NEWSROOM

സൈബര്‍ ആക്രമണം: അര്‍ജുന്റെ കുടുംബത്തിന്റെ മൊഴിയെടുത്തു; മനാഫിനെ ചോദ്യം ചെയ്യും

മനാഫിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു

Author : ന്യൂസ് ഡെസ്ക്

സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപ്പിച്ചെന്ന പരാതിയില്‍ അര്‍ജുന്റെ കുടുംബത്തിന്റെ മൊഴിയെടുത്തു. മെഡിക്കല്‍ കോളേജ് എസിപി ഉമേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു മൊഴിയെടുപ്പ്. പരാതിയില്‍ മനാഫിനെ ഉടന്‍ ചോദ്യം ചെയ്യും.

കുടുംബത്തിന്റെ പരാതിയില്‍ മനാഫിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് അര്‍ജുന്റെ സഹോദരി അഞ്ജു സൈബര്‍ ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

വൈകാരികതയെ ചിലര്‍ ചൂഷണം ചെയ്യുന്നുവെന്നും, സമൂഹ മാധ്യമങ്ങളില്‍ സൈബര്‍ അറ്റാക്ക് നേരിടുന്നുവെന്നും ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അര്‍ജുന്റെ കുടുംബം ഉന്നയിച്ചിരുന്നു. ഷിരൂരിലെ തെരച്ചില്‍ സമയത്ത് കുടുംബത്തിന്റെ വൈകാരികത മുതലെടുത്ത് അപകീര്‍ത്തിപ്പെടുത്തിയെന്നതാണ് മനാഫിനെതിരെയുള്ള മുഖ്യ ആരോപണം. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.


അര്‍ജുന്റെ ചിത്രം ഉപയോഗിച്ച് ലോറി ഉടമ മനാഫ് എന്ന പേരില്‍ ഇയാള്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇത് വഴി അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. കുടുംബം പത്രസമ്മേളനത്തിലൂടെ നടത്തിയ പ്രസ്താവനകളെ വെച്ച് സൈബര്‍ അറ്റാക്ക് നടത്താനും, സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്താനും മനാഫ് കാരണക്കാരനായെന്നും പരാതിയില്‍ പറയുന്നു.


എന്നാല്‍, കുടുംബത്തെ താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നുമായിരുന്നു മനാഫിന്റെ പ്രതികരണം. കേസില്‍ കുടുക്കിയാലും ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും മനാഫ് വൈകാരികമായി പ്രതികരിച്ചിരുന്നു.

ജനങ്ങളുടെ വികാരം തന്റെ നിയന്ത്രണത്തിലല്ല. അര്‍ജുന്റെ കുടംബത്തെ ആക്രമിക്കരുതെന്നാണ് സമൂഹത്തോട് ആവശ്യപ്പെട്ടത്. അര്‍ജുനെ കാണാതായത് മുതല്‍ കുടുംബത്തിന് അനുകൂലമായാണ് നില്‍ക്കുന്നത്. ഇപ്പോള്‍ കേസെടുത്തിരിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ലെന്നും മനാഫ് പറയുന്നു.

SCROLL FOR NEXT