കൂൾ കായികമേള: നാളെ കൊടിയിറക്കം, ഓവറോൾ ചാമ്പ്യന്മാരായി തിരുവനന്തപുരം

ഗെയിംസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 1,213 പോയിന്റുമായാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാന സ്കൂൾ കായികമേളയിൽ കടകശ്ശേരി ഐഡിയൽ സ്കൂൾ അത്‌ലറ്റിക് ചാമ്പ്യന്മാർ കിരീടമുറപ്പിച്ചു. മേളയ്ക്ക് കൊടിയിറങ്ങാൻ ഒരു ദിവസം ബാക്കിനിൽക്കെ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. അവസാന ദിവസമായ നാളെ 31 ഫൈനലുകൾ നടക്കും.

മേളയുടെ ഏഴാം ദിനം 31 ഫൈനലുകളാണ് നടന്നത്. ഗെയിംസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 1,213 പോയിന്റുമായി തിരുവനന്തപുരം ചാമ്പ്യന്മാരായി. 114 സ്വർണം അടക്കം നേടിയാണ് നേട്ടം. അക്വാട്ടിക്സിലും തിരുവനന്തപുരം ചാമ്പ്യന്മാരായിരുന്നു. അതേസമയം, അത്‌ലറ്റിക് കിരീടത്തിനായി മലപ്പുറവും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്.

സ്കൂളുകളിൽ മാർ ബേസിലിനെ പിന്തള്ളി കടകശ്ശേരി അതിവേഗം കുതിച്ചു. ഹാട്രിക് കിരീടനേട്ടമാണ് ഐഡിയൽ സ്കൂൾ ലക്ഷ്യമിടുന്നത്. 96ൽ 78 മത്സരങ്ങളും അത്‌ലറ്റിക്സിൽ പൂർത്തിയായി. 38 പോയിന്റ് ഉള്ള മാർ ബേസിലിന് പരമാവധി മൂന്നിനങ്ങളിലാണ് മെഡൽ പ്രതീക്ഷയുള്ളത്. ഇവയിൽ ആദ്യം എത്തിയാലും മറികടക്കാൻ കഴിയില്ല.

ഏഴാം ദിവസം മേളയിലെ ആദ്യ ട്രിപ്പിൾ സ്വർണ്ണം പാലക്കാടിന്റെ അമൃത് സ്വന്തമാക്കി. ദേശീയ റെക്കോർഡിനെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ച കാസർഗോഡിന്റെ സെർവാൻ ഡിസ്കസ് ത്രോയിലും ഷോട്ട് പുട്ടിലും സർവാധിപത്യം പുലർത്തി. ഗ്ലാമർ ഇനങ്ങളായ റിലേ മത്സരങ്ങളും അവസാനിച്ചു. നാളെയാണ് മേളയുടെ കൊടിയിറക്കം. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ചാമ്പ്യന്മാർക്ക് കിരീടം സമ്മാനിക്കും.

സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനത്തോടനുബന്ധിച്ച്, എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

SCROLL FOR NEXT